വിയറ്റ്നാമിൻറെ മുൻ പ്രസിഡൻറിൻറെ നിര്യാണത്തിൽ പാപ്പാ അനുശോചിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിയറ്റ്നാമിലെ കമ്മ്യുണിസ്റ്റ് പാട്ടിയുടെ സെക്രട്ടറി ജനറലും അന്നാടിൻറെ മുൻ പ്രസിഡൻറുമായ ൻഗുയേൻ ഫൂ ത്രോംഗിൻറെ നിര്യാണത്തിൽ മാർപ്പാപ്പാ തൻറെ ഖേദം രേഖപ്പെടുത്തി.
വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ ചൊവ്വാഴ്ചയാണ് (23/07/24) ഫ്രാൻസീസ് പാപ്പായുടെ അനുശോചനം അറിയിക്കുന്ന കമ്പിസന്ദേശം വിയറ്റ്നാമിൻറെ പ്രസിഡൻറ് തോ ലാമിന് അയച്ചത്.
ൻഗുയേൻ ഫൂ ത്രോംഗിൻറെ വേർപാടിൽ കേഴുന്ന എല്ലാവരോടും, വിശിഷ്യ, അദ്ദേഹത്തിൻറെ കുടുബത്തോടും പാപ്പാ തൻറെ ദുഃഖം രേഖപ്പെടുത്തുകയും അവർക്ക് സാന്ത്വനവും സമാധാനവും ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് കർദ്ദിനാൾ പരോളിൻ അനുശോചന സന്ദേശത്തിൽ അറിയിക്കുന്നു.
വിയറ്റ്‌നാമും പരിശുദ്ധസിംഹാസനവലും തമ്മിലുള്ള ഭാവാത്മക ബന്ധം വളർത്തിയെടുക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് പാപ്പാ പ്രത്യേകം വിലമതിക്കുകയും അന്നാടിൻറെ ദുഃഖത്തിൻറെ ഈ വേളയിൽ പ്രസിഡൻറിനോടും എല്ലാ പൗരന്മാരോടും തൻറെ ആദ്ധ്യാത്മിക സാമീപ്യം അറിയിക്കുയും ചെയ്യുന്നു. 80 വയസ്സു പ്രായമുണ്ടായിരുന്ന ൻഗുയേൻ ഫൂ ത്രോംഗ് ജൂലൈ 19-ന്, വെള്ളിയാഴ്‌ചയാണ് മരണമടഞ്ഞത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: