തിരയുക

കർത്താവുമായുള്ള കൂടിക്കാഴ്ച നവജീവൻറെ വാതിലുകൾ തുറക്കുന്നു, പാപ്പാ!

വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനമായിരുന്ന ജൂൺ 29-ന്, ഫ്രാൻസീസ് പാപ്പാ മുഖ്യകാർമ്മികനായി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കുകയും പുതിയ മെത്രാപ്പോലീത്താമാർക്ക് പാലീയം ആശീർവദിച്ചു നല്കുകയും ചെയ്തു. ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവച്ച പാപ്പായുടെ വിചിന്തനത്തിന് ആധാരം വാതിലിൻറെ പ്രതീകാത്മകത ആയിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവായ യേശുവിനായി നമ്മുടെ ജീവിതത്തിൻറെ വാതിൽ തുറക്കാൻ വിശുദ്ധരായ പത്രോസും പൗലോസും നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുന്നു.

റോമിൻറെ സ്വർഗ്ഗീയ മദ്ധ്യസ്ഥരായ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനമായിരുന്ന ജൂൺ 29-ന്, ശനിയാഴ്ച, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച സാഘോഷമായ സമൂഹദിവ്യബലി മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സുവിശേഷ പ്രഘോഷണത്തിന് കർത്താവ് തനിക്കേകിയ വിവിധ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്നതിന് പൗലോസപ്പോസ്തലൻ, വാതിൽ പ്രതീകമായി ഉപയോഗിക്കുന്നതിനെ അധികരിച്ച് പാപ്പാ വരുന്ന ജൂബിലിവർഷത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പരാമർശിക്കുകയും വാതിലിൻറെ പ്രതീകാത്മകത വിശകലനം ചെയ്യുകയും ചെയ്തു.

കൃപയുടെ കാലമായ ജൂബിലി വേളയിൽ  വിശുദ്ധവാതിൽ തുറക്കുന്നതിനെക്കുറിച്ച് അനുസ്മരിച്ച പാപ്പാ, അതു തുറക്കുന്നത് യേശുവാകുന്ന സജീവാലയത്തിൻറെ പടിവാതിലിലൂടെ കടക്കുന്നതിനും പ്രത്യാശയെ ഉത്തേജിപ്പിക്കുകയും സന്തോഷത്തെ നവീകരിക്കുകയും ചെയ്യുന്ന ദൈവസ്നേഹാനുഭവം ജീവിക്കുന്നതിനുമാണെന്ന് ഉദ്ബോധിപ്പിച്ചു.

കർത്താവുമായുള്ള കൂടിക്കാഴ്ചയിലൂടെ പത്രോസും പൗലോസും യഥാർത്ഥവും തനതുമായ പെസഹാനുഭവം ജീവിക്കുകയായിരുന്നുവെന്നും അവർ സ്വതന്ത്രരാവുകയും അവർക്കുമുന്നിൽ നവജീവൻറെ വാതിലുകൾ തുറക്കപ്പെടുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു. അവരുടെ ആന്തരിക തടവറയുടെയും സുവിശേഷത്തെ പ്രതി അവർ ബന്ധനസ്ഥരാക്കപ്പെട്ട ഭൗതിക കാരാഗൃഹത്തിൻറെയും വാതിലുകൾ ദൈവം തുറക്കുകയും അവർ ദൈവത്തിൻറെ പ്രവർത്തി അനുഭവിച്ചറിയുകയും ചെയ്തുവെന്ന് പാപ്പാ വിശദീകരിച്ചു.

ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിയമിതരായ പുതിയ മെത്രാപ്പോലീത്തമാർ, പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനത്തിലെ പതിവനുസരിച്ച്, പാലീയം സ്വീകരിച്ചതും പാപ്പാ പ്രഭാഷണവേളയിൽ അനുസ്മരിച്ചു. പത്രോസിനോടുള്ള കൂട്ടായ്മയിലും ആടുകളുടെ വാതിലായ ക്രിസ്തുവിൻറെ മാതൃകയിലും സുവിശേഷത്തിൻറെ വാതിലുകൾ തുറക്കുന്ന തീക്ഷ്ണമതികളായ ഇടയന്മാരായിരിക്കാൻ ഈ മെത്രാപ്പോലീത്താമാർ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തുറന്ന വാതിലുകളുള്ള ഒരു സഭയും സമൂഹവും കെട്ടിപ്പടുക്കുന്നതിന് തങ്ങളുടെ ശുശ്ര വഴി അവർ സംഭവന ചെയ്യണമെന്നും പാപ്പാ പറഞ്ഞു.

പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാളിനോടനുബന്ധിച്ച് പതിവുപോലെ ഇക്കൊല്ലവും ആശംസകളുമായി എത്തിയ, കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമെയൊ ഒന്നാമൻറെ പ്രതിനിധിസംഘത്തെ പാപ്പാ അഭിവാദ്യം ചെയ്യുകയും കത്തോലിക്കാ ഓർത്തഡോക്സ് സഭകളുടെ പൂർണ്ണ ഐക്യത്തിനായുള്ള അഭിലാഷത്തിൻറെ ആവിഷ്ക്കാരവുമായി എത്തിയ ഈ സംഘത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. തൻറെ സഹോദരനായ പ്രിയപ്പെട്ട ബർത്തൊലൊമെയോയ്ക്ക് താൻ ഹൃദയംഗമമായ ആംശസകളേകുന്നുവെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2024, 17:44