ഫ്രാൻസിസ് പാപ്പായുടെ സാമീപ്യവും പ്രാർത്ഥനയും ഞങ്ങൾക്ക് കരുത്ത് പകരുന്നു: ഇബ്രാഹിമ
ഫ്രാഞ്ചെസ്‌ക സബത്തിനെല്ലി, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ലിബിയയിലെ ജയിലിൽ നീണ്ട കാലം നരകയാതന അനുഭവിച്ച സെനെഗളിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരനായ ഇബ്രാഹിമയെ ഫ്രാൻസിസ് പാപ്പാ തന്റെ വസതിയിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. അഭയാർത്ഥികളായി രാജ്യം ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുകയും തുടർന്ന് നരകയാതന അനുഭവിക്കേണ്ടി വരുന്നവരുടെയും ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഇബ്രാഹിമ രചിച്ച പുസ്തകം തദവസരത്തിൽ പാപ്പായ്ക്ക് കൈമാറി.
കൂടിക്കാഴ്ചയുടെ അവസരത്തിൽ തന്റെ മുറിവുകളിൽ പിതൃവാത്സല്യത്തോടെ പാപ്പാ തഴുകുകയും, തനിക്കും, ഇപ്പോഴും ലിബിയൻ തടങ്കലിൽ കഴിയുന്ന ഏവർക്കും വേണ്ടി പ്രാർത്ഥിക്കാമെന്നു പാപ്പാ പറഞ്ഞുവെന്നും ഇബ്രാഹിമ പങ്കുവച്ചു. ഒരു മുസ്‌ലിം മതവിശ്വാസിയായ തന്നെ , 'എല്ലാവരും സഹോദരങ്ങളെന്നുള്ള' ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഏറെ സ്പർശിച്ചുവെന്നും ഇബ്രാഹിമ പറഞ്ഞു. 2017 ലാണ് ഇബ്രാഹിമാ ലോ സെനഗൽ വിട്ട് യൂറോപ്പിലേക്ക് കുടിയേറുവാനുള്ള പരിശ്രമം നടത്തിയത്. എന്നാൽ നിർഭാഗ്യവശാൽ ലിബിയൻ ജയിലിൽ എത്തിപ്പെടുകയും, തുടർന്ന് നീണ്ട വർഷങ്ങൾ ഏറെ പീഡനങ്ങൾ സഹിക്കുകയും ചെയ്തു.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയുടെ വ്യതിരിക്തതയും ഇബ്രാഹിമാ പറഞ്ഞു. പലപ്പോഴും നിരവധി ആളുകളുടെ മധ്യത്തിൽ നിന്നുകൊണ്ട് ദൂരത്തു കണ്ടിരുന്ന പാപ്പാ, ഒരു മുറിയിൽ സ്വകാര്യകൂടിക്കാഴ്ചയ്ക്കായി തന്നെ വിളിച്ചപ്പോൾ താൻ ഏറെ വികാരാധീനനായെന്നും, തുടർന്ന് കൂടിക്കാഴ്ചയിൽ പാപ്പായുടെ ലളിതമായ ചോദ്യങ്ങൾ, തന്റെ ജീവിതത്തിലെ അസുലഭനിമിഷങ്ങളായെന്നും അദ്ദേഹം തുടർന്ന് പങ്കുവച്ചു. തന്റെ ജീവിതകഥ മുഴുവൻ പാപ്പാ ശ്രവിച്ചുവെന്നും, തന്നോടൊപ്പം യൂറോപ്പിലേക്കുള്ള യാത്രയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കദന സംഭവങ്ങൾ കൂടി പങ്കുവയ്ക്കുവാൻ തനിക്കു സാധിച്ചുവെന്നും ഇബ്രാഹിമ പറഞ്ഞു.
വെനീസിൽ താമസിക്കുന്ന ഇബ്രാഹിമ രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്. 'അപ്പവും വെള്ളവും', 'പുതിയ യാത്ര - ആഫ്രിക്കയുടെ തീരത്ത് നിന്ന് യൂറോപ്പിൻ്റെ തെരുവുകളിലേക്കുള്ള എൻ്റെ ശബ്ദം' എന്നിവയാണ് ഇരു പുസ്തകങ്ങൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: