തിരയുക

കൺസിസ്റ്ററി വേളയിൽ  ഫ്രാൻസിസ് പാപ്പായും, കർദിനാൾമാരും കൺസിസ്റ്ററി വേളയിൽ ഫ്രാൻസിസ് പാപ്പായും, കർദിനാൾമാരും   (Vatican Media)

കാർലോ അക്കൂത്തിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം

കാർലോ അക്കൂത്തിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം നൽകികൊണ്ട് വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററി സമ്മേളിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജൂലൈ മാസം ഒന്നാം തീയതി നടന്ന കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററിയിൽ ഇറ്റാലിയൻ യുവാവായ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം നൽകി. കൺസിസ്റ്ററിയിൽ ഫ്രാൻസിസ് പാപ്പാ അദ്ധ്യക്ഷത വഹിച്ചു. കൺസിസ്റ്ററിയിൽ വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡികസ്റ്ററിയുടെ പ്രീഫെക്ട്, പതിനഞ്ചു വാഴ്ത്തപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വറിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അവരുടെ വിശുദ്ധ പദവിപ്രഖ്യാപനത്തിനുള്ള അംഗീകാരം  കൺസിസ്റ്ററി അംഗങ്ങൾ നൽകി.

ഈ പുതിയ വിശുദ്ധരിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ് ഒഴികെയുള്ളവരുടെ  പേരുകൾ 2024 ഒക്ടോബർ 20 ഞായറാഴ്ച വിശുദ്ധരുടെ പട്ടികയിൽ ആലേഖനം ചെയ്യും. വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ വിശുദ്ധ പദവി 2025 ജൂബിലി വർഷത്തിലായിരിക്കും നടക്കുക. പുതിയ സഹസ്രാബ്ദത്തിലെ വിശുദ്ധൻ എന്ന നിലയിൽ കാർലോ അക്കൂത്തിസ് നിരവധി യുവജനങ്ങൾക്ക് ക്രൈസ്തവജീവിതത്തിൽ ഏറെ ആത്‌മീയ പ്രചോദനം നൽകുന്ന വ്യക്തികൂടിയാണ്.

1991 ൽ ജനിച്ച ഇംഗ്ലണ്ടിലെ ലണ്ടനിൽ ഇറ്റാലിയൻ മാതാപിതാക്കൾക്ക് ജനിച്ച കാർലോ, ഒരു വെബ് പരികല്പകനായിരുന്നു. തന്റെ പതിനഞ്ചാം വയസിൽ കാൻസർ ബാധിതനായി ഇറ്റലിയിലെ മൊൺസായിൽ ഇഹലോകവാസം വെടിഞ്ഞു. തികഞ്ഞ ദിവ്യകാരുണ്യ ഭക്തനായിരുന്ന കാർലോ ലോകത്തിലെ വിവിധ ദിവ്യകാരുണ്യ അത്ഭുതങ്ങളും, മരിയൻ ദർശനങ്ങളും മറ്റുള്ളവർക്ക് പകർന്നുനൽകുവാൻ, തന്റെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തി. സമൂഹത്തിലെ ദരിദ്രരായ ആളുകളോട് ഏറെ അടുപ്പവും സ്നേഹവും കാണിച്ചിരുന്ന കാർലോ, തൻറെ സമ്പാദ്യത്തിൽ നിന്നും ഭവനരഹിതരെയും ദരിദ്രരെയും കുടിയേറ്റക്കാരെയും സഹായിച്ചിരുന്നുവെന്നും, ഹ്രസ്വവിവരണത്തിൽ പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2024, 13:47