തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
പ്രഭാതപ്രാർത്ഥന (ലത്തീനിൽ)
കാര്യക്രമം പോഡ്കാസ്റ്റ്

ഒറ്റയ്ക്കല്ല, ഒരുമിച്ച് നിറവേറ്റണ്ടതാണ് പ്രേഷിത ദൗത്യം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം: ധാരാളിത്തം നമ്മെ അടിമപ്പെടുത്തുന്നു, മിതത്വം നമ്മെ സ്വതന്ത്രരാക്കുന്നു. കൂട്ടായ്മയും മിതത്വവും നമ്മുടെ ക്രിസ്തീയ ജീവിതത്തിൻറെ പ്രധാന മൂല്യങ്ങളാണ്. മിതത്വമാർന്ന ഒരു ജീവിതശൈലി, സഹോദരങ്ങളുടെ ആവശ്യങ്ങളിൽ ശ്രദ്ധചെലുത്തുന്ന ഒരു ജീവിതശൈലി, വളർത്തിയെടുക്കാൻ നാം പഠിക്കണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യൂറോപ്പിൽ ജൂലൈ ആഗസ്റ്റ് മാസങ്ങൾ വേനൽക്കാലാവധിയുടെ വേളയാകയാൽ ഫ്രാൻസീസ് പാപ്പാ ഒരു മാസത്തേക്ക്, അതായത്, ജൂലൈ മുഴുവനും പൊതുകൂടിക്കാഴ്ച ഉൾപ്പടെയുള്ള പരിപാടികൾ ഒഴിവാക്കിയിരിക്കയാണെങ്കിലും, വത്തിക്കാനിൽ, ഞാറാഴ്ചകളിൽ താൻ നയിക്കുന്ന   പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥയ്ക്ക് മുടക്കം വരുത്തിയില്ല. ആകയാൽ ഈ ഞായറാഴ്ചയും (14/07/24) ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കരഘോഷത്താലും ആരവങ്ങളാലും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (14/07/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ആറാം അദ്ധ്യായം, 7-13 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 6:7-13) അതായത്, യേശു തൻറെ ശിഷ്യന്മാരെ, രണ്ടുപേരെ വീതം  സുവിശേഷദൗത്യത്തിനായി അയക്കുന്ന സംഭവം വിവരിക്കുന്ന ഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം :

ഈരണ്ടു പേരായി അയയ്ക്കപ്പെടുന്ന ശിഷ്യന്മാർ 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭഞായർ!

ദൗത്യനിർവ്വഹണത്തിനായി യേശു തൻറെ ശിഷ്യന്മാരെ അയക്കുന്നതിനെക്കുറിച്ചാണ് സുവിശേഷം ഇന്ന് നമ്മോട് പറയുന്നത് (മർക്കോസ് 6,7-13 കാണുക). അവൻ അവരെ "ഈരണ്ടു പേരായി" അയയ്ക്കുകയും ഒരു പ്രധാന കാര്യം ശുപാർശ ചെയ്യുകയും ചെയ്യുന്നു: അതായത് ആവശ്യമുള്ളത് മാത്രം കൈയ്യിൽ കരുതുക.

സ്വാതന്ത്ര്യപ്രദായക മിതത്വം

നമുക്ക് ഈ രംഗത്തെക്കുറിച്ച് ഒന്നു ചിന്തിക്കാം: ശിഷ്യന്മാർ ഒരുമിച്ച് അയക്കപ്പെടുന്നു, അവർക്ക് ആവശ്യമുള്ളത് മാത്രം അവർ കൊണ്ടുപോകണം.  തനിച്ചല്ല സുവിശേഷം പ്രഘോഷിക്കുക, അങ്ങനെയല്ല: ഒരു സമൂഹമെന്ന നിലയിൽ  ഒരുമിച്ചാണ് അത് ചെയ്യുക, ഇക്കാരണത്താൽ മിതത്വം പുലർത്താൻ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്: സമൃദ്ധിയിലാറാടാതെ, വിഭവങ്ങൾ, കഴിവുകൾ, ദാനങ്ങൾ എന്നിവ പങ്കുവച്ചുകൊണ്ട് വസ്തുക്കളുടെ ഉപയോഗത്തിൽ എങ്ങനെ മിതത്വം പാലിക്കണമെന്ന് അറിഞ്ഞിരിക്കുക. അത് എന്തുകൊണ്ടാണ്? സ്വതന്ത്രരാകാൻ: ധാരാളിത്തം നിന്നെ അടിമയാക്കുന്നു. കൂടാതെ, അന്തസ്സോടെ ജീവിക്കാനും ദൗത്യത്തിന് സജീവമായി സംഭാവന നൽകാനും ആവശ്യമായത് നമുക്കെല്ലാവർക്കും ഉണ്ട്; ഇനി, ചിന്തകളിൽ സംയമനം വേണം, വികാരങ്ങളിൽ മിതത്വം ആവശ്യമാണ്, ഭാരമാകുകയും യാത്രയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഉപയോഗശൂന്യമായ ഭാണ്ഡം എന്ന പോലെ, മുൻവിധികൾ വെടിയുക, കാർക്കശ്യം ഉപേക്ഷിക്കുക, പകരം ചർച്ചയും ശ്രവണവും പരിപോഷിപ്പിക്കുക, അങ്ങനെ സാക്ഷ്യം കൂടുതൽ ഫലപ്രദമാക്കുക.

ആവശ്യമായതു മാത്രം 

ഉദാഹരണത്തിന്, നമുക്ക് ചിന്തിക്കാം: ആവശ്യമുള്ളതുകൊണ്ടു മാത്രം തൃപ്തിയടയുമ്പോൾ നമ്മുടെ കുടുംബങ്ങളിലോ സമൂഹത്തിലോ എന്താണ് സംഭവിക്കുന്നത്, കുറച്ച് മാത്രമാണുള്ളതെങ്കിലും, ഉള്ളത് പങ്കുവെച്ചുകൊണ്ടും എല്ലാവരും എന്തെങ്കിലുമൊക്കെ വർജ്ജിച്ചുകൊണ്ടും പരസ്പരം താങ്ങായിക്കൊണ്ടും (അപ്പസ്തോല പ്രവൃത്തനങ്ങൾ 4:32-35 കാണുക) ദൈവസഹായത്താൽ, മുന്നോട്ട് പോകാനും ഒരുമയിൽ നീങ്ങാനും കഴിയുന്നു. ഇതുതന്നെ ഒരു പ്രേഷിത വിളംബരമാണ്, അത് വാക്കുകളേക്കാൾ മുന്നിലാണ്, അതിനുപരിയാണ്. കാരണം അത് പ്രായോഗിക ജീവിതത്തിൽ യേശുവിൻറെ സന്ദേശത്തിൻറെ മനോഹാരിതയെ സമൂർത്തമാക്കുന്നു. ഈ രീതിയിൽ ജീവിക്കുന്ന ഒരു കുടുംബം അല്ലെങ്കിൽ സമൂഹം, അതിനു ചുറ്റും, വാസ്തവത്തിൽ, സ്നേഹത്താൽ സമ്പന്നമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു, അതിൽ വിശ്വാസത്തിലേക്കും സുവിശേഷത്തിൻറെ പുതുമയിലേക്കും തുറക്കാൻ എളുപ്പമാണ്, അതിൽ നാം ഉപരി മെച്ചപ്പെട്ടവരായിരിക്കാൻ ആരംഭിക്കുകയാണ്, കൂടുതൽ ശാന്തരായിരിക്കാൻ തുടങ്ങുകയാണ് .

ജീവിതത്തെ ഭാരപ്പെടുത്തുന്ന ഭൗതികത 

നേരെമറിച്ചാണെങ്കിൽ, എല്ലാവരും അവരവരുടെ വഴിക്ക് പോകുന്നുവെങ്കിൽ, ഒരിക്കലും മതിവരാത്തതായ വസ്തുക്കൾ മാത്രമാണ് പ്രധാനമെങ്കിൽ, നമ്മൾ പരസ്പരം ശ്രവിക്കുന്നില്ലെങ്കിൽ, വ്യക്തിമാഹത്മ്യവാദവും, അസൂയയും ആണ് പ്രബലമെങ്കിൽ - അസൂയ മാരകമാണ്, അത് വിഷമാണ്! – അവസ്ഥ ഭാരമേറിയതാകും, ജീവിതം ദുഷ്കരമാകും, കൂടിക്കാഴ്ചകൾ സന്തോഷത്തിനുള്ള അവസരമെന്നതിനേക്കാൾ ഉത്കണ്ഠയുടെയും വ്യഥയുടെയും നിരാശയുടെയും അവസരമായി മാറും (മത്തായി 19:22 കാണുക).

കൂട്ടായ്മയും മിതത്വവും

പ്രിയ സഹോദരീസഹോദരന്മാരേ, കൂട്ടായ്മയും മിതത്വവും നമ്മുടെ ക്രിസ്തീയ ജീവിതത്തിൻറെ പ്രധാന മൂല്യങ്ങളാണ്: അതായത്, കൂട്ടായ്മ, നാം തമ്മിലുള്ള ഐക്യം, മിതത്വം എന്നിവ പ്രധാന മൂല്യങ്ങൾ ആണ്, എല്ലാ തലങ്ങളിലും പ്രേഷിതയായ സഭ ആയിരിക്കുന്നതിനുള്ള ഒഴിച്ചുകൂടാനാവാത്ത മൂല്യങ്ങളാണ്.

ആത്മശോധന

ആകയാൽ, നമുക്ക് സ്വയം ചോദിക്കാം: സുവിശേഷം പ്രഘോഷിക്കുന്നതിന്, കർത്താവുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ലഭിക്കുന്ന സന്തോഷവും വെളിച്ചവും ഞാൻ വസിക്കുന്നിടത്തേക്ക് സംവഹിക്കുന്നതിന് എനിക്ക് താല്പര്യമുണ്ടോ? ഇത് ചെയ്യുന്നതിന്, ആശയങ്ങളും കഴിവുകളും തുറന്ന മനസ്സോടും ഉദാര ഹൃദയത്തോടും കൂടെ മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട് അവരുമൊത്ത് ചരിക്കാൻ  ഞാൻ പ്രതിജ്ഞാബദ്ധനാണോ? അവസാനമായി: മിതത്വമാർന്ന ഒരു ജീവിതശൈലി, സഹോദരങ്ങളുടെ ആവശ്യങ്ങളിൽ ശ്രദ്ധചെലുത്തുന്ന ഒരു ജീവിതശൈലി, വളർത്തിയെടുക്കാൻ എനിക്കറിയാമോ,? ഈ ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുന്നത് ഗുണകരമാണ്.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

അപ്പോസ്തലന്മാരുടെ രാജ്ഞിയായ മറിയം, കൂട്ടായ്മയിലും ജീവിതത്തിൻറെ മിതത്വത്തിലും യഥാർത്ഥ പ്രേഷിത ശിഷ്യരാകാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ആശീർവാദനാനന്തരം പാപ്പാ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരെ അഭിവാദ്യം ചെയ്തു. വിശുദ്ധ അഗസ്റ്റിൻറെ സമൂഹത്തിൻറെ അത്മായ അന്താരാഷ്ട്ര കോൺഗ്രസ്സിൽ സംബന്ധിക്കുന്നവരും നസ്രത്തിലെ തിരുക്കുടുംബ സന്ന്യാസിനി സമൂഹത്തിൻറെ പൊതുസംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്നവരുമുൾപ്പെടയുള്ള വിവിധ വിഭാഗങ്ങളെ പാപ്പാ അഭിവാദ്യം ചെയ്തു. റേഡിയോ മരിയ കുടുംബത്തിൻറെ വാർഷിക തീർത്ഥാടനത്തോടനുബന്ധിച്ച് ചെസ്ത്തക്കോവയിലെ ശ്യാമ മാതാവിൻറെ ദേവാലയത്തിൽ സമ്മേളിച്ചിരിക്കുന്ന പോളണ്ടുകാരായ വിശ്വാസികൾക്ക് പാപ്പാ തൻറെ ആശംസകൾ നേർന്നു.

സമുദ്ര ഞായർ

ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച സമുദ്ര ഞായർ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പാപ്പാ കടൽ മേഖലയിൽ പ്രവർത്തിക്കുന്നവരെയും അവരെ പരിപാലിക്കുന്നവരെയും അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

കർമ്മല നാഥയുടെ തിരുന്നാൾ - യുദ്ധവേദികളിൽ സമാധാനമുണ്ടാകുന്നതിനായി കന്യകാ നാഥയോട് പ്രാർത്ഥന

ജൂലൈ 16-ന് കർമ്മലനാഥയുടെ തിരുന്നാൾ ആചരിക്കപ്പെടുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ യുദ്ധത്തിൻറെ ഭീകരതയാൽ അടിച്ചമർത്തപ്പെട്ട എല്ലാ ജനവിഭാഗങ്ങൾക്കും സാന്ത്വനവും സമാധാനവും കർമ്മല നാഥ പ്രദാനം ചെയ്യുന്നതിനായി പ്രാർത്ഥിച്ചു. പീഡിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, മ്യാൻമർ എന്നീ നാടുകളെ മറക്കരുതെന്ന് പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ജൂലൈ 2024, 10:50

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >
Prev
February 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
232425262728 
Next
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031