ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  (VATICAN MEDIA Divisione Foto)

ലഹരിയെന്ന വിപത്തും തകർക്കപ്പെടുന്ന മനുഷ്യാന്തസ്സും

അന്താരാഷ്ട്രലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് 2024 ജൂൺ 26-ആം തീയതി ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തെ ആധാരമാക്കിയ വിചിന്തനം.
ലഹരിയെന്ന വിപത്തും തകർക്കപ്പെടുന്ന മനുഷ്യാന്തസ്സും - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മാനസികമായും ശാരീരികമായും സന്തോഷവും, പ്രസരിപ്പും, ആവേശവുമൊക്കെ നൽകുന്ന രീതിയിൽ, കേന്ദ്രനാഡീവ്യൂഹത്തിൽ ഇടപെട്ട് ബോധാവസ്ഥയിലും, ശരീരത്തിലും മാറ്റങ്ങൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രത്യേക ലഹരിപദാർത്ഥങ്ങൾ അമിതമായും തെറ്റായ രീതിയിലും ഉപയോഗിക്കുന്നതിനെ മയക്കുമരുന്നിന്റെ ദുരുപയോഗം എന്ന് നമുക്ക് പൊതുവെ വിശേഷിപ്പിക്കാം. ജീവിതത്തിലെ ദുഃഖങ്ങളും വേദനകളും താത്കാലികമായെങ്കിലും മറക്കാനുള്ള ഒരുപാധിയായാണ് ചിലർ ലഹരിമരുന്നുകളെ കാണുന്നത്. എന്നാൽ ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിഷേധിക്കാനാകാത്ത ഒരു തിന്മയാണ് മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം. പുകയില, വെറ്റില തുടങ്ങി മദ്യം വരെയും, കറുപ്പ്, കഞ്ചാവ് മുതൽ ബ്രൗൺഷുഗർ, എം.ഡി.എം.എ. വരെയും ഉള്ള വിവിധങ്ങളായ ലഹരിപദാർത്ഥങ്ങൾ എല്ലാം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ മനുഷ്യശരീരത്തിനും മനുഷ്യാന്തസ്സിനും  ദുഷ്‌ഫലങ്ങൾ ഉളവാക്കുകയും, അതുവഴി കുടുംബങ്ങളിലും സമൂഹങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുകയും ചെയ്യുന്നുണ്ട്. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളുകൾ പലപ്പോഴും സമൂഹത്തിൽ ക്രമസമാധാനം തകർക്കുകയും, സംഘടിതവും ഗുരുതരവുമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും, ദൂരവ്യാപകവും സങ്കീർണവുമായ ദുഷ്‌ഫലങ്ങൾക്ക് കാരണക്കാരാകുകയും ചെയ്യുന്നുണ്ട് എന്നതിനെക്കുറിച്ച് ആർക്കും തർക്കമുണ്ടാകില്ല. കുറച്ചുപേർക്ക് കോടിക്കണക്കിന് രൂപയുടെ ലാഭം നേടിക്കൊടുക്കുന്ന, എന്നാൽ ഇരകളാകുന്ന ലക്ഷക്കണക്കിന് ആളുകളുടെ പോക്കറ്റ് കാലിയാക്കുകയും, കുടുംബവും ജീവിതവും തകർക്കുകയും ചെയ്യുന്ന ഒരു മഹാമാരിയാണ് ലഹരിപദാർത്ഥങ്ങളുടെ ലോകം. അതുകൊണ്ടുതന്നെ ഇത്തരമൊരു തിന്മയെ ശരിയായ രീതിയിൽ പ്രതിരോധിക്കുന്നതിനും, ഇതിന്റെ ഇരകളായിത്തീർന്നവർക്ക് ചികിത്സയ്ക്കും, സാധാരണജീവിതത്തിലേക്കുള്ള തിരിച്ചുവരവിനും മുൻഗണന നൽകുന്നതിനും, ശാസ്ത്രീയമായ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപനം സ്വീകരിക്കേണ്ടത്, മെച്ചപ്പെട്ട ഒരു ലോകത്തിന് ആവശ്യമാണ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി, നിയമപരമായും, നിയന്ത്രിതമായും മനുഷ്യർക്ക് സഹായകരമാകുന്ന രീതിയിൽ, പ്രത്യേകിച്ച് ചികിത്സാരംഗത്ത് ചില മയക്കുമരുന്നുകളുടെ ശരിയായ രീതിയിലുള്ള ഉപയോഗം നടക്കുന്നുണ്ട് എന്നതും നാം ഓർത്തിരിക്കേണ്ട ഒന്നാണ്.

ലഹരിവിരുദ്ധദിനം

പല രാജ്യങ്ങളിലെയും സർക്കാരുകൾ മയക്കുമരുന്നുകളുടെയും, ലഹരിയുടെയും ഉൽപ്പാദനവും ഉപയോഗവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നല്ലൊരു ശതമാനം രാജ്യങ്ങളും ലഹരി എന്ന രീതിയിൽ മയക്കുമരുന്നുകളുടെ ഉപയോഗം നിരോധിച്ചിരിക്കുമ്പോൾ, ചില രാജ്യങ്ങൾ മയക്കുമരുന്നുകളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ ഉദാരമായ നയങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു രേഖ, ഇത്തരം വസ്തുക്കളുടെ ഉപയോഗം, അവയ്ക്കുള്ള അനുമതികൾ, അവയെക്കുറിച്ചുളള പഠനങ്ങൾ എന്നിവയുൾപ്പെടുന്ന കാര്യങ്ങളെ സംബന്ധിച്ച് 1961-ൽ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ "നാർക്കോട്ടിക് ഡ്രഗ്‌സിനെക്കുറിച്ചുള്ള ഉടമ്പടിയാണ്". പിന്നീട് 1972.ൽ ഈ രേഖയിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 2022-ലെ കണക്കുകൾ പ്രകാരം 186 രാജ്യങ്ങൾ ഈ ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്.

മനുഷ്യർ അനിയന്ത്രിതമായും സുരക്ഷമല്ലാത്ത രീതിയിലും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലെ തിന്മയും അത് വ്യക്തികളുടെ ശരീരത്തിലും മനസ്സിലും തുടങ്ങി, സമൂഹത്തിൽ മുഴുവൻ ഏൽപ്പിക്കുന്ന ദുഷ്‌ഫലങ്ങളും മനസ്സിലാക്കി ഐക്യരാഷ്ട്രസഭ 1987 ഡിസംബർ 8-ആം തീയതി 42/112 എന്ന നമ്പരിലുള്ള പ്രമേയത്തിലൂടെ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സ്ഥാപിക്കുകയുണ്ടായി. എല്ലാ വർഷവും ജൂൺ മാസം 26-ആം തീയതിയാണ് "മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനും, അനധികൃതകച്ചവടത്തിനും എതിരെയുള്ള അന്താരാഷ്ട്രദിനം" ആചരിക്കപ്പെടുന്നത്. മയക്കുമരുന്നുകളുടെ ദുരുപയോഗം, അനധികൃതമായ മയക്കുമരുന്ന് കച്ചവടം തുടങ്ങിയവയ്‌ക്കെതിരെ മാനവികതയിൽ ഒരു അവബോധം സൃഷ്ടിച്ചെടുക്കുക, ഇത്തരം വസ്തുക്കളുടെ ദുരുപയോഗത്തിൽനിന്ന് അന്താരാഷ്ട്രസമൂഹത്തെ സ്വതന്ത്രമാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു ദിനം സ്ഥാപിച്ചത്. മനുഷ്യന് ഉപകാരപ്രദമാകേണ്ട വസ്തുക്കളുടെ ദുരുപയോഗം നിരവധി ജീവനുകളെപ്പോലും ഇല്ലാതാക്കുകയും,മാനവികതയുടെ അന്തസ്സിനെ ചോദ്യം ചെയ്യുകയും, നിരവധിയായ സാമൂഹ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട് എന്ന് മനസ്സിലാകുന്നിടത്ത്, ഇത്തരമൊരു തിന്മയ്‌ക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യം വ്യക്തമാകും. സമാധാനപരമായും അന്തസ്സോടും കൂടി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ മാനിക്കുക, ലഹരി, മയക്കുമരുന്നുകളുടെ ഉപയോഗം സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ രംഗങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കിക്കാൻ സഹായിക്കുക എന്നിവയിൽ അന്താരാഷ്ട്രസമൂഹങ്ങൾക്കും, സർക്കാരുകൾക്കും ഉള്ള ഉത്തരവാദിത്വം മറന്നുപോകരുത്.

മയക്കുമരുന്നും കത്തോലിക്കാസഭയും

ഐക്യരാഷ്ട്രസഭ ജൂൺ 26 മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനും അനധികൃതകച്ചവടത്തിനും എതിരായുള്ള ദിനമായി കണക്കാക്കുമ്പോൾ, ലഹരി, മയക്കുമരുന്നുകളുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സഭാമക്കളെയും, മാനവികതയെ മുഴുവനും ഉദ്ബോധിപ്പിക്കുന്നതിൽ മറ്റു പല മതങ്ങളെക്കാളും കത്തോലിക്കാസഭ മുന്നിൽ നിന്നിരുന്നു എന്നത് നമുക്ക് അവഗണിക്കാനോ തമസ്കരിക്കാനോ സാധിക്കാത്ത സത്യമാണ്. ദൈവം മനുഷ്യന് നൽകിയ അമൂല്യമായ അന്തസ്സും, അവന്റെ ആത്മാവിന്റെ വിലയും കുറച്ചുകളയാനും, ദൈവസൃഷ്ടിയുടെ മകുടമായ മനുഷ്യനെത്തന്നെ ഇല്ലാതാക്കാനും സാധിക്കുന്ന ഒരു തിന്മയായാണ് ലഹരിപദാർത്ഥങ്ങൾ എന്ന തിരിച്ചറിവ് മനസ്സിലാക്കിത്തരാനും, മറ്റു തിന്മകളിലേക്കും കൊടിയ കുറ്റകൃത്യങ്ങളിലേക്കും മനുഷ്യരെ നയിക്കുന്ന ഈയൊരു വിപത്തിൽനിന്ന് രക്ഷപെട്ടു മാറിനിൽക്കാനും സഭ അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് പഠിപ്പിക്കുന്നു. മനുഷ്യശരീരത്തിന്റെ പവിത്രതയും ധന്യതയും അമൂല്യതയും സംബന്ധിച്ച നിരവധി പരാമർശങ്ങൾ പഴയ, പുതിയ നിയമങ്ങളിൽ നമുക്ക് കാണാം.

സഭയുടെ പ്രബോധനം

പാപ്പാമാരുൾപ്പെടെയുള്ള സഭാനേതൃത്വം, ദൈവമക്കളായ മനുഷ്യരുടെ ജീവിതത്തിന്റെ ഭംഗി കെടുത്തിക്കളയുന്ന, ലഹരി, മയക്കുമരുന്നുകളുടേതുൾപ്പെടെയുള്ള തിന്മകൾക്കെതിരെ ഔദ്യോഗികമായും പരസ്യമായും ഉദ്ബോധിപ്പിക്കുന്നതിൽ മടികാണിച്ചിട്ടില്ല. 2024 ജൂൺ 26 ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ ഫ്രാൻസിസ് പാപ്പാ മയക്കുമരുന്നുകളുടെ തെറ്റായ ഉപയോഗത്തെക്കുറിച്ച് ശക്തിയുക്തം സംസാരിച്ചിരുന്നു. തന്റെ മുൻഗാമികളായ ബെനഡിക്ട് പതിനാറാമൻ പാപ്പായും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും മയക്കുമരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് എഴുതുകയും പറയുകയും ചെയ്ത കാര്യങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ തന്റെ ഉദ്‌ബോധനം നടത്തിയത്.

ബെനഡിക്ട് പതിനാറാമൻ പാപ്പാ

അനധികൃതമായി ലഹരി, മയക്കുമരുന്നുകൾ ഉത്പാദിപ്പിക്കുകയും, കടത്തുകയും, വിപണനം നടത്തുകയും ചെയ്യുന്നവരെക്കുറിച്ച് കടുത്ത ഭാഷയിലാണ് ബെനഡിക്ട് പതിനാറാമൻ പാപ്പാ സംസാരിച്ചതെന്ന് ഒരു സംഭവം വിവരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. മയക്കുമരുന്നുകൾക്ക് അടിമകളയവർക്ക് അതിൽനിന്ന് മോചനം നൽകാനായി പ്രവർത്തിച്ചിരുന്ന ഒരു ചികിത്സാകേന്ദ്രം സന്ദർശിച്ച അവസരത്തിൽ, സമൂഹത്തിലെ യുവജനങ്ങളും മുതിർന്നവരുമുൾപ്പെടുന്ന എല്ലാ തട്ടുകളിലുമുള്ള ആളുകളോട് വലിയ ദ്രോഹം ചെയ്യുന്നവരാണ് മയക്കുമരുന്നുകടത്തുകാർ എന്നാണ് ബെനഡിക്ട് പാപ്പാ പറഞ്ഞത്. മനുഷ്യന്റെ അന്തസ്സിനെ ചവിട്ടിമെതിക്കുന്ന ഇത്തരം വ്യക്തികളോട് ദൈവം കണക്കുചോദിക്കുമെന്ന് ബെനഡിക്ട് പാപ്പാ പ്രസ്താവിച്ചത് ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ

ബെനഡിക്ട് പാപ്പായുടെ മുൻഗാമിയും, ദീർഘകാലം കത്തോലിക്കാസഭയെ നയിക്കുകയും ചെയ്‌ത വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും, സാമൂഹികതിന്മകൾക്കെതിരെ അതിശക്തമായി പോരാടിയ ഒരു വ്യക്തിയാണെന്നതിൽ നമുക്കാർക്കും സംശയമുണ്ടാകില്ല. മയക്കുമരുന്നിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് പലപ്പോഴും ശബ്ദമുയർത്തിയ അദ്ദേഹം, സമൂഹത്തെ ക്ഷയിപ്പിക്കുന്ന, മനുഷ്യന്റെ ശക്തിയെയും ധാർമ്മികതയെയും ദുർബലപ്പെടുത്തുന്ന, മൂല്യങ്ങളെ ഇല്ലാതാക്കുന്ന ഒരു തിന്മയായാണ് അതിനെ കണക്കാക്കിയതെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണമധ്യേ അനുസ്മരിച്ചു. ദൈവമക്കളുടെ അന്തസ്സിനെ ഹനിക്കുന്ന ഈയൊരു തിന്മ, മെച്ചപ്പെട്ട ഒരു സമൂഹം കെട്ടിപ്പടുക്കുവാനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ആയിരക്കണക്കിന് പേരെയാണ് പിന്നോക്കം കൊണ്ടുപോകുന്നതെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.

മരണം വിതയ്ക്കുന്ന ലഹരിമാഫിയ

മയക്കുമരുന്നുവ്യാപാരികളും കടത്തുകാരും വിപണനക്കാരുമുൾപ്പെടെ, സമൂഹത്തെയും മാനവികതയെയും ഗുരുതരമായ രീതിയിൽ തകർക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നവരെക്കുറിച്ച് "ഘാതകർ" എന്ന അതിശക്തമായ വിശേഷണമാണ് ഫ്രാൻസിസ് പാപ്പാ ഉപയോഗിക്കുന്നത്. അവരുടെ പ്രവർത്തനങ്ങളിലെ ദുരുദ്ദേശവും തിന്മയും നമുക്ക് അവഗണിക്കാനാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം ഉദാരവത്കരിക്കുന്നതിലെ തിന്മയെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു. ഉദാരവത്കരണം എന്നാൽ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗം എന്ന അർത്ഥം ഉണ്ടാകണമെന്നില്ല എന്ന് മാത്രമല്ല, അത് കൂടുതലായ ആശ്രിതത്വത്തിലേക്ക് മനുഷ്യരെ നയിക്കാനാണ് സാധ്യതയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മയക്കുമരുന്നുകൾക്ക് അടിമകളായി ജീവിതം തകർന്ന നിരവധി ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരന്തകഥകൾ തനിക്ക് അറിയാമെന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ, മനുഷ്യാന്തസ്സിനെപ്പോലും ഇല്ലാതാക്കുന്ന ഇത്തരം വസ്തുക്കളുടെ ഉത്പാദനവും, കടത്തും, വിപണനവും അവസാനിപ്പിക്കേണ്ടത് നമ്മുടെ ധാർമ്മികമായ ഒരു കടമയാണെന്ന് മാനവികതയെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. അധികാരവും, ധനലാഭവും ലക്ഷ്യമാക്കി ജീവിക്കുന്ന എത്രയെത്ര മരണക്കടത്തുകാരാണുള്ളത് എന്ന പാപ്പായുടെ ചോദ്യം, ഈയൊരു തിന്മയുടെ അവസാനത്തിനായി പ്രവർത്തിക്കാൻ തയ്യാറാകുന്നതിലേക്ക് നാമെല്ലാവരുടെയും മനസ്സാക്ഷിയെ ഉണർത്തേണ്ടതാണ്.

ആരോഗ്യകരമായ ഒരു സമൂഹം വളർത്തിയെടുക്കുക

മയക്കുമരുന്നുകളുടെ ദുരുപയോഗവും കച്ചവടവും അവസാനിപ്പിക്കാനായി നാമേവരും ഈയൊരു തിന്മയെ പ്രതിരോധിക്കാൻ ശരിയായ രീതിയിൽ തയ്യാറെടുക്കേണ്ടതുണ്ടെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഇത് സാധ്യമാകണമെങ്കിൽ, വ്യക്തിപരവും സാമൂഹികവുമായ ജീവിതമൂല്യങ്ങളും, നീതിബോധവും ഉള്ള ഒരു ജനതയെ, പ്രത്യേകിച്ച് യുവജനതയെ വളർത്തിയെടുക്കുകയാണ് ചെയ്യേണ്ടത്.

ആരോഗ്യകരമായ ഒരു സമൂഹം വളർത്തിയെടുക്കുന്നതിൽ ക്രൈസ്‌തവസഭയുൾപ്പെടുന്ന വിവിധ മതങ്ങൾക്കും സമൂഹങ്ങൾക്കും ഏറെക്കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിൽ ഒന്ന്, നാം ഇതുവരെ കണ്ടതുപോലെ, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട തിന്മകളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നതാണ്. ഇത്തരമൊരു തിന്മയിൽ അകപ്പെട്ടുപോയ വ്യക്തികൾക്ക് അവരുടെ തകർച്ചയിൽനിന്ന് രക്ഷനേടുന്നതിനായി ലഭ്യമാക്കാനാകുന്ന സേവനങ്ങൾ നൽകുക എന്നതാണ് നമുക്ക് ചെയ്യാനാകുന്ന മറ്റൊരു നന്മ. നല്ല സമരിയക്കാരാകുവാനുള്ള നമ്മുടെ വിളിയുമായാണ് ഫ്രാൻസിസ് പാപ്പാ ഇതിനെ താരതമ്യം ചെയ്യുന്നത്. ലഹരിയുടെ അടിമത്തത്തിൽപ്പെടാതിരിക്കാനും, വീണുപോയവരെ തിരികെ സ്വാതന്ത്രരാക്കുന്നതിനുവേണ്ടി പ്രവർത്തിക്കാനും ശ്രമിക്കുന്ന തെക്കൻ അമേരിക്കയിലെ പാൽപാ (La Pastoral Latinoamericano de Acompañamiento y Prevención de Adicciones - PLAPA) പോലെയുള്ള സംഘടനകൾ, തെക്കേ ആഫ്രിക്കയിൽ അവിടുത്തെ മെത്രാൻസമിതി, യുവാക്കൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങി, വിവിധ ഭൂഖണ്ഡങ്ങളിൽ താൻ ഇതുവരെ നടത്തിയ യാത്രകളിൽ നേരിട്ട് കണ്ടിട്ടുള്ള കാര്യങ്ങൾ പാപ്പാ തന്റെ പ്രഭാഷണത്തിൽ പങ്കുവച്ചിരുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട തിന്മകൾക്കെതിരെ നമുക്കാർക്കും നിസംഗതയോടെ ജീവിക്കാനാകില്ലെന്നും, മുറിവേറ്റവരെ സുഖപ്പെടുത്തുകയും, വീണുപോയവരെ കരംപിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്യുന്ന ക്രിസ്തുവാണ് നമ്മുടെ മാതൃകയെന്നും പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ലഹരി, മയക്കുമരുന്ന് ഉത്പാദനവും കടത്തും വിപണനവും വഴി, യുവജനങ്ങളുടേതുൾപ്പെടുന്ന ജീവനുകൾ ഇല്ലാതാക്കുന്ന കുറ്റവാളികളായ മനുഷ്യരുടെ മനസ്സാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കാനുള്ള നമ്മുടെ കടമയും പരിശുദ്ധപിതാവ് ഓർമ്മിപ്പിക്കുന്നുണ്ട്..

ഉപസംഹാരം

ലഹരി, മയക്കുമരുന്നുകളുടെ ഉത്പാദനം, വിപണനം, ദുരുപയോഗം, അതുമായി ബന്ധപ്പെട്ട സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം നമ്മുടെ സമൂഹങ്ങളിൽ വളർന്നുവരട്ടെ. കൃത്രിമബുദ്ധിയുൾപ്പെടെ, ശാസ്ത്ര, സാങ്കേതികവിദ്യകളിലുള്ള വളർച്ച, ക്രിയാത്മകവും മനുഷ്യനന്മയ്ക്ക് ഉതകുന്നതുമായ വിധത്തിൽ ഉപയോഗിക്കുകയും, മാനവികതയോടുള്ള അനുകമ്പയും ഐക്യദാർഢ്യവും കാത്തുസൂക്ഷിക്കുകയും ചെയ്യാം. നമ്മുടെ സമൂഹത്തെ, പ്രത്യേകിച്ച്, ഇന്നിന്റെ പ്രതീക്ഷകളും, മാനവരാശിയുടെ ഭാവിയുമായ കുട്ടികളും യുവജനങ്ങളും ഉൾപ്പെടുന്ന പൊതുസമൂഹത്തെ ശാരീരികവും മാനസികവുമായി പ്രതികൂലമായ രീതിയിൽ സ്വാധീനിക്കുകയും അടിമകളാക്കുകയും ചെയ്യുന്ന മയക്കുമരുന്നുകളുടെ ഉത്പാദനവും, വിപണനവും, ദുരുപയോഗവും, അവയുമായി ബന്ധപ്പെട്ട മറ്റു കുറ്റകൃത്യങ്ങളും തിന്മകളും സമൂലം ഇല്ലാതാക്കപ്പെടേണ്ടതുണ്ട്. മരണത്തിന്റെ കച്ചവടക്കാർ ഇല്ലാതാകട്ടെ. ജീവിതമൂല്യങ്ങളും, മനുഷ്യാന്തസ്സും ഉയർത്തിപ്പിടിക്കുകയും, തിന്മകളെ ചെറുക്കുകയും, തകർന്നവരെ ചേർത്തുപിടിക്കുകയും കരംപിടിച്ചുയർത്തുകയും ചെയ്യുന്ന ഒരു സമൂഹം വളർന്നുവരട്ടെ. ഇതിനായി വ്യക്തികളിൽ തുടങ്ങി, കുടുംബങ്ങളിലും, സമൂഹത്തിലും, ദേശീയ, അന്തർദേശീയതലങ്ങളിലും ശരിയായ തീരുമാനങ്ങളും, നടപടികളും എടുക്കാൻ സാധിക്കട്ടെയെന്ന് നമുക്ക് ആശംസിക്കുകയും പ്രാർത്ഥിക്കുകയും, അതിനായി സധൈര്യം പ്രവർത്തിക്കുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2024, 20:57