സർക്കിൾ ഓഫ് സെന്റ് പീറ്റർ എന്ന സമൂഹവുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ. സർക്കിൾ ഓഫ് സെന്റ് പീറ്റർ എന്ന സമൂഹവുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ.  (VATICAN MEDIA Divisione Foto)

പാപ്പാ: ഇലകളുടെ തളിരിടൽ വേരുകളുടെ നല്ല ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു

ജൂൺ ഇരുപത്തി നാലാം തിയതി ഫ്രാൻസിസ് പാപ്പാ വി. പത്രോസിന്റെ നാമത്തിൽ ഉപവി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കിൾ ഓഫ് സെന്റ് പീറ്റർ എന്ന സമൂഹവുമായി കൂടിക്കാഴ്ച നടത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സർക്കിൾ ഓഫ് സെന്റ് പീറ്റർ എന്ന സമൂഹത്തെ പാപ്പാ വത്തിക്കാനിൽ സ്വാഗതം ചെയ്ത കൊണ്ട്  റോമിലെ പാവപ്പെട്ടവർക്കായി പാപ്പായുടെയും സഭയുടെയും നാമത്തിൽ നടത്തുന്ന അവരുടെ നിരന്തരമായ സേവനങ്ങളെ പ്രതി ആഹ്ലാദം പ്രകടിപ്പിക്കുകയും തന്റെ നന്ദി അറിയിക്കുകയും ചെയ്തു.

കൂടികാഴ്ചയിൽ 155 വർഷങ്ങളായി അവർക്ക് വിവിധ പാപ്പാമാർ നൽകിയ പ്രബോധനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അവർ തയ്യാറാക്കിയ ഒരു വാല്യം  പാപ്പായ്ക്ക് സമ്മാനിച്ചു. വി. പത്രോസിന്റെ ഈ സമൂഹത്തിന്റെ  വേരുകൾ സംരക്ഷിക്കുന്നതിനുള്ള ഈ ശ്രമം നിർണ്ണായകമാണെന്ന് പ്രശംസിച്ച പാപ്പാ, ജീവിതത്തിനും ഭാവിക്കും ആരോഗ്യകരമായ വേരുകൾ അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറഞ്ഞു. "ഇലകളുടെ തളിരിടൽ വേരുകളുടെ നല്ല ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു," എന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, വേരുകൾക്ക് ജീവനുമായുള്ള ബന്ധവും ചരിത്രത്തിന്  ഭാവിയുമായുള്ള ബന്ധവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം പാപ്പാ അടിവരയിട്ടു.

അവരുടെ ചരിത്രത്തെ "മൃദുവാക്കുകയോ" " വന്ധ്യവൽക്കരിക്കയോ" ചെയ്യരുതെന്ന് പാപ്പാ  മുന്നറിയിപ്പ് നൽകി. വേരുകൾ സജീവമായി നിലനിൽക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്താൽ മാത്രമേ ഓർമ്മകൾ ഭാവിയെ സഹായിക്കുകയുള്ളൂവെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. തങ്ങളുടെ മൂല്യങ്ങളും അനുഭവങ്ങളും യുവതലമുറയ്ക്ക് കൈമാറാൻ അംഗങ്ങളെ പ്രോത്സാഹിപ്പിച്ച പാപ്പാ, ഒരു മുത്തച്ഛൻ തന്റെ ചെറുമകനുമായി തന്റെ അനുഭവങ്ങൾ പങ്കിടുന്ന ചിത്രത്തെ കുറിച്ച് വിശദീകരിച്ചു. തലമുറകൾ തമ്മിലുള്ള ഇത്തരം പങ്കുവെയ്ക്കലിലൂടെ അറിയിക്കാനാകുന്ന, ജീവിച്ചിരിക്കുന്ന വിശ്വാസത്തിന്റെയും പ്രായോഗിക ജീവകാരുണ്യത്തിന്റെയും സമൃദ്ധി പാപ്പാ ചൂണ്ടിക്കാട്ടി.

സമ്പന്നമായ പശ്ചാത്തലം ഉണ്ടായിരുന്നിട്ടും ടൂറിനിലെ ദരിദ്രർക്ക് സഹായം നൽകിക്കൊണ്ടു പോന്ന വാഴ്ത്തപ്പെട്ട പിയർ ജോർജ്ജിയോ ഫ്രാസ്സാത്തിയെ അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ, പരിശുദ്ധാത്മാവും യേശുവിനോടും സഹോദരങ്ങളോടുമുള്ള സ്നേഹവുമാണ് ഫ്രാസാത്തിയെ നയിച്ചിരുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

അടുത്ത വർഷത്തെ ജൂബിലിക്കായുള്ള തയ്യാറെടുപ്പിൽ റോമിലെ അനേകം ഇടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ കുറിച്ചു സംസാരിച്ചുകൊണ്ട്  ഫ്രാൻസിസ് പാപ്പാ എന്നാൽ ഉപവിയുടെ "നിർമ്മാണ സ്ഥലങ്ങളുടെ" പ്രാധാന്യം ഈ അവസരത്തിൽ മറന്നു പോകരുതെന്ന് പ്രത്യേകം അവരെ ഓർമ്മിപ്പിച്ചു.

തീർത്ഥാടകരും വിനോദസഞ്ചാരികളും റോമിലെ ക്രൈസ്തവ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും  അന്തരീക്ഷം  അനുഭവിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.  അതിനാൽ റോമിലെത്തുന്നവരെ പരസ്യ പ്രചാരണമില്ലാതെ മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്ന, സാമീപ്യവും, പങ്കിടലും അനുഭവവേദ്യമാക്കുന്ന ഒരു സന്ദർഭമാക്കി ജൂബിലി വർഷം മാറ്റാൻ സഹായിക്കാൻ അവരോടു പാപ്പാ ആവശ്യപ്പെട്ടു.

സഭയുടെ നിധിയെന്ന് വിശുദ്ധ ലോറൻസ് വിശേഷിപ്പിച്ച ദരിദ്രരുടെ ഹൃദയവും മാംസവും പരിപാലിച്ചുകൊണ്ട് നഗരത്തെ ജൂബിലിക്കായി ഒരുക്കാൻ പാപ്പാ പത്രോസിന്റെ നാമത്തിൽ ഉപവി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയോടു ആവശ്യപ്പെട്ടു. അവരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞ പാപ്പാ അവരെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് ഭരമേൽപ്പിക്കുകയും അവർക്കും അവരുടെ കുടുംബങ്ങൾക്കും തന്റെ അനുഗ്രഹം നൽകുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2024, 14:15