ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളികളുടെ സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു, വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ, 01/06/24 ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളികളുടെ സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു, വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ, 01/06/24  (AFP or licensors)

“ഞാൻ” എന്നതിൽ നിന്ന് “നാം” എന്നതിലേക്ക് കടക്കാൻ സഹായകമായ വേദികൾ ആവശ്യം, പാപ്പാ!

ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളി സംഘടനയുടെ എൺപതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസീസ്പാപ്പാ, പ്രസ്തുത സംഘടനയിലെ അംഗങ്ങളടങ്ങിയ ആറായിരത്തോളം പേരുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. ജനകീയത, സിഡാത്മകത, അഥവാ, കൂട്ടായ്മ, പ്രജാധിപത്യ സ്വഭാവം, സമാധാനപരത, ക്രൈസ്തവികത എന്നിവ ഈ സംഘടനയുടെ പ്രവർത്തന ശൈലിയുടെ പഞ്ച സവിശേഷതകളായി പാപ്പാ എടുത്തുകാട്ടി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

“ഞാൻ” എന്നതിൽ നിന്ന് “നാം” എന്നതിലേക്ക് കടക്കാൻ സഹായകമായ വേദികൾ ഛിന്നഭിന്നമായ ഒരു സമൂഹത്തിലും വ്യക്തിവാദം പ്രബലമായ ഒരു സംസ്കാരത്തിലും നമുക്കിന്ന് ഏറെ ആവശ്യമായിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

“ആക്ലി” (ACLI Associazioni Cristiane Lavoratori Italiani) എന്ന ചുരുക്ക സംജ്ഞയിൽ അറിയപ്പെടുന്ന  ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളികളുടെ സംഘടനയുടെ എൺപതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസീസ്പാപ്പാ, പ്രസ്തുത സംഘടനയിലെ അംഗങ്ങളടങ്ങിയ ആറായിരത്തോളം പേരെ ജൂൺ 1-ന് ശനിയാഴ്ച (01/06/24) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യവെ ഈ സംഘടനയുടെ സവിശേഷ പ്രവർത്തന ശൈലിയെകുറിച്ച് സംസാരിക്കുകയായിരുന്നു.

പത്രങ്ങളുടെ പ്രഥമ താളുകളിൽ പ്രത്യക്ഷപ്പെടാത്തവരും എന്നാൽ പലപ്പോഴും വസ്തുതകളെ നന്മയായി പരിണമിപ്പിക്കുന്നവരുമായ “അയൽക്കാർ” ആയ വിശുദ്ധരെ കണ്ടുമുട്ടാൻ കഴിയുന്ന ഇടമാണ് “ആക്ലി” എന്ന ഈ സംഘടനയെന്ന് പാപ്പാ വിശേഷിപ്പിച്ചു. ഈ സംഘടനയുടെ പ്രവർത്തന ശൈലിയെക്കുറിച്ചു വിശദീകരിച്ച പാപ്പാ അതിൻറെ ജനകീയത, സിഡാത്മകത, അഥവാ, കൂട്ടായ്മ, പ്രജാധിപത്യ സ്വഭാവം, സമാധാനപരത, ക്രൈസ്തവികത എന്നീ പഞ്ച സവിശേഷതകൾ എടുത്തുകാട്ടി.

ജനതയുടെ ചാരെ ആയിരിക്കുക മാത്രമല്ല അവരുടെ ഭാഗമാണെന്ന പ്രതീതിയുളവാക്കുകയും സമൂഹത്തിൻറെ സന്തോഷങ്ങളും അനുദിന വെല്ലുവിളികളും ജീവിക്കുകയും അതിൽ പങ്കുചേരുകയും സാധാരണജനതയുടെ മൂല്യങ്ങളിലും അറിവുകളിലും നിന്ന് പഠിക്കുകയും ചെയ്യുന്നതാണ് “ആക്ലി”  സംഘടനയുടെ ജനകീയ ശൈലിയെന്ന് പാപ്പാ പറഞ്ഞു.

മൗലികമായ, സംഘാത പ്രവർത്തനവും പൊതുനന്മയ്ക്കായുള്ള സഹകരണവും ഭിന്ന സാമൂഹ്യ,സാസ്കാരിക,രാഷ്ട്രീയ, മതപരങ്ങളായ വ്യക്തികളുടെ സാന്നിധ്യം സാക്ഷപ്പെടുത്തുന്നുവെന്ന് പാപ്പാ ഈ സംഘടനയുടെ പ്രവർത്തന ശൈലിയികളിലൊന്നായ കൂട്ടായ്മയെക്കുറിച്ചു വിശദീകരിക്കവെ വ്യക്തമാക്കി.

സ്ത്രീകളും യുവതയും മറ്റും പലതരത്തിലുള്ള വിവേചനത്തിന് ഇരകളാകുന്ന പശ്ചാത്തലത്തിൽ ഈ സംഘടന അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി പരിശ്രമിച്ചുകൊണ്ട് അതിൻറെ പ്രജാധിപത്യ ശൈലിക്ക് സാക്ഷ്യമേകുന്നുവെന്ന് പാപ്പാ വിശദമാക്കി.

നരിവധിയായ യുദ്ധങ്ങൾ നിണപങ്കിലമാക്കുന്ന ലോകത്തിൽ ഈ സംഘടന സമാധാനപ്രവർത്തകരുടെ ശൈലിയാണ് പിൻചെല്ലുന്നതെന്ന് പാപ്പാ പറഞ്ഞു. മൗലികമായി സമാധാനപ്രവർത്തകരാകുക എന്നത് എന്താണന്നു മനസ്സിലാക്കുന്നതിന് യേശുവിലേക്കല്ലാതെ മറ്റാരിലേക്കും നോക്കാനില്ലെന്നും എല്ലാവരെയും സ്വാഗതം ചെയ്യാനുള്ള പ്രചോദനം അവിടന്നിൽ നിന്നു മാത്രമെ ലഭിക്കുകയുള്ളുവെന്നും ഈ സംഘടനയുടെ പ്രവർത്തനത്തിൻറെ ക്രിസ്തീയ ശൈലിയെക്കുറിച്ചു പരമാർശിക്കവെ പാപ്പാ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2024, 12:49