തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

കടക്കെണികൾ ഭാവിയെ നശിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ

പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ 'ദക്ഷിണമേഖലയിലെ ആഗോള കടക്കെണി' എന്ന തലക്കെട്ടിൽ നടത്തുന്ന, സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ മെയ് മാസം അഞ്ചാം തീയതി, വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ സന്ദർശിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ 'ദക്ഷിണമേഖലയിലെ ആഗോള കടക്കെണി' എന്ന തലക്കെട്ടിൽ നടത്തുന്ന, സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ മെയ് മാസം അഞ്ചാം തീയതി, വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ സന്ദർശിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

 പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠത്തിന്റെ ചാൻസലർ കർദിനാൾ പീറ്റർ ട്യുർക്സന്റെ നേതൃത്വത്തിലാണ് അംഗങ്ങൾ പാപ്പായെ സന്ദർശിച്ചത്. ആഗോള തെക്കൻ രാജ്യങ്ങളിലെ പല രാജ്യങ്ങളെയും ബാധിക്കുന്ന കടപ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന നയങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള  സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

മോശമായി കൈകാര്യം ചെയ്യപ്പെടുന്ന ആഗോളവൽക്കരണവും, പകർച്ചവ്യാധിയും, യുദ്ധങ്ങളും തെക്കൻ അർദ്ധഗോളത്തിലെ രാജ്യങ്ങളെ ദോഷകരമായി ബാധിച്ചുവെന്നും, ഇത് അവരുടെ ഭാവിസാധ്യതകളെ തച്ചുടക്കുന്നതുമാണെന്ന് പാപ്പാ പറഞ്ഞു. കടക്കെണി പെരുകുന്നതിലൂടെ അവർ മാനുഷിക അന്തസ്സിന് യോജിക്കാത്ത ദാരിദ്ര്യമാണ് അനുഭവിക്കുന്നതെന്നും, ഈ സാഹചര്യം വേദനാജനകമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള സാമ്പത്തിക കടബാധ്യതകൾ ഇല്ലാതാക്കുന്നതിന് ആളുകൾ തമ്മിലുള്ള ഐക്യദാർഢ്യത്തെയും ഐക്യത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ബഹുരാഷ്ട്ര സംവിധാനം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു. എപ്പോഴും  പരാജിതരാകുവാൻ മാത്രം വിധിക്കപെട്ട ദുർബലരായവരെ പുനരുദ്ധരിക്കണമെന്നും, നീതിയുടെ തത്വങ്ങളിൽ സുദൃഢമായ പരിഹാരമാർഗങ്ങൾ നിർദേശിക്കപ്പെടണമെന്നും പാപ്പാ പറഞ്ഞു.

2000 ലെ ജൂബിലി വർഷത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞ വാക്കുകളും ഫ്രാൻസിസ് പാപ്പാ ഉദ്ധരിച്ചു, "വിദേശ കടത്തിന്റെ പ്രശ്നം "സാമ്പത്തിക സ്വഭാവം മാത്രമല്ല, അടിസ്ഥാന ധാർമ്മിക തത്വങ്ങൾ ഉൾക്കൊള്ളുന്നതും അന്താരാഷ്ട്ര നിയമത്തിൽ ഇടം കണ്ടെത്തേണ്ടതുമാണ്".

പാരിസ്ഥിതിക കടവും വിദേശ കടവും ഭാവിയെ പണയപ്പെടുത്തുന്ന ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് മനസ്സിൽ വച്ചുകൊണ്ട്  ഇന്നത്തെ ലോകത്തിൽ എല്ലാവരെയും ചേർത്തുനിർത്തുവാൻ നാം തയ്യാറാവണമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. സാഹോദര്യത്തിന്റെയും, സംഭാവനയുടെയും പ്രാധാന്യവും പാപ്പാ ഉപസംഹാരമായി എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2024, 12:30