പാപ്പാ: സ്വരലയം, കുട്ടായ്മ, ആന്ദം എന്നിവ ഗായക സംഘത്തിൻറെ സവിശേഷ ഘടകങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഗീത കല, വിവർത്തനം ആവശ്യമില്ലാത്ത സാർവ്വത്രിക ഭാഷയാണെന്ന് മാർപ്പാപ്പാ.
ജൂൺ 7-9 വരെ വത്തിക്കാനിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, ഇടവക, രൂപത തുടങ്ങിയ തലങ്ങളിലുള്ള ദേവാലയ ഗായകസംഘങ്ങളുടെ നാലാം അന്താരാഷ്ട്രയോഗത്തിൽ പങ്കെടുക്കുന്നവരടങ്ങിയ നാലായിരത്തോളം പേരെ പോൾ ആറാമൻ ശാലയിൽ വച്ച് ശനിയാഴ്‌ച (08/06/24) സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
റോം രൂപതയുടെ ഗായകസംഘത്തിൻറെ നാല്പതാം വാർഷികത്തെക്കുറിച്ചും പാപ്പാ അനുസ്മരിക്കുകയും റോമിലും ലോകത്തിൻറെ ഇതരഭാഗങ്ങളിലും വിലയേറിയ സേവനമേകുന്നതിന് പ്രചോദനം പകരുകയും ചെയ്തു.
സംഗീതം ഐക്യം സംജാതമാക്കുന്നുവെന്നും അത് വേദനിക്കുന്നവന് സാന്ത്വനമേകുകയും നിരാശയിലാണ്ട വ്യക്തിക്ക് ആശപകരുകയും, സൗന്ദര്യം കവിത എന്നീ വിസ്മയകരങ്ങളായ മൂല്യങ്ങൾ ഒരോ വ്യക്തിയിലും പുഷ്പിതമാക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ആരാധനാഗീതികളുടെ ആലാപനത്തിന് ആവശ്യമായ സവിശേഷതകളിൽ ഒന്നായ സ്വരലയത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.
കൂട്ടായ്മയെക്കുറിച്ചു പരാമർശിച്ച പാപ്പാ ഗായകസംഘം ഗാനം ആലപിക്കുന്നത് ഒരുമയിലാണെന്നും അതിൽ ആരും തനിച്ചല്ല ആലാപനം നടത്തുന്നതെന്നും പറഞ്ഞു. ഈ കൂട്ടായ്മ നമ്മോട് നാം ജീവിക്കുന്ന ലോകത്തെയും സഭയെയുംകുറിച്ച് സംസാരിക്കുന്നുവെന്നും നമ്മുടെ ഒത്തൊരുമിച്ചുള്ള മുന്നേറ്റം വാസ്തവത്തിൽ ഓരോരുത്തരും സ്വന്തം കഴിവിനനുസാരം പങ്കുചേരുന്ന മഹത്തായൊരു സംഗീതവിരുന്നിനെ പ്രതിനിധാനം ചെയ്യുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.
ആനന്ദം എന്ന മൂന്നാമത്തെ സവിശേഷതയെക്കുറിച്ചു വിശദീകരിക്കവെ പാപ്പാ ഈ ഗായകസംഘങ്ങളിലുള്ളവർ കലയുടെയും സൗന്ദര്യത്തിൻറെയും ആദ്ധ്യാത്മികതയുടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിയുടെ സംരക്ഷകരാണെന്ന് ശ്ലാഘിച്ചു. ഒരു ഗായകസംഘത്തിൽ കടന്നുകൂടാൻ സാധ്യതയുള്ള സ്വാർത്ഥത, ഉല്ക്കർഷേച്ഛ, അസൂയ, ഭിന്നിപ്പുകൾ തുടങ്ങിയവയാൽ ലോകാരൂപി അതിനെ മലിനമാക്കാൻ അനുവദിക്കരുതെന്ന് പാപ്പാ അവരെ ഒർമ്മിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: