ഇസ്രായേലിനും പലസ്തീനും ആവശ്യമായിരിക്കുന്നത് സമാധാനാശ്ലേഷം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിവർത്തിത ഹൃദയങ്ങളിൽ നിന്നാണ് സമാധാനം പിറവിയെടുക്കുന്നതെന്ന് മാർപ്പാപ്പാ.
2014 ജൂൺ 8-ന് വത്തിക്കാൻ ഉദ്യാനത്തിൽ വച്ച് വിശുദ്ധനാടിൻറെ സമാധാനത്തിനുവേണ്ടി താനും അന്ന് ഇസ്രായേലിൻറെ പ്രസിഡൻറായിരുന്ന മരണമടഞ്ഞ ഷിമോൺ പെരെസും, പലസ്തീൻറെ പ്രസിഡൻറ് മഹമുദ് അബ്ബാസും ചേർന്ന് നടത്തിയ സമാധാന പ്രാർത്ഥനയുടെയും സമാധാനത്തിൻറെ പ്രതീകമായി ഒലിവു ചെടി തങ്ങൾ ഒരുമിച്ചു നട്ടതിൻറെയും പത്താം വാർഷികത്തോടനുബന്ധിച്ച്, ജൂൺ എഴാം തീയതി വെള്ളിയാഴ്ച (07/06/24) വത്തിക്കാൻ ഉദ്യാനത്തിൽ കർദ്ദിനാളന്മാരുടെയും സ്ഥാനപതികളുടെയും സാന്നിധ്യത്തിൽ നടന്ന അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ശാന്തിവാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി നവീകൃതമായ ഒരു പരിശ്രമം ദുരന്തപൂർണ്ണമായ സംഘർഷങ്ങളാൽ മുദ്രിതമായ ഒരു കാലഘട്ടത്തിൽ ആവശ്യമാണെന്നും സമാധാനം സ്വപ്നംകാണുന്നതും സമാധാനബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതും തുടരണമെന്നും പാപ്പാ പറഞ്ഞു.
ഇസ്രായേലിലും പലസ്തീനിലും ശത്രുതയുടെ ഫലമായ യുദ്ധം നിരപരാധികളുടെ ജീവനപഹരിക്കുന്നതും, യാതനകൾ വിതയ്ക്കുന്നതും, ഭാവിതലിമുറകളിൽ വിദ്വേഷം കുത്തിവയ്ക്കുന്നതുമായ തിന്മകളെക്കുറിച്ച് പരാമർശിച്ച പാപ്പാ ഓരോ യുദ്ധവും ലോകത്തെ അതായിരുന്നതിൽ നിന്നു കൂടുതൽ മോശമായ അവസ്ഥയിലേക്കാണ് തള്ളിയിടുന്നതെന്ന ബോധ്യം ഈ ദുരന്തങ്ങൾ നമ്മിലുളവാക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി.
ഭിന്ന സാമൂഹ്യവിഭാഗങ്ങൾ തമ്മിലുള്ള അധികാരവടംവലിയും പക്ഷപാതപരമായ സാമ്പത്തിക താല്പര്യങ്ങളും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് ഉപരിപ്ലവമായ ഒരു സമാധാനം ലക്ഷ്യം വയ്ക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയ സന്തുലിതപ്രവർത്തനങ്ങളും അപകടകരങ്ങളാണെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി. ശത്രുതയുടെയും വിദ്വേഷത്തിൻറെയും മതിലുകൾ തകർത്തുകൊണ്ട് പലസ്തീനും ഇസ്രായേലിനും തോളോടു തോൾ ചേർന്ന് ജീവിക്കാൻ കഴിയുന്ന ഒരു ശാശ്വത സമാധാനം കൈവരിക്കാനും നാമെല്ലാവരും പ്രവർത്തിക്കുകയും പ്രതിജ്ഞാബദ്ധരാകുകയും വേണമെന്ന് പാപ്പാ പറഞ്ഞു.
ക്രൈസ്തവരും യഹൂദരും മുസ്ലീങ്ങളും തമ്മിലുള്ള സാഹോദര്യസമാഗമത്തിൻറെ വേദിയായി ജറുസേലം മാറുകയും അന്താരാഷ്ട്രതലത്തിലുള്ള ഒരു പ്രത്യേക പദവി അതിനു സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സമാധാനം കടലാസ്സുടമ്പടികളിലോ മേശയ്ക്കു ചുറ്റുമിരുന്നുകൊണ്ടുള്ള മാനുഷികവും രാഷ്ട്രീയവുമായ സന്ധിചെയ്യലുകളിലോ ഒതുങ്ങരുതെന്നും, അത് ജന്മംകൊള്ളുന്നത് പരിവർത്തിത ഹൃദയങ്ങളിൽ നിന്നാണെന്നും ദൈവസ്നേഹം നാമോരോരുത്തരിലേക്കും കടക്കുകയും നമ്മെ സ്പർശിക്കുകയും ചെയ്യുമ്പോഴാണെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: