തിരയുക

ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ. 

പാപ്പാ: ഐറിഷ് മഠാധിപതി വിശുദ്ധ കൊളംബൻ സഭയെ സമ്പന്നമാക്കി

ഐക്യത്തിന്റെയും സാംസ്കാരിക സമ്പുഷ്ടീകരണത്തിന്റെയും സന്ദേശവുമായി പിയാചേൻസയിൽ 2024 ലെ കൊളംബൻ ദിനാഘോഷം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കൊളംബൻസ് ഡേ 2024 എന്ന പേരിൽ കൊളംബൻ അസോസിയേഷനുകളുടെ പതിനഞ്ചാം അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന പിയാസെൻസ നഗരം ഐക്യത്തിന്റെയും സാംസ്കാരിക സമ്പുഷ്ടീകരണത്തിന്റെയും ചൈതന്യവുമായി ഉണർന്നു.

വിശുദ്ധ കൊളംബന്റെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആത്മീയവും സാംസ്കാരികവുമായ ബന്ധങ്ങൾ വളർത്തിയ ഇരുപത്തിയഞ്ച് വർഷം ആഘോഷിച്ചു കൊണ്ട്  ജൂൺ 22,23 തീയതികളിൽ നടക്കുന്ന ഈ സമ്മേളനം  ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു.

പിയാചെൻസ-ബോബിയോയിലെ ബിഷപ്പ് അഡ്രിയാനോ സെവോലോറ്റോ, മറ്റ് മെത്രാന്മാർ, സിവിൽ അധികാരികൾ എന്നിവർ പങ്കെടുത്ത സമ്മേളനം എല്ലാവർക്കും ഊഷ്മളവും സൗഹാർദ്ദപരവുമായ അഭിവാദ്യത്തോടെയാണ് ആരംഭിച്ചത്. മഹാനായ ഐറിഷ് മഠാധിപതി വിശുദ്ധ കൊളംബന്റെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ശാശ്വതമായ സ്വാധീനമാണ്  ഇക്കാലത്തും ഇത്തരം ഒരു സംരംഭം അരങ്ങേറിയതിന്റെ പിന്നിലെ ചാലകശക്തിയെന്ന് പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ യൂറോപ്പിലെ സാന്നിധ്യം സഭയിലും സിവിൽ സമൂഹത്തിലും ശാശ്വതമായ മുദ്ര പതിപ്പിക്കുകയായിരുന്നു.

"ഈ സന്ദർഭം തീർച്ചയായും ആഹ്ലാദത്തിനുള്ള ഒരു കാരണമാണ്," എന്ന് പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ പാപ്പാ പറഞ്ഞു. ഈ സമ്മേളനം കേവലം ചരിത്രത്തിന്റെയോ  നാടോടികഥയുടെയോ  അനുസ്മരണമല്ല, മറിച്ച് സമകാലിക സമൂഹത്തിന്റെ സമൃദ്ധിയുടെ ഉറവിടമായി വിശുദ്ധ കൊളംബന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയാണെന്ന് ഈ യോഗം എന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

ആധുനിക ഭൗതികവാദത്തിന്റെയും നവ-ബഹുദൈവവാദത്തിന്റെയും മുന്നിൽ വിശുദ്ധ കൊളംബന്റെ സന്ദേശത്തിന്റെ പ്രകോപനപരവും ആകർഷകവുമായ സ്വഭാവം ഉയർത്തിക്കാട്ടിക്കൊണ്ട് ഇന്നത്തെ യൂറോപ്പും ആറ്, ഏഴ് നൂറ്റാണ്ടുകളിലെ യൂറോപ്പും തമ്മിലുള്ള പ്രകടമായ വൈരുദ്ധ്യത്തെയും പാപ്പാ സൂചിപ്പിച്ചു. കൊളംബന്റെ കാലഘട്ടത്തിലെ ഐറിഷ് സന്യാസിമാർ അവരുടെ മിഷനറി തീക്ഷ്ണതയ്ക്ക് പ്രശംസിക്കപ്പെട്ടതും, ഇത് യൂറോപ്പിന്റെ വലിയ ഭാഗങ്ങൾ പുനർ സുവിശേഷവൽക്കരിക്കാൻ സഹായിക്കുകയും ആത്മീയത, പഠനം, ധാർമ്മികത എന്നിവയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്തുവെന്ന് പാപ്പാ പറഞ്ഞു.

യൂറോപ്പിലെ സഭയുടെയും പൗരസമൂഹങ്ങളുടെയും സ്വത്വം കാത്തുസൂക്ഷിക്കുന്നതിന് ആധുനിക സമൂഹം സുവിശേഷത്തിൽ നിന്ന് പോഷണം നേടണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ആഗോളവൽക്കരണത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും സമ്പന്നമായ പാരമ്പര്യങ്ങളോടു ക്രിയാത്മക വിശ്വസ്തത പുലർത്താനും സഹവർത്തിത്വം വളർത്താനും മറ്റ് സംസ്കാരങ്ങളുമായി തുറന്ന സംവാദം നടത്താനും പ്രേരിപ്പിച്ചതും പാപ്പാ ഊന്നിപ്പറഞ്ഞു.

പങ്കെടുത്ത എല്ലാവരോടും, പ്രത്യേകിച്ച് സുവിശേഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിവിൽ അധികാരികളുമായി മാന്യമായ സഹകരണത്തോടെ പ്രവർത്തിക്കുന്നവരോടു കൃതജ്ഞത അർപ്പിച്ച പാപ്പാ വിശുദ്ധ കൊളംബന്റെ സംരക്ഷണം എല്ലാവർക്കും ആശംസിക്കുകയും തന്റെ ആശീർവ്വാദം നൽകുകയും ചെയ്തു.

പിയാചെൻസയിലെ കൊളംബൻസ് ദിനം 2024 സെന്റ് കൊളംബന്റെ നിലനിൽക്കുന്ന പാരമ്പര്യത്തിന്റെ തെളിവായി നിലകൊള്ളുന്നതാണ് എന്നും, വിശ്വാസത്തിന്റെയും പ്രബോധനങ്ങളുടെയും കാലാതീതമായ മൂല്യങ്ങളാൽ നയിക്കപ്പെടുന്ന വ്യത്യസ്ത സംസ്കാരങ്ങൾ ഐക്യത്തോടെ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു യൂറോപ്പിനെ പ്രോത്സാഹിപ്പിക്കുന്നതുമാണ് എന്നും പാപ്പാ അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2024, 14:09