കുടിയേറ്റക്കാരുമായി പാപ്പാ. കുടിയേറ്റക്കാരുമായി പാപ്പാ. 

പാപ്പാ: കുടിയേറ്റക്കാരോടു ഐക്യദാർഢ്യം പ്രഖ്യാപിക്കണം

110മത് ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനത്തിന് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കുടിയേറ്റക്കാരുടെയും അഭയാർകളുടെയും 110-മത് ലോക ദിനത്തിനായുള്ള സന്ദേശത്തിൽ പാപ്പാ സഭയ്ക്കുള്ളിലെ സിനഡാലിറ്റിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പുറപ്പാടിനെക്കുറിച്ചുള്ള ബൈബിൾ വിവരണവും കുടിയേറ്റക്കാരുടെ സമകാലിക യാത്രകളും തമ്മിൽ സമാനതകൾ പാപ്പാ വരച്ചുകാട്ടി, ഇവ രണ്ടും ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം അടിച്ചമർത്തലിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രകളായി വിശദീകരിച്ചു.

മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതു സമ്മേളനത്തിന്റെ ആദ്യ യോഗത്തിൽ സമാപനത്തെക്കുറിച്ച്  സൂചിപ്പിച്ച പാപ്പാ "സിനഡാലിറ്റി പ്രധാനമായും ദൈവജനത്തിന്റെ സംയുക്ത യാത്രയായും,  ദൈവരാജ്യത്തിന്റെ വരവിനായി സിദ്ധികളും ശുശ്രൂഷകളം തമ്മിൽ നടത്തുന്ന ഫലപ്രദമായ സംവാദമായും ആണ് "എന്ന് ഓർമ്മപ്പെടുത്തി.

ആധുനിക കുടിയേറ്റക്കാരുടെ അനുഭവങ്ങളെ പഴയ നിയമത്തിലെ ഇസ്രായേല്യരുടെ പുറപ്പാടുമായി ഉപമിച്ച പാപ്പാ, രണ്ട് കൂട്ടരും അടിച്ചമർത്തൽ, വിവേചനം തുടങ്ങിയവയിൽ നിന്ന്  മോചനം തേടുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ദൈവം ഇസ്രായേല്യരെ അനുഗമിച്ചതുപോലെ ഇന്നും കുടിയേറ്റക്കാരോടൊപ്പം നടന്നുകൊണ്ടിരിക്കുകയാണെന്ന് പാപ്പാ ഉറപ്പിച്ചു പറഞ്ഞു. നിങ്ങളുടെ ദൈവമായ കർത്താവാണ് നിങ്ങളോടുകൂടെ വരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ, പരിത്യജിക്കുകയോ ഇല്ല"എന്ന് നിയമാവർത്തനം 31:6-ൽ നിന്ന് ഉദ്ധരിച്ചുകൊണ്ട്, യാത്രയിലുള്ളവരോടൊപ്പമുള്ള ദൈവത്തിന്റെ ശാശ്വത സാന്നിദ്ധ്യത്തെ കുറിച്ച് പാപ്പാ സൂചിപ്പിച്ചു.

വിശ്വാസത്തിലും പ്രാർത്ഥനയിലും ആശ്വാസം കണ്ടെത്തുന്ന കുടിയേറ്റക്കാർ പലപ്പോഴും ദൈവത്തെ ഒരു യാത്രാ ചങ്ങാതിയായി അനുഭവിക്കുന്നതെങ്ങനെയെന്നും ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു. മത്തായി 25:35-40-ൽ വിവരിച്ചിരിക്കുന്നതുപോലെ, കുടിയേറ്റക്കാരെ കണ്ടുമുട്ടുന്നതിന്റെയും സഹായിക്കുന്നതിന്റെയും അഗാധമായ ആത്മീയത പാപ്പാ ചൂണ്ടിക്കാട്ടി.

തന്റെ സന്ദേശത്തിൽ, കുടിയേറ്റക്കാരോടു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, ആവശ്യമുള്ളവരുമായുള്ള ഓരോ കൂടിക്കാഴ്ചയും കർത്താവിനെ കാണാനുള്ള അവസരമായി എടുക്കാൻ വിശ്വാസികളോടു അഭ്യർത്ഥിച്ചു. ഈ കണ്ടുമുട്ടലുകളുടെ രക്ഷാകരമായ സാധ്യതകൾ ഊന്നിപ്പറഞ്ഞ പാപ്പാ "ദരിദ്രർ നമ്മെ രക്ഷിക്കുന്നു, കാരണം അവർ കർത്താവിന്റെ മുഖം കണ്ടുമുട്ടാൻ നമ്മെ പ്രാപ്തരാക്കുന്നു" എന്ന് കൂട്ടിചേർത്തു.

തന്റെ സന്ദേശം അവസാനിപ്പിച്ച ഫ്രാ൯സിസ് പാപ്പാ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കുചേരാ൯ എല്ലാവരോടും ആഹ്വാനം ചെയ്യുകയും അവരുമായി ഐക്യത്തോടെ സിനഡൽ യാത്രയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥതയ്ക്കായി അവരെയും വരാനിരിക്കുന്ന സിനഡ് അസംബ്ലിയെയും ഭരമേൽപ്പിക്കുകയും ചെയ്തു. ഒരു പ്രാർത്ഥനയോടു കൂടിയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

പ്രാർത്ഥന

സർവ്വശക്തനായ പിതാവായ ദൈവമേ, സ്വർഗ്ഗരാജ്യത്തിലേക്കുള്ള യാത്രയിലായിരിക്കുന്ന ഞങ്ങൾ അങ്ങയുടെ തീർത്ഥാടക സഭയാണ്. പക്ഷേ, ഞങ്ങൾ ഞങ്ങളുടെ മാതൃരാജ്യത്തിലാണെങ്കിലും വിദേശികളെന്ന പോലെയാണ് ജീവിക്കുന്നത്. എല്ലാ വിദേശ സ്ഥലങ്ങളും ഞങ്ങൾക്ക് വീടാണ്, എങ്കിലും  ഓരോ ജന്മദേശവും ഞങ്ങൾക്ക് അന്യദേശവുമാണ്. ഞങ്ങൾ ഭൂമിയിലാണെങ്കിലും, ഞങ്ങളുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിലാണ്. ഞങ്ങൾക്ക് താല്ക്കാലിക വാസത്തിനു നൽകിയിട്ടുള്ള ഈ ലോകത്തിന്റെ ഭാഗത്തെ സ്വന്തമാക്കുന്നവരാകാൻ ഞങ്ങളെ അനുവദിക്കരുതെ! കുടിയേറ്റക്കാരായ ഞങ്ങളുടെ സഹോദരീസഹോദരന്മാരോടൊപ്പം അങ്ങ് ഞങ്ങൾക്കായി ഒരുക്കിയ നിത്യവാസസ്ഥലത്തേക്ക് സഞ്ചരിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആവശ്യക്കാരുമായുള്ള ഓരോ കണ്ടുമുട്ടലും അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുവുമായുള്ള ഒരു കണ്ടുമുട്ടലായിത്തീരത്തക്കവണ്ണം ഞങ്ങളുടെ കണ്ണുകളെയും ഹൃദയങ്ങളെയും തുറക്കേണമേ. ആമേൻ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2024, 15:43