തിരയുക

കാമ്പിതോലിയോയിൽ പാപ്പാ സന്ദർശനം. കാമ്പിതോലിയോയിൽ പാപ്പാ സന്ദർശനം.  (VATICAN MEDIA Divisione Foto)

റോമ നഗരത്തിന്റെ ആസ്ഥാനമായ കാമ്പിതോലിയോയിൽ പാപ്പാ സന്ദർശനം നടത്തി

നഗരത്തിന്റെ മേയറിനും അധികാരികൾക്കും തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദിയും അഭിവാദ്യവും അർപ്പിച്ചു കൊണ്ട് നടത്തിയ സന്ദേശത്തിൽ റോമാ സാമ്രാജ്യം അതിന്റെ പുരാതന ചരിത്രസംസ്കാരം ഉയർത്തിപ്പിടിച്ച സാർവ്വത്രികത തുടർന്നു പോകാൻ കഴിയട്ടെ എന്നാശംസിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പുരാതന റോമാ സാമ്രാജ്യത്തിന്റെ നിയമപരവും സംഘടനാപരവുമായ ശേഷിയും വികസനവും നൂറ്റാണ്ടുകളായി വിവിധ ജനതകൾക്ക് സുരക്ഷയും സ്ഥിരതയും നൽകുന്ന വിളക്കായിരുന്നു എന്ന ചരിത്ര സത്യത്തിന്റെ ചുവടുപിടിച്ചു കൊണ്ടായിരുന്നു പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഇത്തരം ഒരു പ്രക്രിയ റോമിനെ ഒരു സംസ്കാര കേന്ദ്രമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവരെ സ്വീകരിക്കാനും പൗര,സാമൂഹിക ജീവിതത്തിൽ അവരെ സമന്വയിപ്പിക്കാനും രാഷ്ട്രത്തിന്റെ ഏറ്റം ഉയർന്ന പദവികൾ വരെ ഏൽപ്പിക്കാനും ആ സംസ്കാരം മടിക്കാതിരുന്നതും പാപ്പാ ഓർമ്മിച്ചു.

ധാരാളം നല്ല മൂല്യങ്ങൾ ഉൾക്കൊണ്ടിരുന്ന പുരാതന റോമൻ സംസ്കാരം സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും, പ്രത്യാശയുടേയും വലുതും ആഴമേറിയതുമായ സ്വാതന്ത്ര്യത്തിന്റെയും സന്ദേശവുമായി കൂടി കൂട്ടിമുട്ടേണ്ടിയിരുന്നു എന്നും അതാണ് ക്രൈസ്തവ വിശ്വാസത്തിന്റെ ആഗമനത്തോടെ സാധ്യമായതെന്നും പരിശുദ്ധ പിതാവ് വരച്ചുകാട്ടി.

അഭിവൃദ്ധിയുടെ ഉന്നതിയിലെത്തിയ ആ സംസ്കാരത്തിന്റെ അഭിലാഷമാണ് റോമൻ സമൂഹത്തിലെ ക്രിസ്തീയ സന്ദേശത്തിന്റെ അതിവേഗ വ്യാപനം വിശദീകരിക്കുന്നതെന്നും പാപ്പാ പറഞ്ഞു. രക്തസാക്ഷികളുടെ തിളക്കമാർന്ന സാക്ഷ്യങ്ങളും, ക്രൈസ്തവ സമൂഹത്തിന്റെ കാരുണ്യത്തിന്റെ പരിവർത്തനാത്മകതയും കണ്ട റോമൻ ജനതയ്ക്ക് സത്യം, നീതി, സ്നേഹം, നിത്യജീവിതം എന്നിവയ്ക്കുള്ള ദാഹത്തിന് ഉത്തരം കണ്ടെത്താൻ ഗ്രീക്ക് ദേവന്മാർ പോരാതെ വന്നു. ഗാഗുൽത്തായും, ഉത്ഥിതന്റെ ഒഴിഞ്ഞ കല്ലറയും വിവരിക്കുന്ന പുതിയ വാക്കുകളിലെ സദ്വാർത്ത കാലക്രമേണ വ്യക്തികളെയും സ്ഥാപനങ്ങളെയും പരിവർത്തനം ചെയ്തു. വ്യക്തികൾക്ക് പുരോഗമനവും അതുവരെ കേൾക്കാത്ത ഒരു പ്രത്യാശയും പ്രദാനം ചെയ്യുകയും സ്ഥാപനങ്ങൾ ഒരു പുതിയ തലത്തിലേക്ക് ഉയരുകയും ചെയ്തു. പല വിദ്യാസമ്പന്നരും സഹൃദയർ പോലും സ്വാഭാവികമെന്നു കരുതി പോന്നിരുന്ന അടിമത്വം പോലുള്ള ഒരു സമ്പ്രദായം ഇല്ലാതായത് അതിനു  ഉദാഹരണമായി ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.

പരിഷ്കൃത സംസ്കാരങ്ങൾ പോലും മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്നതാണ് എന്ന് കരുതാതിരുന്ന, മനുഷ്യ മനസ്സിൽ ആഴത്തിൽ വേരൂന്നിയ, ഒന്നായിരുന്നു അടിമത്വം.  മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിൽ പക്ഷപാതപരമായ തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ ഇക്കാലത്തും നാമറിയാതെ അടിമത്വത്തിന്റെ നിഴലിലാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

സീസറിന്റെ റോമാ പിന്നീട് “ഉപവിയിൽ അധികാരമേറ്റ” പാപ്പാമാരുടെ റോമായി തീരുമ്പോൾ സഭയുടെ ഭരണം കൂടാതെ ചില നൂറ്റാണ്ടുകളിൽ ലൗകീകാധികാരവും കൂടി അവരുടെ കീഴിലായിരുന്നു. പല കാര്യങ്ങളിലും മാറ്റം വന്നു എങ്കിലും റോമ നഗരം അതിന്റെ സാർവ്വത്രികത ഉറപ്പാക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു.  റോമാ സാമ്രാജ്യത്തിന്റെ ഹൃദയം മെഡിറ്ററേനിയൻ ലോകമായിരുന്നെങ്കിലും അതിന് ഭൂമി ശാസ്ത്രപരമായ അതിർത്തികൾ ഉണ്ടായിരുന്നു. എന്നാൽ സഭയുടെ പ്രേഷിത ദൗത്യത്തിന് അതിരുകളേ ഉണ്ടായിരുന്നില്ല പാപ്പാ വിശദീകരിച്ചു.

ഇറ്റലിയുടെ ഏകീകരണത്തിന്റെ സമയത്ത് സഭയുമായി നിലവിൽ വന്ന കരാറിൽ ഇറ്റാലിയൻ സർക്കാരും കത്തോലിക്കാ സഭയും പരസ്പരം ഒരോരുത്തരുടേയും സ്വതന്ത്രവും അപ്രമാദിത്വവും അംഗീകരിച്ചതും റോമാ നഗരത്തിന്റെ സാർവ്വത്രിക വിളി പിന്നീട് റോമിൽ നിലവിൽ വന്ന അന്തർദേശിയ സ്ഥാപനങ്ങൾ സ്ഥിരീകരിച്ചതും പാപ്പാ എടുത്തു കാണിച്ചു.

2025 ലെ ജൂബിലിക്ക് ആതിഥേയത്വം വഹിക്കുകയാണ്  റോമാ നഗരം. ദൈവത്തിന്റെ കരുണയും കർത്താവുമായുള്ള അനുരഞ്ജനവും തേടി പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും തീർത്ഥാടനം നടത്തുന്ന  ജൂബിലി മതപരമായ ഒന്നാണെങ്കിലും  റോമാ നഗരം സന്ദർശിക്കുന്ന വിനോദ സഞ്ചാരികളോടൊപ്പം അനേകായിരം തീർത്ഥാടകരേയും കൂടി സ്വീകരിക്കേണ്ട വിപുലമായ ഉത്തരവാദിത്വം ഏറ്റെടുത്ത നഗരസഭയുടെ ഉദാരമായ സഹകരണത്തിനും ഒരുക്കങ്ങൾക്കും നന്ദി പറഞ്ഞ പാപ്പാ ഇറ്റാലിയൻ സർക്കാറിനും കൃതജ്ഞതയർപ്പിച്ചു.

വീണ്ടും റോമാ നഗരത്തിന്റെ സാർവ്വത്രിക ചൈതന്യത്തെ പ്രശംസിച്ച ഫ്രാൻസിസ് പാപ്പാ, ഈ ചൈതന്യം ഉപവിയുടെയും, സ്വീകാര്യതയുടെയും, ആതിഥേയത്വത്തിന്റെയും  സേവനത്തിനെത്തണമെന്നും ഓർമ്മിപ്പിച്ചു. തീർത്ഥാടകരും, വിനോദ സഞ്ചാരികളും, കുടിയേറ്റക്കാരും, ബുദ്ധിമുട്ടനുഭവിക്കുന്നവരും, ദരിദ്രരും ഏകാന്തരം, രോഗികളും, തടവുകാരും, തഴയപ്പെട്ടവരുമാകട്ടെ ഈ ചൈതന്യത്തിന്റെ സത്യമായ സാക്ഷികൾ എന്ന് പാപ്പാ ആശംസിച്ചു.

റോമ നഗരത്തിലെത്തുന്ന എല്ലാവർക്കും സ്വാഗതാർഹവും ആതിഥേയ മര്യാദയുള്ളതും, ഉദാരവും ശ്രേഷ്ഠവുമായ റോമാനഗരത്തിന്റെ യഥാർത്ഥ മുഖം കാണിച്ചു കൊടുക്കാൻ ജൂബിലിയുടെ സംഘാടനത്തിന്റെ കാര്യത്തിലെ  വലിയ ഭാരം തിരിച്ചറിഞ്ഞു കൊണ്ടു തന്നെ പാപ്പാ ആഹ്വാനം ചെയ്തു.

ശരിയായ രീതിയിൽ വിലമതിക്കപ്പെടേണ്ടതും ബഹുമാനിക്കപ്പെടേണ്ടതുമായ റോമിന്റെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അപാരമായ നിധി അവിടത്തെ പൗരന്മാർക്കും, ഭരണാധികാരികൾക്കും ബഹുമാനവും അതേ സമയം ഭാരവുമാണ്.  അതിനാൽ റോമിന്റെ മൂല്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഓരോരുത്തരിലും പുനർജ്ജനിക്കട്ടെ, എല്ലാവരും പരസ്പരം ഫലപ്രദമായി സഹകരിച്ച് ദൈവം കരുതിവച്ച ഭാഗം ചെയ്യാൻ ഓരോരുത്തർക്കും ഇടയാവട്ടെ എന്നും പരിശുദ്ധ പിതാവ് ആശംസിച്ചു.  പ്രത്യാശ പകരുകയും, ഉപവിയെ പിൻതുണയ്ക്കുകയും ചെയ്തു കൊണ്ട് അതിന്റെ കുലീന പാരമ്പര്യം ഉറപ്പിച്ച് നമ്മുടെ കാലഘട്ടത്തിലും നാഗരികതയുടെ വിളക്കും സമാധാനത്തിന്റെ പ്രചാരകരുമാകാൻ നഗരത്തെയും റോമയുടെ സംരക്ഷകയായ പരിശുദ്ധ കന്യകാമറിയം സാലൂസ് പോപ്പുളി റൊമാനി ജനങ്ങളെ കാത്തു പരിപാലിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2024, 13:01