തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE

ദൈവകൃപയുടെ അടയാളങ്ങൾ തിരിച്ചറിയുക, ആസ്വദിക്കുക പാപ്പാ!

ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ നല്കിയ ത്രികാലപ്രാർത്ഥനാ സന്ദേശം: യേശു അപ്പവും മീനും വർദ്ധിപ്പിച്ച അത്ഭുതത്തിൽ അടങ്ങിയിരിക്കുന്ന ത്രിവിധ പ്രവർത്തികൾ - സമർപ്പിക്കൽ, നന്ദിപ്രകാശനം, പങ്കുവയ്ക്കൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ, ഞാറാഴ്ചകളിൽ ഫ്രാൻസീസ് പാപ്പാ നയിക്കുന്ന   പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വേനൽക്കാലർക്ക കിരണങ്ങളുടെ കടുത്ത താപം അവഗണിച്ചും, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു ഈ ഞായറാഴ്ചയും. മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും പാപ്പായ്ക്ക് അഭിവാദ്യമർപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (28/07/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം ആറാം അദ്ധ്യായം, 1-15 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 6:1-15) അതായത്, യേശു, അഞ്ചപ്പവും രണ്ടു മീനും വർദ്ധിപ്പിച്ച് അയ്യായിരം പേർക്ക് ഭക്ഷണം നല്കുന്ന അത്ഭുത സംഭവം ആയിരുന്നു. പാപ്പായുടെ പ്രഭാഷണം:

സമർപ്പണം, നന്ദിയർപ്പണം, പങ്കുവയ്ക്കൽ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭഞായർ!

അപ്പവും മീനും വർദ്ധിപ്പിക്കപ്പെട്ട അത്ഭുതത്തെക്കുറിച്ചാണ് ഇന്നത്തെ ആരാധനാക്രമത്തിൽ സുവിശേഷം നമ്മോട് പറയുന്നത് (യോഹന്നാൻ 6:1-15 കാണുക). ഒരു അത്ഭുതം, അതായത്, ഒരു "അടയാളം", അന്ത്യ അത്താഴത്തിൽ യേശു ആവർത്തിക്കാനിരിക്കുന്ന മൂന്നു പ്രവർത്തികൾ  ഈ "അടയാള"ത്തിൽ  പ്രധാന കഥാപാത്രങ്ങൾ പ്രവർത്തിക്കുന്നു. ഈ ചെയ്തികൾ: സമർപ്പിക്കൽ, നന്ദിപ്രകാശനം, പങ്കുവയ്ക്കൽ എന്നിവയാണ്.

സമർപ്പണം

ഒന്നാമത്തേത്: സമർപ്പണം. അഞ്ച് അപ്പവും രണ്ട് മീനും കൈവശമുള്ള ഒരു ബാലനെക്കുറിച്ച് സുവിശേഷം പറയുന്നു (യോഹന്നാൻ 6:9 കാണുക). ആവശ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ പക്കലുള്ളത് വളരെ കുറവാണെങ്കിലും, നമുക്ക് നല്ലതെന്തെങ്കിലും നൽകാൻ ഉണ്ടെന്ന് തിരിച്ചറിയുകയും നാം നമ്മുടെ സമ്മതമരുളുകയും ചെയ്യുന്ന കർമ്മമാണിത്. കുർബ്ബാനയിൽ, ബലിപീഠത്തിൽ പുരോഹിതൻ അപ്പവും വീഞ്ഞും അർപ്പിക്കുകയും ഓരോ വ്യക്തിയും സ്വന്തം ജീവൻ സമർപ്പിക്കുകയും ചെയ്യുമ്പോൾ ഇത് അടിവരയിട്ടുകാട്ടപ്പെടുന്നു. ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ അഞ്ച് അപ്പവും രണ്ട് മീനും പോലെ, മാനവരാശിയുടെ അപരിമേയ ആവശ്യങ്ങളെക്കുറിച്ച് ചിന്തിച്ചാൽ അത് നിസ്സാരകാര്യമായി തോന്നുന്ന ഒരു പ്രവർത്തിയാണ്; എന്നാൽ ദൈവം അതിനെ അത്ഭുതത്തിനുള്ള, ഒരു  ഉപകരണം ആക്കുന്നു, ഉള്ളതിൽ ഏറ്റവും വലിയ അത്ഭുതം: അതായത്, അവിടന്നു തന്നെ സന്നിഹിതനായിരിക്കുന്ന അത്ഭുതം, ലോകത്തിൻറെ രക്ഷയ്ക്കുവേണ്ടി അവൻ നമ്മുടെ ഇടയിൽ സന്നിഹിതനാകുന്നു.

നന്ദി ചൊല്ലൽ

അങ്ങനെ രണ്ടാമത്തെ ആംഗ്യം നമുക്കു മനസ്സിലാക്കാൻ സാധിക്കുന്നു: അതായത് കൃതജ്ഞതാപ്രകാശനം (യോഹന്നാൻ 6:11 കാണുക). ആദ്യ പ്രവർത്തി അർപ്പിക്കലും രണ്ടാമത്തേത് നന്ദി പറയലുമാണ്. അതായത്, താഴ്മയോടും ഒപ്പം, സന്തോഷത്തോടും കൂടെ കർത്താവിനോട് പറയുക: "എനിക്ക് ഉള്ളതെല്ലാം കർത്താവേ നിൻറെ ദാനമാണ്, നിന്നോടു നന്ദി പറയാൻ, നീ ആദ്യം എനിക്കു, നിൻറെ പുത്രനായ യേശുക്രിസ്തുവിനോടുകൂതെ നൽകിയത് തിരികെ നല്കുക മാത്രമേ വഴിയുള്ളൂ. എനിക്ക് കഴിയുന്നത് അതിനോടു കൂട്ടിച്ചേർക്കാം, നമുക്കോരോരുത്തർക്കും കുറച്ച് എന്തെങ്കിലും ചേർക്കാൻ കഴിയും. കർത്താവിന് എന്തു നൽകാൻ എനിക്കു സാധിക്കും? ചെറിയതെന്തെങ്കിലും നൽകാൻ കഴിയുമോ? എൻറെ ദരിദ്രമായ സ്നേഹം." നൽകുക... കർത്താവിനോടു പറയുക: "ഞാൻ നിന്നെ സ്നേഹിക്കുന്നു", പക്ഷേ പാവങ്ങളായ ഞങ്ങളുടെ സ്നേഹം വളരെ ചെറുതാണ്, എന്നാൽ അത് കർത്താവിന് നൽകുക: കർത്താവ് അത് സ്വീകരിക്കുന്നു. സമർപ്പിക്കുക, നന്ദി ചൊല്ലുക, ഇനി മൂന്നാമത്തെ ചെയ്തി പങ്കുവയ്ക്കലാണ്.

പങ്കുവയ്ക്കൽ

ക്രിസ്തുവിൻറെ ശരീരവും രക്തവും സ്വീകരിക്കാൻ നാം ഒരുമിച്ച് അൾത്താരയെ സമീപിക്കുമ്പോൾ അത് കുർബ്ബാനയിൽ ദിവ്യകാരുണ്യസ്വീകരണമാണ്: അതായത്, സകലരുടെയും ദാനത്തിൻറെ ഫലം കർത്താവ് എല്ലാവർക്കും ഭോജനമാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സ്നേഹത്തിൻറെ ഓരോ പ്രവർത്തിയും, അതു നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും, കൃപയുടെ ദാനമായി ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്ന ഒരു മനോഹരമായ നിമിഷമാണ് ദിവ്യകാരുണ്യസ്വീകരണ വേള.

ആത്മശോധന

സഹോദരീസഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാം: ദൈവകൃപയാൽ, എൻറെ സഹോദരങ്ങൾക്ക് നൽകാൻ എനിക്ക് അദ്വിതീയമായ എന്തെങ്കിലും ഉണ്ടെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നുണ്ടോ, അതോ ഞാൻ അറിയാതെതന്നെ "പലരിൽ ഒരാളായി" എനിക്ക് തോന്നുന്നുണ്ടോ? ദാനം ചെയ്യപ്പെടേണ്ട ഒരു നന്മയുടെ നായകൻ ഞാനാണോ? കർത്താവ് തൻറെ സ്നേഹം എന്നോടു നിരന്തരം കാണിക്കുന്ന ദാനങ്ങൾക്ക് ഞാൻ അവിടത്തോട് നന്ദിയുള്ളവനാണോ? മറ്റുള്ളവരുമായുള്ള പങ്കുവയ്ക്കൽ സമാഗമത്തിൻറെയും പരസ്പര സമ്പുഷ്ടീകരണത്തിൻറെയും ഒരു നിമിഷമായി ഞാൻ ജീവിക്കുന്നുണ്ടോ?

പരിശുദ്ധ അമ്മയുടെ സഹായം തേടുക

ഓരോ ദിവ്യകാരുണ്യ ആഘോഷവും വിശ്വാസത്തോടെ ജീവിക്കാനും ദൈവകൃപയുടെ "അത്ഭുതങ്ങൾ" എല്ലാ ദിവസവും തിരിച്ചറിയാനും ആസ്വദിക്കാനും കന്യാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - എത്യോപ്യയിൽ ഉരുൾപൊട്ടൽ ദുരന്തം

എത്യോപ്യയുടെ തെക്കുഭാഗത്തുള്ള കെഞ്ചൊ ഷാച ഗോസ്ദി പ്രദേശത്ത് വെള്ളിയാഴ്ച 250-ലേറെപ്പേരുടെ ജീവനപഹരിച്ച വൻ ഉരുൾപൊട്ടൽ ദുരന്തത്തിനിരകളായവരെ പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ, ആശീർവ്വാദാനന്തരം, അനുസ്മരിച്ചു. ഒരു ഗ്രാമത്തെ തകർത്ത ഈ ദുരന്തത്തിന് ഇരകളായവർക്കായി താൻ പ്രാർത്ഥിക്കുന്നുവെന്നും പരീക്ഷണവിധേയരായ ആ ജനതയുടെയും അവർക്ക് സമാശ്വാസം നല്കുന്നവരുടെയും ചാരെ താനുണ്ടെന്നും പാപ്പാ പറഞ്ഞു.

ആയുധ വ്യവസായത്തിനെതിരെ

ലോകത്തിൽ നിരവധി ആളുകൾ ദുരന്തങ്ങളും പട്ടിണിയും മൂലം കഷ്ടപ്പെടുന്ന ഒരു അവസ്ഥ നിലനിൽക്കേ മറുവശത്ത് ആയുധോല്പാദനവും ആയുധക്കച്ചവടവും നടക്കുന്നതും ചെറുതും വലുതുമായ യുദ്ധങ്ങൾക്ക് തിരികൊളുത്തി വിഭവങ്ങൾ ദഹിപ്പിച്ചുകളയുന്നതുമായ അപലപനീയ സംഭവങ്ങൾ അരങ്ങേറുന്നത് പാപ്പാ വേദനയോടെ അനുസ്മരിച്ചു. ഇത് അന്താരാഷ്ട്ര സമൂഹം പൊറുക്കാൻ പാടില്ലാത്ത ഒരു ഉതപ്പാണെന്നും, മാത്രമല്ല ഇത് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഒളിമ്പിക് മേളയുടെ സാഹോദര്യാരൂപിക്ക് വിരുദ്ധമാണെന്നും പറഞ്ഞ പാപ്പാ യുദ്ധം ഒരു പരാജയമാണ് എന്നത് നാം മറക്കരുതെന്ന് ആവർത്തിച്ചു.

മുത്തശ്ശീമുത്തശ്ശന്മാരുടെ ലോക ദിനം

ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച, ഈ ഇരുപത്തിയെട്ടാം തീയതി മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോധികരുടെയും നാലാം ലോക ദിനം തിരുസഭ ആചരിച്ചത് പാപ്പാ അനുസ്മരിച്ചു. "വാർദ്ധക്യത്തിൽ എന്നെ ഉപേക്ഷിക്കരുത്"  എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ പ്രായമായവരെ ഉപേക്ഷിക്കുന്നത് യഥാർത്ഥത്തിൽ ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണെന്നും ആ പ്രവണതയോട് നാം അനുരഞ്ജിതരാകരുതെന്നും  പറഞ്ഞു. വൃദ്ധ ജനങ്ങളിൽ പലർക്കും, പ്രത്യേകിച്ച് ഈ വേനൽക്കാലാവധിയുടെതായ ദിവസങ്ങളിൽ, ഏകാന്തത താങ്ങാനാവാത്ത ഒരു ഭാരമായി മാറുന്ന അപകടമുണ്ട് എന്ന് പാപ്പാ കൂട്ടിച്ചേർത്തു. "എന്നെ ഉപേക്ഷിക്കല്ലേ" എന്ന് പറയുന്ന വയോധികരുടെ ശബ്ദം കേൾക്കാനും "ഞാൻ നിന്നെ കൈവിടില്ല!" എന്ന് മറുപടി നൽകാനും ഈ ലോകദിനാചരണം നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കൊച്ചുമക്കളും മുത്തശ്ശീമുത്തച്ഛന്മാരും തമ്മിലും യുവജനങ്ങളും മുതിർന്നവരും തമ്മിലുമുള്ള സഖ്യം നാം ശക്തിപ്പെടുത്തണമെന്നും പ്രായമായവരുടെ ഏകാന്തതയോട് "ഇല്ല" എന്ന് പറയണമെന്നും പാപ്പാ ഉപദേശിച്ചു. നമ്മുടെ ഭാവി പ്രധാനമായും, മുത്തശ്ശീമുത്തച്ഛന്മാരും കൊച്ചുമക്കളും എങ്ങനെ ഒരുമിച്ച് ജീവിക്കാൻ പഠിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പ്രായമായവരെ നാം മറക്കരുതെന്നും പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ജൂലൈ 2024, 10:36

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031