വത്തിക്കാനിൽ അന്താരാഷ്ട്ര ഹാസ്യനടീനടന്മാരും കോമിക് കലാകാരന്മാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ. വത്തിക്കാനിൽ അന്താരാഷ്ട്ര ഹാസ്യനടീനടന്മാരും കോമിക് കലാകാരന്മാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ. 

പാപ്പാ : ചിരി സ്വാർത്ഥതയ്ക്കും വ്യക്തി മഹാത്മ്യവാദത്തിനുമുള്ള മറു മരുന്ന്

കല, നർമ്മം, സാംസ്കാരിക സംവാദം എന്നിവയുടെ ആഘോഷത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പാ ജൂൺ 14 വെള്ളിയാഴ്ച വത്തിക്കാനിൽ അന്താരാഷ്ട്ര ഹാസ്യനടീനടന്മാരും കോമിക് കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി. തതവസരത്തിൽ പാപ്പാ നൽകിയ സന്ദേശത്തിൽ പാപ്പാ സാമൂഹ്യ പ്രതിബന്ധങ്ങൾ തകർത്ത് പങ്കുവയ്ക്കലിലേക്ക് നയിക്കുന്ന ചിരി സ്വാർത്ഥതയ്ക്കും വ്യക്തി മഹാത്മ്യവാദത്തിനുമുള്ള മറു മരുന്ന് എന്ന് വ്യക്തമാക്കി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വത്തിക്കാന്റെ വിദ്യാഭ്യാസത്തിനും സംസ്കാരത്തിനുമായുള്ള ഡികാസ്റ്ററിയും, ആശയ വിനമയത്തിനായുള്ള ഡികാസ്റ്ററിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം ഹാസ്യനടീനടന്മാർ രാവിലെ 8.30 ന് അപ്പോസ്തോലിക അരമനയിൽ ഒത്തുചേർന്നു.

ഹാസ്യത്തിന്റെ സാർവ്വത്രിക ഭാഷയിലൂടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും അന്തരീക്ഷം വളർത്തിക്കൊണ്ട് കത്തോലിക്കാ സഭയും ഹാസ്യകലാകാരന്മാരും തമ്മിൽ "ഒരു ബന്ധം സ്ഥാപിക്കുക" എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

കോമഡിയും നർമ്മവും വിപരീതാർത്ഥ പ്രയോഗങ്ങളും വഴി കാര്യങ്ങൾ വിശദീകരിക്കുന്ന അവരെ ബഹുമാനത്തോടെയാണ് താൻ നോക്കിക്കാണുന്നതെന്ന് പറഞ്ഞ പാപ്പാ ടെലവിഷനിലും, സിനിമയിലും, നാടകങ്ങളിലും, തുടങ്ങി വിവിധ തരം കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവരിൽ ഹാസ്യ കലാകാരന്മാർ ഏറ്റവും അധികം സ്നേഹിക്കപ്പെടുകയും കൈയ്യടി വാങ്ങിക്കുകയും ചെയ്യുന്നതിന് കാരണം അവർ മനുഷ്യരെ ചിരിപ്പിക്കാനുള്ള ദാനം വളർത്തിയെടുത്തതാണ് എന്ന് അവരോടു വിശദീകരിച്ചു.

പല ഇരുണ്ട വാർത്തകൾക്കും നടുവിലും ശാന്തതയും ചിരിയും പടർത്താൻ കഴിവുള്ള, തലമുറകളിലും സംസ്കാരങ്ങളിലും വ്യത്യസ്തരായവരോടു സംസാരിക്കാൻ കഴിവുള്ള ചുരുക്കം ചിലരിൽ പെട്ടവരാണ് അവർ. ചിരി പടർന്നു പിടിക്കുന്ന ഒന്നായതിനാൽ അവർ അവരുടെതായ രീതിയിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നു. തനിച്ചു ചിരിക്കുന്നതിനേക്കാൾ ഒരുമിച്ചു ചിരിക്കാനാണ് എളുപ്പം - സന്തോഷം, പങ്കുവയ്ക്കലിലേക്ക് വഴിതെളിക്കുമെന്നും സ്വാർത്ഥതയ്ക്കും വ്യക്തി മഹാത്മ്യവാദത്തിനുമുള്ള ഏറ്റവും നല്ല മറുമരുന്നാണ്  അത് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

ചിരി, സാമൂഹ്യ പ്രതിബന്ധങ്ങൾ തകർക്കുകയും വ്യക്തികൾ തമ്മിൽ ബന്ധം സൃഷ്ടിക്കുകയും ചെയ്യും. ബുദ്ധിയുള്ള മനുഷ്യൻ (homo Sapiens) കലാസാംസ്കാരിക കഴിവുകൾ വളർത്തുന്നവൻ കൂടിയാണ് ( homo ludens). സ്വയം പ്രകടിപ്പിക്കാനും, പഠിക്കാനും സാഹചര്യങ്ങൾക്ക് അർത്ഥം നല്കാനുമുള്ള  മനുഷ്യജീവിതത്തിന്റെ കേന്ദ്രമാണ് കളികളിലൂടെയുള്ള ഉല്ലാസവും ചിരിയും, പാപ്പാ വിശദീകരിച്ചു.

അവരുടെ താലന്ത് വളരെ വിലപ്പെട്ടതാണെന്നും  ചിരിയോടൊപ്പം ഹൃദയങ്ങളിലും വ്യക്തികളുടെയിടയിലും സമാധാനം പരത്തി ഓരോ ദിവസവുമുള്ള ബുദ്ധിമുട്ടുകൾ നേരിടാൻ  അത് സഹായിക്കുന്നു എന്നും പാപ്പാ ഓർമ്മിച്ചു. തോമസ് മൂറിന്റെ വാക്കുകൾ കടമെടുത്തു കൊണ്ട് എല്ലാ ദിവസവും "കർത്താവെ എനിക്ക് നർമ്മബോധം തരണമേ “ എന്ന് പ്രാർത്ഥിക്കാനിഷ്ടപ്പെടുന്നയാളാണ് താനെന്ന് അവരോടു പങ്കുവച്ച പാപ്പാ, ഇതാണ് ശരിയായ രീതിയിൽ കാര്യങ്ങൾ എടുക്കാൻ തന്നെ സഹായിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ചരിത്രത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടു പോലും അവർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നു എന്നതാണ് അവർ ചെയ്യുന്ന മറ്റൊരത്ഭുതമെന്ന് പാപ്പാ പറഞ്ഞു. ചിരിച്ചുകൊണ്ടും ചിരിപ്പിച്ചു കൊണ്ടും, പരിഭ്രാന്തിയോ ഭീതിയോ ഉണ്ടാക്കാതെ, അവർ അതിരു കടന്ന അധികാരപ്രവണതയെ അപലപിക്കുകയും, മറവിയിൽ മറഞ്ഞ സാഹചര്യങ്ങൾക്ക് ശബ്ദം നൽകുകയും, ദുരുപയോഗങ്ങൾ ഉയർത്തി കാട്ടുകയും, അനുചിത പെരുമാറ്റങ്ങൾ ചൂണ്ടി കാണിക്കുകയും ചെയ്യുന്നത് പാപ്പാ ഓർമ്മിച്ചു.

വിശുദ്ധ ഗ്രന്ഥത്തിൽ ലോകാരംഭത്തിൽ ദൈവത്തിന്റെ വിജ്ഞാനം  ചരിത്രത്തിലെ  കാഴ്ചക്കാരനായി അവരുടെ കലയാണ് പരിശീലിച്ചത്  എന്ന് സുഭാഷിതങ്ങൾ 8, 30-31 വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് പാപ്പാ വിശദീകരിച്ചു. ഒരു കാഴ്ചക്കാരന്റെയെങ്കിലും ചുണ്ടിൽ ബുദ്ധിപരമായ ഒരു ചിരി വിരിയിക്കാൻ അവർക്കാവുമ്പോൾ ദൈവത്തെ കൂടി അവർ ചിരിപ്പിക്കുകയാണെന്ന് ഓർമ്മിക്കാൻ പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു.

പല രൂപത്തിലും ശൈലിയിലും, ഹാസ്യം ചിന്തിക്കാനും പറയാനും അറിയാവുന്ന അവരുടെ ഹാസ്യത്തിന്റെ ഭാഷ മനുഷ്യന്റെ പ്രകൃതം മനസ്സിലാക്കാനും ശ്രവിക്കാനും പറ്റിയതാണ്. ഹാസ്യം മുറിവേൽപ്പിക്കുന്നതും, അപമാനിക്കുന്നതുമല്ല, ആളുകളെ അവരുടെ കുറവുകളിൽ തളയ്ക്കുന്നില്ല എന്നും വൈവിധ്യങ്ങളെയും പലപ്പോഴും വൈരുദ്ധ്യങ്ങളെയും ഒന്നിച്ചു വയ്ക്കാർ കഴിയുന്നതാണെന്നും പറഞ്ഞ പാപ്പാ അവരിൽ നിന്ന് നമുക്ക് എത്രമാത്രം പഠിക്കാനുണ്ടെന്ന് അത്ഭുതപ്പെട്ടു.

ദൈവത്തെ കുറിച്ചു പോലും നമുക്ക് ചിരിക്കാനാവും എന്ന് ബൈബിളിൽ വാർദ്ധക്യത്തിൽ കുഞ്ഞു ജനിക്കുമെന്ന് ദൈവം അബ്രഹാമിനോടു പറയുന്ന സംഭവം കേട്ട സാറായുടെ ചിരി  വിവരിച്ചു കൊണ്ട് പാപ്പാ വിശദീകരിച്ചു. സന്തോഷിച്ചു ചിരിക്കാൻ ദൈവം എനിക്ക് ഒരു കാരണം തന്നു എന്ന് പറഞ്ഞ്  അവൾ താൻ പ്രസവിച്ച കുഞ്ഞിനെ “അവൻ ചിരിക്കുന്നു” എന്നർത്ഥം വരുന്ന ഇസഹാക്ക് എന്ന് പേരു വിളിച്ചു. നാം സ്നേഹിക്കുന്നവരുമായി ചിരിക്കുകയും കളിക്കുകയും ചെയ്യുന്നതു പോലെ   ദൈവത്തെക്കുറിച്ചും ചിരിക്കാനാവുമെന്ന് പറഞ്ഞ പാപ്പാ ഇതിന് യഹൂദ വിജ്ഞാനവും സാഹിത്യവും വളരെ ആധികാരികമാണെന്ന് ചൂണ്ടിക്കാണിച്ചു. എന്നാൽ ദൈവത്തെക്കുറിച്ച് ഹാസ്യം ചെയ്യുമ്പോൾ അവ വിശ്വാസികളുടെ, പ്രത്യേകിച്ച് ദരിദ്രരുടെ വികാരങ്ങൾ മാനിച്ചുകൊണ്ടാവണം എന്ന് പ്രത്യേകം പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

ദൈവം അവരെയും അവരുടെ കലയേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്, ജനങ്ങളെ സന്തോഷിപ്പിക്കുന്നത്, പ്രത്യേകിച്ച് ജീവിതത്തെ പ്രത്യാശയോടെ കാണാൻ ബുദ്ധിമുട്ടുന്നവരെ സന്തോഷിപ്പിക്കുന്നതു തുടരാൻ പാപ്പാ അവരോടു അഭ്യർത്ഥിച്ചു. യാഥാർത്ഥ്യങ്ങളെ അവയുടെ വിരോധാഭാസങ്ങളോടെ കാണാനും ഒരു നല്ല ലോകം സ്വപ്നം കാണാനും സഹായിക്കാനും തനിക്കു വേണ്ടി പ്രാർത്ഥിക്കാനും അഭ്യർത്ഥിച്ചു കൊണ്ടുമാണ് പാപ്പാ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2024, 13:42