തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ 

പുതുജീവിതത്തിലേക്ക് കടന്നുവരാനുള്ള ക്രിസ്തുവിന്റെ വാക്കുകൾക്ക് ചെവിയോർക്കാൻ യുവജനങ്ങളെ സഹായിക്കുക: ഫ്രാൻസിസ് പാപ്പാ

യുവത്വത്തിന്റെ ശക്തിയും ഊർജ്ജവും നല്ല രീതിയിൽ ജീവിച്ച്, ആധികാരികമായ സ്നേഹത്തിൽ വളരാൻ യുവജനങ്ങളെ സഹായിക്കാൻ യുവജനതയുടെ അജപാലനരംഗത്ത് പ്രവർത്തിക്കുന്നവരെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. യുവജനതയെ കരംപിടിച്ചുയർത്താൻ ആഗ്രഹിക്കുന്ന യേശുവിനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ അവരെ ഒരുക്കുന്നതിൽ മുന്നോട്ടുപോകാൻ, തെക്കേ അമേരിക്കയിൽ, യുവജന അജപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെ ഇരുപത്തിയൊന്നാമത് സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ പാപ്പാ ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ശുഭാപ്തിവിശ്വാസവും, ഊർജ്ജവും പ്രത്യാശയുമുള്ള യുവജനതയുടെ ജീവിതത്തിൽ സത്യസന്ധമായതും അധികാരികമായതുമായ സ്നേഹം വളർന്നുവരാനായി, ക്രിസ്തുവിന് ഇടം നൽകുന്നവിധത്തിൽ വളരുവാനായി യുവജനങ്ങളെ സഹായിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. കരീബിയൻ പ്രദേശങ്ങളിലും, തെക്കേ അമേരിക്കയിലുമുള്ള, യുവജന അജപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെ ഇരുപത്തിയൊന്നാമത് സമ്മേളനത്തിലേക്ക് കഴിഞ്ഞ ദിവസം അയച്ച സന്ദേശത്തിലാണ്, ലോകത്തിന് ഒരു സമ്മാനമായി മാറുന്ന വിധത്തിൽ യുവജനത്തെ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ എഴുതിയത്.

യുവജനഅജപാലനവുമായി ബന്ധപ്പെട്ട കമ്മീഷന്റെ പ്രസിഡന്റ് ബിഷപ് പിയർ യൂബിൻവീലിന് അയച്ച സന്ദേശത്തിൽ, ഇത്തവണ ജൂലൈ 15 മുതൽ 20 വരെ തീയതികളിൽ പാരഗ്വായിലെ അസുൻസിയോണിൽ നടക്കുന്ന സമ്മേളനത്തിന്റെ "ഞാൻ നിന്നോട് പറയുന്നു, എഴുന്നേൽക്കുക" എന്ന യേശുവിന്റെ വാക്കുകളെ അധികരിച്ച പ്രമേയം പോലെ, യുവജനങ്ങളോട് തങ്ങളുടെ ഉത്തരവാദിത്വവും കർത്തവ്യവും മനസ്സിലാക്കിക്കൊടുക്കാനും, അവരെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരുവാനും പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ പ്രത്യേകം പരാമർശിച്ചു.

നമുക്കരികിലൂടെ കടന്നുപോവുകയും, നമ്മെ ഉയർത്താനായി കരങ്ങൾ നീട്ടുകയും ചെയ്യുന്ന കർത്താവിനെ ഭയപ്പെടരുതെന്ന് യുവജനത്തെ പാപ്പാ ഉദ്‌ബോധിപ്പിച്ചു. നാം ഉയർന്നെണീറ്റ് നിവർന്നുനിൽക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ യേശുവിനെ നിങ്ങളുടെ ജീവിതത്തിൽ സ്വീകരിക്കാൻ നിങ്ങൾ മടിക്കരുതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അവനുവേണ്ടി ഹൃദയവാതിലുകൾ തുറന്നിടേണ്ടതിന്റെ ആവശ്യം പാപ്പാ പ്രത്യേകമായി തന്റെ സന്ദേശത്തിൽ എഴുതി.

ഒരമ്മയുടെ സ്നേഹത്തോടും കരുതലോടും കൂടെ പരിശുദ്ധ അമ്മ നിങ്ങൾക്കായി മദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു. സഭ കൂടുതൽ സിനഡാത്മകവും, മിഷനറിയും, ക്രിസ്തുവിന്റെ ശിഷ്യയുമായി തുടരേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു.

ഇത്തവണത്തെ സമ്മേളനം തയ്യാറാക്കുന്നതിൽ മുൻകൈയെടുത്ത പാരഗ്വായിലെ യുവജനങ്ങൾക്ക് പ്രത്യേകം നന്ദി പറഞ്ഞ പാപ്പാ, ആനന്ദം നിറഞ്ഞ പ്രത്യാശയോടെ 2025-ലെ ജൂബിലി ആഘോഷിക്കാനായി ഒരുങ്ങുവാൻ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 July 2024, 16:35