തിരയുക

വിത്തു പൊട്ടി മുളച്ച് ഫലം പുറപ്പെടുവിക്കാൻ ക്ഷമയോടെ കാത്തിരിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ വിചിന്തനം: വിത്തു വിതയ്ക്കുന്ന കർഷകൻറെ സവിശേഷ മനോഭാവം, ക്ഷമയുടെ, വിശ്വാസത്തോടുകൂടിയ കാത്തിരിപ്പിൻറെ മനോഭാവം പുലർത്താൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ച (16/06/24) നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (16/06/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം നാലാം അദ്ധ്യായം, 26-34വരെയുള്ള വാക്യങ്ങൾ (മർക്കോസ് 4:26-34) അതായത്, യേശു ദൈവരാജ്യത്തെ വിത്തുവിതയ്ക്കുന്നതിനോടും കടുകുമണിയോടും ഉപമിക്കുന്ന ഭാഗം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

ദൈവരാജ്യം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭഞായർ!

ഇന്ന് ആരാധനാക്രമത്തിലെ സുവിശേഷം നമ്മോട് ദൈവരാജ്യത്തെക്കുറിച്ച് വിത്തിൻറെ സാദൃശ്യത്തിലൂടെ സംസാരിക്കുന്നു (മർക്കോസ് 4,26-34 കാണുക). യേശു ഈ സാദൃശ്യം പല പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്, (മത്തായി 13.1-23; മർക്കോസ് 4.1-20; ലൂക്കാ 8.4-15 കാണുക), ഇന്ന് അവിടന്ന് അങ്ങനെ ചെയ്യുന്നത് വിത്തുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സുപ്രധാന മനോഭാവത്തെക്കുറിച്ച് പ്രത്യേകം മനനം ചെയ്യാൻ നമ്മെ ക്ഷണിച്ചുകൊണ്ടാണ്. ഈ മനോഭാവം ആത്മവിശ്വാസമുള്ള പ്രതീക്ഷയാണ്.

ക്ഷമയുടെ അനിവാര്യത

വാസ്തവത്തിൽ, വിതയ്ക്കൽ പ്രക്രിയയിൽ, കർഷകൻ എത്ര മികച്ചതും എത്രയധികവും വിത്തെറിഞ്ഞാലും, അവൻ എത്ര നന്നായി നിലം ഒരുക്കിയാലും, ചെടികൾ ഉടനടി മുളച്ചുവരില്ല: ഇതിന് സമയവും ക്ഷമയും ആവശ്യമാണ്! ആകയാൽ, വിതച്ചതിനുശേഷം,  വിത്ത് യഥാസമയം തുറക്കുന്നതും ചിനപ്പുപൊട്ടുന്നതും നിലത്തു നിന്ന് ഉയർന്നുവരുന്നതും, അവസാനം, സമൃദ്ധമായ വിളവ് ഉറപ്പാക്കും വിധം മതിയായ കരുത്തോടെ വളരുന്നതും ആത്മവിശ്വാസത്തോടെ കാത്തിരിക്കാൻ അവനറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ് (മർക്കോസ് 4,28-29 കാണുക). ഭൂമിക്കടിയിൽ ഒരത്ഭുതം ഇതിനകം നടക്കുന്നു (മർക്കോസ് 4, 27 കാണുക), വലിയൊരു വികസനം നടക്കുന്നു, എന്നാൽ അത് അദൃശ്യമാണ്, ക്ഷമ ആവശ്യമാണ്, അതിനിടയിൽ, ഉപരിതലത്തിൽ ഒന്നും സംഭവിക്കുന്നില്ല എന്ന പ്രതീതിയാണുള്ളതെങ്കിലും, നിലം പരിപാലിക്കുന്നതും നനയ്ക്കുന്നതും വൃത്തിയായി സൂക്ഷിക്കുന്നതും തുടരേണ്ടത് ആവശ്യമാണ്.

നമ്മിൽ നിക്ഷേപിക്കപ്പെട്ട വിത്തുകൾ

ദൈവരാജ്യവും ഇതുപോലെയാണ്. കർത്താവ് തൻറെ വചനത്തിൻറെയും കൃപയുടെയും വിത്തുകൾ നമ്മിൽ നിക്ഷേപിക്കുന്നു, നല്ലതും സമൃദ്ധവുമായ വിത്തുകൾ, പിന്നെ അവിടന്ന്, നമുക്കു അവിരാമം തുണയായിരിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നു. ഒരു പിതാവിൻറെ വിശ്വാസത്തോടെ കർത്താവ് നമ്മെ പരിപാലിക്കുന്നത് തുടരുന്നു, പക്ഷേ വിത്തുകൾ തുറക്കാനും സൽപ്രവൃത്തികളുടെതായ ഫലം പുറപ്പെടുവിക്കുന്നതുവരെ വളരാനും വികസിക്കാനും നമുക്ക് സമയം നൽകുന്നു - കർത്താവ് ക്ഷമയുള്ളവനാണ്. തൻറെ വയലിൽ ഒന്നും നഷ്ടപ്പെടാതിരിക്കാനും എല്ലാം പൂർണ്ണമായി പാകമാകുന്നതിനും അവിടന്ന് ആഗ്രഹിക്കുന്നതിനാലാണിത്; നാം എല്ലാവരും ധാന്യങ്ങൾ നിറഞ്ഞ കതിരുകൾ പോലെ വളരണമെന്ന് അവിടന്ന് അഭിലഷിക്കുന്നു.

നമ്മുടെ ഉള്ളിൽ നടക്കുന്ന അത്ഭുതം 

മാത്രമല്ല. അങ്ങനെ ചെയ്യുന്നതിലൂടെ, കർത്താവ് നമുക്ക് ഒരു മാതൃക നൽകുകയാണ്: നാം എവിടെയാണോ അവിടെ ആത്മവിശ്വാസത്തോടെ സുവിശേഷം വിതയ്ക്കാനും വിതച്ച വിത്ത് നമ്മിലും മറ്റുള്ളവരിലും വളർന്ന് ഫലം കായ്ക്കാൻ കാത്തിരിക്കാനും  അദ്ധ്വാനിച്ചിട്ടും ഉടനടി ഫലം കാണുന്നില്ലെന്ന പ്രതീതിയുളവാകുമ്പോൾ പോലും, നിരാശരാകാതെ പരസ്പരം താങ്ങാകുകയം സഹായിക്കുകയും ചെയ്യുന്നതു തുടരാനും അവിടന്ന് നമ്മെ പഠിപ്പിക്കുന്നു.  വാസ്‌തവത്തിൽ, പലപ്പോഴും നമുക്കിടയിലും, പുറംകാഴ്ചകൾക്കപ്പുറം, ഇതിനകം അത്ഭുതം നടന്നുകൊണ്ടിരിക്കയാണ്, തക്കസമയത്ത് അത് സമൃദ്ധമായി ഫലം പുറപ്പെടുവിക്കും!

വചനം  വിതയ്ക്കപ്പെടുന്നതിനുള്ള നിലമാകുക, വിതക്കാരനാകുക 

ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എന്നിൽ വചനം വിതയ്ക്കപ്പെടാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ? ഞാൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ ആത്മവിശ്വാസത്തോടെ ഞാൻ ദൈവവചനം വിതയ്ക്കുന്നുണ്ടോ? കാത്തിരിക്കുന്നതിൽ ഞാൻ ക്ഷമയുള്ളവനാണോ, അതോ ഫലം ഉടനടി കാണാത്തതിനാൽ ഞാൻ നിരാശപ്പെടുന്നുണ്ടോ? സുവിശേഷം അറിയിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട്, എല്ലാം കർത്താവിനെ സമാധാനപരമായി ഏൽപ്പിക്കാൻ എനിക്കറിയാമോ? വചനത്തിൻറെ വിത്ത് സ്വീകരിക്കുകയും തന്നിൽ വളർത്തുകയും ചെയ്‌ത കന്യകാമറിയം, സുവിശേഷത്തിൻറെ ഉദാരമതികളും ആത്മവിശ്വാസമുള്ളവരുമായ വിതക്കാരാകാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - നവ വാഴ്തപ്പെട്ട  മൈക്കിൾ റപാത്സ്

ശനിയാഴ്‌ച (15/06/24) പോളണ്ടിലെ  ക്രാക്കോവിൽ, നിണസാക്ഷി മൈക്കിൾ റപാത്സ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു. വൈദികനും രക്തസാക്ഷിയും, ക്രിസ്തുവിൻറെ ഹിതാനുസാരമുള്ള ഇടയനുമായിരുന്ന അദ്ദേഹം സുവിശേഷത്തിൻറെ വിശ്വസ്തനും ഉദാരമതിയുമായ സാക്ഷിയായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. നാസികളുടെയും സോവിയറ്റ് യൂണിയൻറെയും പീഡനം അനുഭവിച്ച നവവാഴ്ത്തപ്പെട്ട റപാത്സ് ജീവൻ യാഗമായി നൽകി അതിനോട് പ്രത്യുത്തരിച്ചുവെന്ന് പാപ്പാ അനുസ്മരിച്ചു.

കോംഗൊയിൽ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ അഭ്യർത്ഥന

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൻറെ  കിഴക്കൻ ഭാഗത്ത് നടന്ന സംഘർഷങ്ങളുടെയും കൂട്ടക്കൊലകളുടെയും വേദനാജനകമായ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ചും പാപ്പാ ദുഃഖത്തോടെ പരാമർശിച്ചു. അക്രമം തടയുന്നതിനും സാധാരണജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യണമെന്ന് ദേശീയ അധികാരികളോടും അന്താരാഷ്ട്ര സമൂഹത്തോടും പാപ്പാ അഭ്യർത്ഥിച്ചു. ഇരകളിൽ പലരും വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ക്രിസ്ത്യാനികളാണെന്നും അവർ രക്തസാക്ഷികളാണെന്നും പാപ്പാ പറഞ്ഞു. അവരുടെ യാഗം, മുളച്ച് ഫലം കായ്ക്കുന്ന ഒരു വിത്താണെന്നു പ്രസ്താവിച്ച പാപ്പാ, ധൈര്യത്തോടെയും വിശ്വാസാനുസൃതവും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ അത് നമ്മെ പഠിപ്പിക്കുന്നുവെന്നു ഓർമ്മിപ്പിച്ചു.

യുദ്ധവേദികളിൽ സമാധാനം പുനസ്ഥാപിതമാകുന്നതിനായി പ്രാർത്ഥിക്കുക

ഉക്രൈയിനിലും വിശുദ്ധ നാട്ടിലും സുഡാനിലും മ്യാൻമറിലും യുദ്ധം മൂലം യാതനകളുള്ള എല്ലായിടത്തും സമാധാനം ഉണ്ടാകുന്നതിനായുള്ള പ്രാർത്ഥന തുടരണമെന്ന് പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 June 2024, 10:18

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >