ദൈവിക ദാനമായ ജലം നാം അശുദ്ധമാക്കരുത്, അത് ഭാവി തലമുറകളുടെ പാരമ്പര്യസ്വത്ത്, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജലത്തെപ്പോലെ ഉപയോഗപ്രദമായതിനെ ചൂഷണം ചെയ്യാനുള്ള ഒരു വസ്തുവായി മാറ്റുന്നതിലൂടെ നമ്മൾ ഉപകാരപ്രദം, എളിയത്, അനർഘം, നിർമ്മലം എന്നീ അതിൻറെ വിശേഷണങ്ങളെ വളച്ചൊടിക്കുന്നത് അപലപനീയമാണെന്ന് മാർപ്പാപ്പാ.
കോസ്തറീക്കയിലെ സാൻ ഹൊസെയിൽ ജൂൺ 7,8 തീയതികളിൽ സമുദ്രസംബന്ധിയായ പ്രവർത്തനത്തെ സംബന്ധിച്ച് “മാറ്റത്തിൽ മുഴുകി” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കപ്പെട്ട ഉന്നതതല പരിപാടിയോടനുബന്ധിച്ച്, പരിശുദ്ധസിംഹാസനത്തിനുവേണ്ടിയുള്ള അന്നാടിൻറെ സ്ഥാനപതി ഫെദെറീക്കൊ ത്സമോറ കൊർദേറൊയ്ക്കയച്ച് സന്ദേശത്തിലാണ് പാപ്പാ ജലത്തിൻറെ മൂല്യം എടുത്തുകാട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
ജലത്തെ സഹോദരീ എന്ന് സംബോധന ചെയ്യുന്ന വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ സൃഷ്ടിഗീതം അനുസ്മരിച്ചുകൊണ്ട് പാപ്പാ ഭക്ഷ്യസുരക്ഷയിൽ ജലത്തിൻറെ പൊതുവായ ഉപയോഗം, കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ ജലത്തിൻറെ എളിയ പ്രവർത്തനം എന്നിവ വിലമതിക്കാനും അതിൻറെ അമൂല്യമായ സൗന്ദര്യം വീണ്ടെടുത്തു നല്കുന്നതിനായി മലിനീകരണത്തിനെതിരെ പോരാടാനും ആഹ്വാനം ചെയ്യുന്നു.
ജലത്തിൻറെ നൈർമ്മല്യം നാം നശിപ്പിക്കരുതെന്നും വരും തലമുറകൾക്ക് അവകാശമായി നാം അതു നല്കണമെന്നും പാപ്പാ പറയുന്നു. ദൈവത്തിൻറെ ഈ ദാനത്തെ അമൂല്യമായി കണക്കാക്കുന്നതിനുപകരം, നമ്മൾ അതിനെ ഒരു വിനിമയ നാണയമായും ഊഹക്കച്ചവടത്തിനുള്ള വസ്തുവായും എന്തിന് കൊള്ളയടിക്കാനുള്ള ഉപാധിയായും മാറ്റുന്നുവെന്ന് ആശങ്ക പ്രകടിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: