തിരയുക

നോർമാൻഡിയയിൽ സഖ്യസേന ഇറങ്ങിയതിന്റെ ഫയൽ ചിത്രം നോർമാൻഡിയയിൽ സഖ്യസേന ഇറങ്ങിയതിന്റെ ഫയൽ ചിത്രം  

സമാധാനകാംക്ഷികൾ ഭീരുക്കളല്ല, മറിച്ച് ധൈര്യശാലികളാണ്: പാപ്പാ

1944 ൽ നോർമാൻഡിയയിൽ സഖ്യസേന ഇറങ്ങിയതിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ചു ബയ്യൂക്സിലെ കത്തീഡ്രലിൽ പ്രാർത്ഥനയ്ക്കായി ഒന്നിക്കുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. ബയ്യൂക്സിലെ മെത്രാൻ മോൺസിഞ്ഞോർ ജാക്വസ് ഹേബർട്ടിനാണ് പാപ്പാ തന്റെ സന്ദേശം കൈമാറിയത്

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

1944 ൽ നോർമാൻഡിയയിൽ സഖ്യസേന ഇറങ്ങിയതിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ചു ബയ്യൂക്സിലെ കത്തീഡ്രലിൽ പ്രാർത്ഥനയ്ക്കായി ഒന്നിക്കുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. ബയ്യൂക്സിലെ മെത്രാൻ മോൺസിഞ്ഞോർ ജാക്വസ് ഹേബർട്ടിനാണ് പാപ്പാ തന്റെ സന്ദേശം കൈമാറിയത്.

സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ബൃഹത്തായ സൈനികശ്രമത്തെ ഓർക്കുന്ന അവസരത്തിൽ, ജീവൻ ബലികഴിക്കുവാൻ പോലും തയ്യാറായ അവരുടെ ധീരതയെയും സ്മരിക്കണമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇവരുടെ ത്യാഗോജ്ജ്വലമായ പരിശ്രമങ്ങളാണ്  രണ്ടാം ലോകമഹായുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അനുവദിച്ചതെന്നും പാപ്പാ എടുത്തു പറഞ്ഞു.

യുദ്ധം ഉണർത്തുന്ന ഭയാനകത, അവയെ നിശിതമായി അപലപിക്കുന്നതിനും തള്ളിക്കളയുന്നതിനും നമ്മെ സ്വാധീനിക്കുന്നതാവണമെന്നും, അല്ലെങ്കിൽ ഇത്തരം അനുസ്മരണങ്ങൾ ഉപയോഗശൂന്യവും കാപട്യവുമാണെന്നും പാപ്പാ പറഞ്ഞു. 1965 ഒക്ടോബർ നാലാം തീയതി ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു കൊണ്ട് വിശുദ്ധ പോൾ ആറാമൻ പറഞ്ഞ വാക്കുകളും, ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു, " ഇനി ഒരിക്കലും യുദ്ധം ചെയ്യരുത്!". ഒരു പുതിയ ലോക സംഘർഷം ഉണ്ടാകാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യാനുള്ള ദൃഢനിശ്ചയം എടുക്കുവാൻ  ഈ വാക്കുകൾ  പ്രചോദനമാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ജനങ്ങളെല്ലാം സമാധാനം ആഗ്രഹിക്കുന്നുവെന്നും, സ്ഥിരതയ്ക്കും, സുരക്ഷയ്ക്കും, സമൃദ്ധിക്കുമുള്ള അവരുടെ ആവശ്യങ്ങൾ നിഷേധിക്കുന്നത്, ദൈവത്തിന്റെ മുൻപാകെ പാപമാണെന്നും, മനുഷ്യരുടെ മുമ്പിലും ചരിത്രത്തിനു  മുമ്പിലും ഗുരുതരമായ തെറ്റാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

"സമാധാനമുണ്ടാക്കുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം. സമാധാനം ആഗ്രഹിക്കുന്നത് ഭീരുത്വമല്ല, മറിച്ച് അത് ത്യാഗത്തിൽ നിന്നും ഉടലെടുക്കുന്ന ധൈര്യമാണ്", പാപ്പാ പറഞ്ഞു. ഏറ്റുമുട്ടലിന്റെ വിട്ടുവീഴ്ചയില്ലാത്തതും, പിടിവാശി നിറഞ്ഞതുമായ  യുക്തിക്ക് വിരുദ്ധമായി, കണ്ടുമുട്ടലുകളുടെയും, സംഭാഷണത്തിന്റെയും സമാധാനപരമായ പാതകൾ തുറക്കാൻ എല്ലാവർക്കും   സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2024, 20:37