അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തുന്നു അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തുന്നു   (VATICAN MEDIA Divisione Foto)

ദൈവവിളികൾക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കണം: ഫ്രാൻസിസ് പാപ്പാ

വിവിധ സഭാസമൂഹങ്ങൾക്ക് ജൂലൈ മാസം പതിനഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ കൂടിക്കാഴ്‌ച്ചാവേളയിൽ, ദൈവവിളിയുടെ പ്രാധാന്യത്തെ എടുത്തു പറയുകയും, ദൈവവവിളികൾ വർദ്ധിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജൂലൈ മാസം പതിനഞ്ചാം തീയതി തിങ്കളാഴ്ച, പൊതു ചാപ്റ്ററുകളിൽ അംഗങ്ങളായിരിക്കുന്ന വിവിധ സന്യസ്തസഭാ സമൂഹങ്ങളിലെ പ്രതിനിധികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. ആമുഖത്തിൽ, ഓരോ സഭയിലും ഇപ്പോൾ ഉള്ള ദൈവവിളികളുടെ എണ്ണത്തെപ്പറ്റി ഫ്രാൻസിസ് പാപ്പാ ചോദിച്ചു. ദൈവവിളികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഗണ്യമായ കുറവിനെ പാപ്പാ എടുത്തുകാണിച്ചു.

ഒപ്പം,  ഇന്ന് ഓരോ സന്യാസസമൂഹങ്ങളിലും, വ്യക്തികളുടെ പൗരത്വം കൂടുതലായി , ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നാണെന്നു പറഞ്ഞപ്പോൾ, സഭയുടെ ഭാവി ഈ സ്ഥലങ്ങളിലായിരിക്കുമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ക്രിസ്തുവിന്റെ സൗന്ദര്യം ലോകത്തിൽ പ്രകാശിപ്പിക്കുന്നതിനു വേണ്ടി,  പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെടുന്ന സന്യസ്തരുടെ ജീവിതത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ഈ ജീവിതത്തിൽ സ്നേഹയിതര താത്പര്യങ്ങൾ ഉപേക്ഷിക്കുവാനുള്ള, പരിശ്രമങ്ങളും പാപ്പാ അടിവരയിട്ടു പറഞ്ഞു.

പ്രധാനമായും, സൗന്ദര്യം, ലാളിത്യം എന്നീ രണ്ടു ഘടകങ്ങളാണ് പാപ്പാ തന്റെ സന്ദേശത്തിലുടനീളം എടുത്തുപറഞ്ഞത്. വ്യത്യസ്ത സാഹചര്യങ്ങളിലും, കാലങ്ങളിലും   സന്യസ്തസഹോദരങ്ങൾ നടത്തുന്ന  വിവിധ പ്രവർത്തനങ്ങൾ, ദൈവീകമുഖത്തിന്റെ കൃപാപ്രകാശത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്ന അനുഭവങ്ങളാണെന്ന് പാപ്പാ പറഞ്ഞു.

ഈ സൗന്ദര്യത്തിന്റെ സവിശേഷതകൾ ഗ്രഹിക്കാനും,  കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത രീതികളിൽ പ്രതികരിക്കാനും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ സന്യാസസമൂഹങ്ങളുടെ സ്ഥാപകർക്ക് സാധിച്ചുവെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. ചരിത്രത്തിൽ, ഇവർ കണ്ടെത്തിയ ക്രിസ്തുവിന്റെ സൗന്ദര്യം തേടുകയും വിതയ്ക്കുകയും ചെയ്യുക എന്നതാണ് ഓരോ സന്യാസിയുടെയും കടമായെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

തുടർന്ന്, സുവിശേഷത്തിൽ പ്രകാശിക്കുന്ന ദൈവസ്നേഹത്തിന്റെ ലാളിത്യത്താൽ അനുദിനം അനാവശ്യമായത് ഉപേക്ഷിച്ചുകൊണ്ടു ആവശ്യമായതിനെ നേടിയെടുക്കുന്നതാണ് ലാളിത്യജീവിതമെന്നു പാപ്പാ  പറഞ്ഞു. അതിനാൽ പൊതു ചാപ്റ്ററിന്റെ അവസരത്തിൽ ഈ രണ്ടു ഘടകങ്ങൾ കൂട്ടിച്ചേർക്കുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. അപേക്ഷിക്കുന്നു,  ഉപയോഗപ്രദമല്ലാത്തതോ നിങ്ങളുടെ വിവേചന പ്രക്രിയകളിൽ കേൾവിക്കും ഐക്യത്തിനും തടസ്സമാകുന്നതിനെയെല്ലാം ഒഴിവാക്കണമെന്നും, അസൂയയുടെയും, മാത്സര്യത്തിന്റെയും, കണക്കുകൂട്ടലുകളുടെയും, പ്രലോഭനങ്ങളെ ദൂരെയകറ്റണമെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.

എളിമയുടെ ജീവിതം നയിച്ചുകൊണ്ട്, അയയ്ക്കപ്പെടുന്നിടത്തേക്ക് പോകുവാനുള്ള മനസ്സുണ്ടാകണമെന്നും,  കർത്താവിന്റെ പാതയിൽ മുൻപോട്ടു പോകുന്നതിനു പ്രാർത്ഥിക്കണമെന്നും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2024, 13:54