തിരയുക

ഫ്രാൻസീസ് പാപ്പാ കുടുംബങ്ങളോടൊപ്പം ഫ്രാൻസീസ് പാപ്പാ കുടുംബങ്ങളോടൊപ്പം  (Vatican Media)

ദൈവത്തിൻറെ പ്രവർത്തനശൈലിയെക്കുറിച്ച് മാതാപിതാക്കൾ ചിന്തിക്കണം, പാപ്പാ!

ആഗോള രക്ഷാകർത്തൃദിനത്തിൽ ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവം കുട്ടികളിൽ വിശ്വാസമർപ്പിക്കുകയും അവരുടെ ദൗത്യം ജീവിക്കാനും നിറവേറ്റാനും വിളിക്കുകയും ചെയ്യുന്നുവെന്ന് മാർപ്പാപ്പാ!

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആഗോള രക്ഷാകർത്തൃദിനം ആചരിക്കപ്പെട്ട ജൂൺ 1-ന്, ശനിയാഴ്ച (01/06/24) ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) എന്ന പുതിയനാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ രക്ഷാകർത്തൃദിനം എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഈ പ്രസ്താവന ഉള്ളത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“മാതാപിതാക്കൾ ദൈവത്തിൻറെ പ്രവർത്തനരീതിയെ കുറിച്ച് ചിന്തിക്കേണ്ടത് എത്രമാത്രം പ്രധാനമാണ്! ദൈവം യുവജനങ്ങളെ സ്നേഹിക്കുന്നു, എന്നാൽ, ഇതിനർത്ഥം, അവിടന്ന് അവരെ എല്ലാ വിപത്തുളിലും എല്ലാ വെല്ലുവിളികളിലും സകല കഷ്ടപ്പാടുകളിലും നിന്ന് സംരക്ഷിക്കുന്നു എന്നല്ല. അവിടന്ന് അമിത സംരക്ഷണം ഏകുന്നവനല്ല. അവിടന്ന് അവരിൽ വിശ്വസിക്കുകയും അവരെ ഓരോരുത്തരെയും ജീവിതത്തിലേക്കും ദൗത്യത്തിലേക്കും വിളിക്കുകയും ചെയ്യുന്നു. #രക്ഷാകർത്തൃദിനം. ”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

“ഉല്ലാസകരമായ രക്ഷാകർത്തൃത്വത്തിൻറെ വാഗ്ദാനം” (The Promise of Playful Parenting) എന്ന വിചിന്തന പ്രമേയമാണ് ഇക്കൊല്ലത്തെ ലോക രക്ഷാകർത്തൃ ദിനാചരണത്തിനായി സ്വീകരിച്ചിരുന്നത്.

2012 സെപ്റ്റംബർ 17-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം ജൂൺ 1 ലോക രക്ഷാകർത്തൃദിനമായി ആചരിക്കാൻ തീരുമാനിച്ചുകൊണ്ടുള്ള പ്രഖ്യാപനം അംഗീകരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2024, 13:30