കായികതാരങ്ങൾ സമാധാനത്തിന്റെ സംവാഹകരാകട്ടെ: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ജൂലൈ മാസം ഇരുപത്തിയാറിനു തുടക്കം കുറിക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ, ജൂലൈ മാസം ഇരുപത്തിയൊന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ നടന്ന മധ്യാഹ്ന പ്രാർത്ഥനാനന്തരം സംസാരിച്ചു. കായികതാരങ്ങളെ, സമാധാനത്തിന്റെ സംവാഹകർ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് അവർക്ക് ആശംസകൾ അർപ്പിച്ചത്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ വച്ചാണ് ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങൾ അരങ്ങേറുന്നത്. ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി വരെയാണ് വിവിധ കായികഇനങ്ങൾ നടക്കുന്നത്. ശാരീരിക വൈകല്യമുള്ളവർക്കുള്ള ഒളിമ്പിക്‌സും തുടർന്ന് അരങ്ങേറും.
205 പ്രതിനിധ്യങ്ങളിൽ നിന്നായി, ഏകദേശം 11, 475 കായികതാരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇത്തവണ, പ്രത്യേക സാഹചര്യത്തിൽ റഷ്യയും, ബെലാറഷ്യയും നിക്ഷ്പക്ഷരായിട്ടാണ് മത്സരിക്കുന്നത്. ആധുനിക കാലഘട്ടത്തിലെ മുപ്പത്തിമൂന്നാമത്തെ ഒളിമ്പിക്സ് മത്സരത്തിനാണ് പാരീസ് ആതിഥേയത്വം വഹിക്കുന്നത്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾ കഴിഞ്ഞ തവണ കൊറോണ മഹാമാരി മൂലം, ഒരു വർഷം താമസിച്ചാണ് ടോക്കിയോയിൽ അരങ്ങേറിയത്.
തന്റെ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ, ഇപ്രകാരം പറഞ്ഞു: " വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവരെ സമാധാനപരമായി ഒന്നിപ്പിക്കാൻ കഴിവുള്ള വലിയൊരു സാമൂഹിക ശക്തി കായികരംഗത്തിനുണ്ട്. ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന ലോകത്തിൻ്റെ അടയാളമാകുമെന്നും, കായികതാരങ്ങൾ അവരുടെ സാക്ഷ്യം മുഖേന സമാധാനത്തിൻ്റെ സന്ദേശവാഹകരാകുമെന്നും, മറ്റു യുവാക്കൾക്ക് സാധുവായ മാതൃകകളാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും, പുരാതന പാരമ്പര്യമനുസരിച്ച്, സമാധാനത്തിനായുള്ള ആത്മാർത്ഥമായ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് യുദ്ധങ്ങളിൽ ഒരു സന്ധി സ്ഥാപിക്കാനുള്ള അവസരമാണ് ഒളിമ്പിക്സ്."
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: