ദൈവിക പദ്ധതി സ്വയം കണ്ടെത്താൻ വ്യക്തിയെ സഹായിക്കുന്നതാകണം വിദ്യഭ്യാസം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്ലേശകരവും എന്നാൽ പ്രത്യാശയാൽ പ്രശോഭിതവുമായ ഒരു ലോകത്തെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു യഥാർത്ഥ ജീവിത വിദ്യാലയമായി വിദ്യാലയ സമൂഹത്തെ മാറ്റണമെന്ന് മാർപ്പാപ്പാ.
സൗജന്യവിദ്യഭ്യാസത്തിനായുള്ള രക്ഷാകർത്തൃ സംഘടന, ആപെൽ, (APEL - Association des Parents d’Élèves de l’Enseignement Libre) ഫ്രാൻസിലെ വലെൻസിൽ, മെയ് 31- ജൂൺ 2 വരെ ചേർന്നിരിക്കുന്ന സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
വിദ്യഭ്യാസസമൂഹത്തിനുള്ള സേവനത്തിൽ മാതാപിതാക്കൾക്കുള്ള ദൗത്യത്തെക്കുറിച്ചുള്ള പരിചിന്തനത്തിൽ താനും പങ്കുചേരുന്നുവെന്നും കാരണം സമൂഹത്തിൻറെ വർത്തമാനകാലവും ഭാവിയുമായ യുവജനവും കുടുംബങ്ങളും തൻറെ സവിശേഷ ശ്രദ്ധാകേന്ദ്രമാണെന്നും പാപ്പാ സന്ദേശത്തിൽ പറയുന്നു.
വിദ്യാലയത്തിൻറെ പ്രവർത്തനത്തിൽ ശ്രദ്ധിക്കാനും സഹായഹസ്തം നീട്ടാനും രണ്ടാവത്തിക്കാൻ സൂനഹദോസ് മാതാപിതാക്കളുടെ സംഘടനകൾക്ക് പ്രത്യേക പ്രചോദനം പകർന്നിട്ടുള്ളത് പാപ്പാ അനുസ്മരിക്കുന്നു. മക്കളുടെ വിദ്യഭ്യാസ രംഗത്ത് മുഖ്യകഥാപാത്രങ്ങളും പ്രഥമ ശില്പികളുമായ മാതാപിതാക്കളുടെ പ്രസ്തുത ദൗത്യ നിർവ്വഹണത്തിന് വിദ്യാലയത്തിൽ നിന്നു തുടങ്ങി സമൂഹം മുഴവൻറെയും സഹായം ആവശ്യമാണെന്ന് പാപ്പാ പറയുന്നു.
വിദ്യാലയങ്ങളും കുടുംബങ്ങളും തമ്മിലുള്ള ശക്തമായ സഖ്യം അറിവിൻറെ കൈമാറ്റവും അതേ സമയം മാനുഷികവും ആത്മീയവുമായ മൂല്യങ്ങളുടെ സംവേദനവും സാധ്യമാക്കിത്തീർക്കുന്നുവെന്നും, ആകയാൽ, ഈ കൂട്ടുകെട്ട് കൂടുതൽ മാനുഷികമായ ഒരു ലോകത്തിൻറെ നിർമ്മിതിയും അതിൻറെ ആത്മീയ മാനവും ഉറപ്പാക്കുന്നതിനും മനുഷ്യൻറെ സമഗ്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമാണെന്നും പാപ്പാ വിശദീകരിക്കുന്നു. തങ്ങളെ ഓരോരുത്തരെയും സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതി എന്തെന്നു കണ്ടെത്താൻ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ് സത്താപരമായി ഇതിൽ അന്തർലീനമായിരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
വിദ്യാഭ്യാസം വിദ്യാലയജീവിതാന്ത്യത്തോടെ അവസാനിക്കില്ലെന്ന അനുഭവജ്ഞാനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന പാപ്പാ ജീവിതത്തിലുണ്ടാകുന്ന സന്തോഷങ്ങളെയും പരീക്ഷണങ്ങളെയും സ്വീകരിക്കാൻ ഒരുവനെ പ്രാപ്തനാക്കിക്കൊണ്ട് അവൻറെ ജീവിതത്തിലുടനീളം അതിൻറെ ഫലങ്ങൾ ആവിഷ്കൃതമാകുന്നുവെന്നു പറയുന്നു.
ഇന്ന് നിർമ്മിത ബുദ്ധി, അഥവാ, കൃത്രിമ ബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അഗാധ മാറ്റങ്ങളെക്കുറിച്ചും പാപ്പാ തൻറ സന്ദേശത്തിൽ പരാമർശിക്കുന്നു. നിർമ്മിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ ആവശ്യമായ, ധാർമ്മികതയുടെ കാര്യത്തിൽ മാത്രമല്ല, കുട്ടികളുടെയും യുവതയുടെയും ധിക്ഷണാശക്തിയുടെയും തീരുമാനമെടുക്കലിൻറെയും രൂപീകരണത്തിലും സഭയുടെ സഹായം പാപ്പാ ഉറപ്പുനൽകുന്നു. കാരണം ഇത്തരത്തിലുള്ള വെല്ലുവിളി തനിച്ചു നേരിടാൻ കഴിയാത്തതാണെന്ന് പാപ്പാ വ്യക്തമാക്കുകയും ചെയ്യുന്നു. വിദ്യാലയ സമൂഹത്തെ ഒരു യഥാർത്ഥ ജീവിത പഠനക്കളരിയാക്കി മാറ്റാൻ ജീവനുവേണ്ടിയുള്ള വിദ്യഭ്യാസത്തെക്കുറിച്ചുള്ള പരിചിന്തന ദിനങ്ങൾ സഹയിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: