തിരയുക

ദിവ്യകാരുണ്യത്തിരുന്നാളിൽ പാപ്പാ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് നേതൃത്വം വഹിക്കുന്നു.  ദിവ്യകാരുണ്യത്തിരുന്നാളിൽ പാപ്പാ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് നേതൃത്വം വഹിക്കുന്നു.  

പാപ്പാ : ദിവ്യകാരുണ്യ മനോഭാവം സ്വീകരിക്കുക

ജൂൺ രണ്ടാം തിയതി ദിവ്യകാരുണ്യത്തിരുന്നാളിൽ പാപ്പാ പങ്കുവച്ച സന്ദേശത്തിലാണ് വിശ്വാസികളോടു ദൈവ ദാനങ്ങളെ വിലമതിക്കുകയും, മറ്റുള്ളവരോടു ക്ഷമിക്കുകയും ഇടറുന്നവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ മനോഭാവം സ്വീകരിക്കാൻ പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ക്രിസ്തുവിന്റെ പരിശുദ്ധ ശരീരത്തിന്റെയും, രക്തത്തിന്റെയും തിരുന്നാൾ ദിനത്തിൽ അർപ്പിച്ച പരിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് പാപ്പാ ദിവ്യകാരുണ്യത്തിന്റെ സ്ഥാപനത്തെക്കുറിച്ചും ദിവ്യകാരുണ്യത്തിൽ അന്തർലീനമായ കൃതജ്ഞത, സ്മരണ, സാന്നിധ്യം എന്നീ ആശയങ്ങളെ വിശദീകരിക്കുകയും ചെയ്തു.

മർക്കോസിന്റെ സുവിശേഷത്തിൽ നിന്ന് “അവൻ അപ്പമെടുത്ത് ആശീർവ്വദിച്ച്”(മർക്കോ 14:22) എന്ന തിരുവചനത്തിൽ നിന്ന് അപ്പം എടുത്തു  ആശീർവ്വദിച്ചു എന്ന യേശുവിന്റെ പ്രവൃത്തിയുടെ  പ്രാധാന്യം എടുത്തുകാണിച്ചു. ദൈവത്തിന്റെ ദാനങ്ങൾക്ക് നന്ദി പറയുക എന്നർത്ഥമുള്ള " Eucharist" എന്ന വാക്കിന്റെ അർത്ഥത്തെ വിശദീകരിച്ചു കൊണ്ട് വിജയങ്ങളും പരാജയങ്ങളും ഉൾപ്പെടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ബലിപീഠത്തിലേക്ക് കൊണ്ടുവരുന്ന, ഓരോ ദിവസവും നമ്മുടെ ജീവൻ നിലനിർത്തുന്ന അപ്പത്തിൽ അടങ്ങിയിരിക്കുന്ന പ്രതീകത്തിന്റ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു.

അപ്പം നിലത്തു വീണാൽ അത് എടുത്ത് ചുംബിക്കുന്ന ആചാരം നിലനിൽക്കുന്ന ചില സംസ്കാരങ്ങളെ ശ്ലാഘിച്ച പാപ്പാ വീണാലും വലിച്ചെറിയാൻ കഴിയാത്ത അപ്പത്തിന്റെ  അമൂല്യതയെ ബഹുമാനിക്കുന്ന ഒന്നാണ് അത് എന്ന് എടുത്തു പറഞ്ഞു. ദൈവത്തിന്റെ ദാനങ്ങളെ വിലമതിക്കുകയും മറ്റുള്ളവരോടു ക്ഷമിക്കുകയും ഇടറി പോകുന്നവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു "ദിവ്യകാരുണ്യ" മനോഭാവം സ്വീകരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത പാപ്പാ "എല്ലാം ഒരു ദാനമാണ്, ഒന്നും നഷ്ടപ്പെടരുത്," ആരെയും പിന്തള്ളരുകയുമരുതെന്ന് ഓർമ്മിപ്പിച്ചു.

നന്ദി പറയാനുള്ള വിവിധ രീതികളാണ് ദൈനംദിന ജോലികൾ സ്നേഹത്തോടെയും കൃതജ്ഞതയോടും നിർവ്വഹിക്കുന്നതും അവയെ ഒരു ദൗത്യമായി കാണുന്നതും ചെറിയ ഉപവിപ്രവൃത്തികൾ ആഘോഷിക്കുന്നതും എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച ഫ്രാൻസിസ് പാപ്പാ ദിവ്യപൂജയിൽ വിനയത്തോടെ അപ്പത്തിൽ നമ്മുടെ ജീവിതം സമർപ്പിക്കുന്നത് ദൈവം വിലമതിക്കുന്നു എന്നും  അത് സ്വീകരിച്ച ദൈവം തന്റെ പുത്രന്റെ ശരീരമായും രക്തമായും രൂപാന്തരപ്പെടുത്തുകയാണെന്നും പാപ്പാ പറഞ്ഞു.

അപ്പം ആശീർവ്വദിച്ചതിൽ അടങ്ങിയിട്ടുള്ള “സ്മരണ”യും പാപ്പാ വിശദീകരിച്ചു. ഇസ്രായേലിനെ സംബന്ധിച്ച് അത് ഈജിപ്തിൽ നിന്നുള്ള വിമോചനമാണെങ്കിൽ ക്രൈസ്തവരായ നമുക്ക് അത് ക്രിസ്തുവിന്റെ പെസഹായും, അവന്റെ സഹനത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മയുമാണ്. “ഇത് നിങ്ങൾക്കായി നൽകപ്പെട്ട എന്റെ ശരീരമാണ്. എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവി൯ (ലൂക്കാ 22:19), എന്നു പറഞ്ഞ നിമിഷവും അപ്പോസ്തലന്മാരുടെ മുന്നിൽ മുട്ടുമടക്കി അവരുടെ പാദങ്ങൾ കഴുകിയ നിമിഷത്തിലേക്കും മടങ്ങി, മറ്റുള്ളവരെ സേവിച്ചുകൊണ്ട് സ്വതന്ത്രരായ സ്ത്രീപുരുഷന്മാരായി ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്ന അവന്റെ പ്രവൃത്തിയുടെ ഓർമ്മയാണത് എന്ന് ഫ്രാൻസിസ് പാപ്പാ  വിശദീകരിച്ചു.

യഥാർത്ഥ സ്വാതന്ത്ര്യം ജീവിതം ആസ്വദിക്കുന്നതിലും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നതിലുമല്ല. അത് തങ്ങൾക്കായി മാത്രം സമ്പാദിച്ചുകൂട്ടുന്നവരുടെ നിലവറയിലോ, സ്വാർത്ഥതയിൽ ചടഞ്ഞിരിക്കുന്നവരുടെ ചാരുകസേരയിലോ അല്ല. മറിച്ച് സ്നേഹത്താൽ മാത്രം പ്രചോദിതമായി സേവനത്തിനായി മറ്റുള്ളവരുടെ മുന്നിൽ കുമ്പിട്ടും, രക്ഷിക്കപ്പെട്ട ജനമെന്ന നിലയിൽ നമ്മുടെ ജീവിതം മറ്റുള്ളവരുടെ രക്ഷയ്ക്കായി നൽകുന്ന, സ്വതന്ത്രരാക്കപ്പെട്ട ജനം എന്ന നിലയിൽ സ്വാതന്ത്ര്യം കൊണ്ടുവരാൻ പരിശ്രമിക്കുന്നതിന് നമ്മെ ആഹ്വാനം ചെയ്യുന്ന ആ “മുകളിലെ മുറിയിൽ” ആണെന്ന് പാപ്പാ വിശദീകരിച്ചു.

ദിവ്യകാരുണ്യ അപ്പത്തിലുള്ള ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ച്, ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. മനുഷ്യത്വത്തോടു അടുപ്പമുള്ളതും ഐക്യദാർഢ്യമുള്ളതുമായ ഒരു ദൈവത്തെയാണ്  അത് നമുക്ക് കാട്ടിത്തരുന്നത്. ഒരിക്കലും നമ്മെ ഉപേക്ഷിക്കാത്ത, കാത്തിരുന്ന് നമ്മോടൊപ്പം യാത്ര ചെയ്യുന്ന, നിസ്സഹായനായി തന്നെത്തന്നെ നമ്മുടെ കരങ്ങളിൽ ഏൽപ്പിച്ച് നമ്മുടെ അംഗീകാരത്തിനോ തള്ളിക്കളയലിനോ ആയി സമർപ്പിക്കുന്നയിടം വരെ എത്തുന്ന ഒരു ദൈവം.

പരിശുദ്ധ കുർബാനയിലെ അവന്റെ യഥാർത്ഥ സാന്നിധ്യം വിശ്വാസികളോടു മറ്റുള്ളവർക്ക് വേണ്ടി, പ്രത്യേകിച്ച് ദരിദ്രർക്ക് സമീപസ്ഥരായിരിക്കാൻ ആഹ്വാനം ചെയ്യുന്നു എന്നു പറഞ്ഞ പാപ്പാ  മറ്റുള്ളവരാൽ ഭക്ഷിക്കപ്പെടാൻ സ്വയം അനുവദിക്കുന്ന വിശാലഹൃദയരെ, നല്ല വ്യക്തികളെ “ഒരു കഷണം അപ്പത്തോടു” ഉപമിക്കുന്ന ഒരു മനോഹരമായ ചൊല്ലുണ്ടെന്നും കൂട്ടിച്ചേർത്തു. അതു കൊണ്ടാണ് ദൈവം നമുക്ക് തന്നെത്തന്നെ അപ്പമായി നൽകുന്നതെന്നും അത് നാം മറ്റുള്ളവർക്കായി  ഒരു കഷണം അപ്പമാകുന്നതിന് നമ്മെ പഠിപ്പിക്കാനാണെന്നും  ഓർമ്മിപ്പിച്ചു.

യുദ്ധം, സ്വാർത്ഥത, നിസ്സംഗത എന്നിവയാൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നാശത്തെ കുറിച്ച് വിലപിച്ച ഫ്രാൻസിസ് പാപ്പാ, ലോകത്ത് സ്നേഹത്തിന്റെ സുഗന്ധം പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തു. അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിനെ ഉദ്ധരിച്ചുകൊണ്ട് അവരുടെ ജീവിതത്തെ "ദൈവത്തിന്റെ ഗോതമ്പ്" ആക്കി മാറ്റാൻ പാപ്പാ വിശ്വാസികളെ പ്രേരിപ്പിച്ചു.

ദിവ്യകാരുണ്യ ഘോഷയാത്രയുടെ പ്രാധാന്യം വിശദീകരിച്ചു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.  അത് വിശ്വാസത്തിന്റെ പ്രകടനം മാത്രമല്ല മറിച്ച് പരിശുദ്ധ ബലിയിലും യേശു വാഗ്ദാനം ചെയ്യുന്ന പുതിയ ജീവിതത്തിലും പങ്കാളിയാകാൻ സകലരേയും ക്ഷണിക്കുകയാണ്. ദൈവമക്കളായിരിക്കുന്നതിന്റെ സന്തോഷവും സ്വാതന്ത്ര്യവും പ്രചരിപ്പിക്കാൻ നന്ദിയുള്ളവരും ഉദാരമതികളുമായ ഹൃദയങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2024, 14:51