തിരയുക

ത്രികാലജപപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ ത്രികാലജപപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

എത്യോപ്യയിൽ ഉരുൾപൊട്ടലിന്റെ ഇരകളായവർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

തെക്കൻ എത്യോപ്യയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഇരകൾക്കും, ഇതുമായി ബന്ധപ്പെട്ട് ദുഃഖിതരായിരിക്കുന്ന എത്യോപ്യൻ ജനതയ്ക്കും പ്രാർത്ഥനയും സാമീപ്യവും ഉറപ്പുനൽകി ഫ്രാൻസിസ് പാപ്പാ. ജൂലൈ 22 തിങ്കളാഴ്ച എത്യോപ്യയിലെ സോഡോ പ്രദേശത്തുണ്ടായ വൻ ഉരുൾപൊട്ടലിൽ 260-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി പ്രാദേശികകത്തോലിക്കാസഭ.

ഷാൻ-ബെന്വാ ഹരേൽ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തെക്കൻ എത്യോപ്യയിലെ സോഡോ പ്രദേശത്ത് ജൂലൈ 22 തിങ്കളാഴ്ച ഉണ്ടായ ഉരുൾപൊട്ടലിന്റെ ഇരകളായവർക്ക് പ്രാർത്ഥനകൾ വാഗ്ദാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഒരു ഗ്രാമത്തെ മുഴുവൻ തകർത്ത് കൊണ്ടുപോയ ഈ ദുരന്തത്തിൽ ദുഃഖിതരായിരിക്കുന്ന എത്യോപ്യൻ ജനതയ്ക്കും, സ്ഥലത്ത് അപകടങ്ങളിൽപ്പെട്ടവർക്ക് സഹായസഹകരണങ്ങൾ എത്തിക്കുന്നവർക്കും തന്റെ സാമീപ്യം ഉറപ്പുനൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. ജൂലൈ 28 ഞായറാഴ്ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ചതിന് പിന്നാലെയാണ് പാപ്പാ എത്യോപ്യയിൽ നടന്ന ഈ വൻ പ്രകൃതിദുരന്തത്തിൽപ്പെട്ടവരെ പ്രത്യേകം അനുസ്മരിച്ചത്.

ലോകത്ത് അനേകമാളുകൾ ദുരന്തങ്ങളും പട്ടിണിയും മൂലം ദുരിതമനുഭവിക്കുമ്പോഴും, ആയുധനിർമ്മാണവും വിൽപ്പനയും നടത്തുകയും, പ്രകൃതിയിലെ വിഭവങ്ങൾ നശിപ്പിച്ചുകൊണ്ട് ചെറുതും വലുതുമായ യുദ്ധങ്ങൾ നടത്തുകയും ചെയ്യുന്നതിനെ ഇതിനോടനുബന്ധിച്ച് പാപ്പാ കുറ്റപ്പെടുത്തിയിരുന്നു. അന്താരാഷ്ട്രസമൂഹം ഇത്തരമൊരു കുത്സിതപ്രവൃത്തിയെ അംഗീകരിക്കരുതെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.

സഹായത്തിന് മുന്നോട്ടിറങ്ങി പ്രാദേശികസഭാനേതൃത്വം

എത്യോപ്യയിലെ തെക്കൻ പ്രദേശത്തുള്ള സോഡോയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ജൂലൈ 28-ലെ കണക്കനുസരിച്ച് 260 പേരുടെ മൃതശരീരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രകൃതിദുരന്തത്തിൽ എത്രപേരാണ് ഇരകളായതെന്ന് ഇനിയും വ്യക്തമല്ലെന്ന് സോഡോ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ അഭി. ബിഷപ് സെയ്യൂം ഫ്രാൻസ്വ ഫീദെസ് വാർത്താ ഏജൻസിക്ക് നൽകിയ സന്ദേശത്തിൽ അറിയിച്ചു. ഗോഫ, കെൻചോ ഷാചാ ഗോസ്‌ദി കെബേലെ, ഗേസെ ഗോഫ വോറേദാ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്.

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് അപകടങ്ങളിൽപ്പെട്ടവർക്ക് സഹായമെത്തിക്കാനായി സോഡോ വികാരിയാത്തിൽനിന്നും ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് ബിഷപ് ഫ്രാൻസ്വ അറിയിച്ചു. അതോടൊപ്പം എത്യോപ്യൻ മെത്രാൻ സമിതിയുടെയും എത്യോപ്യൻ കത്തോലിക്കാ ദുരിതാശ്വാസ വിഭാഗത്തിന്റെയും സംഘങ്ങളും ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്ക് സഹായമെത്തിക്കാനായി സ്ഥലത്തെത്തിയിട്ടുണ്ടെന്നും സോഡോ അപ്പസ്തോലിക വികാരി പറഞ്ഞു. ഈ പ്രദേശത്തെ ആളുകൾക്ക് അടിയന്തിര മാനവികസഹായം ആവശ്യമുണ്ടെന്നും, പ്രാദേശിക, അന്താരാഷ്ട്ര സഹകരണവും സഹായവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തിൽ നാല്പത്തിയാറു കുടുംബങ്ങൾ എങ്കിലും ഉൾപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. കേന്ദ്ര, പ്രാദേശിക സർക്കാർ സംവിധാനങ്ങൾ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതശരീരങ്ങൾ കണ്ടെടുക്കാനും, മറവു ചെയ്യാനും, അതിജീവിച്ചവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും പരിശ്രമിച്ചുവരികയാണെന്ന് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.

അദിസ് അബെബ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ബെർഹാനെയെസുസ് ഡമെറെവ് സൂറാഫിലും സംഭവത്തിൽ തന്റെ ദുഃഖം അറിയിക്കുകയും, ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, സഭയുടെ സഹകരണം ഉറപ്പുനൽകുകയും ചെയ്‌തിരുന്നു.

ഈ പ്രകൃതിദുരന്തം, ജീവൻ നഷ്ടപ്പെട്ടവരെക്കൂടാതെ, അൻപതിനായിരത്തോളം ആളുകളെ എങ്കിലും ബാധിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ മാനവികകാര്യങ്ങൾക്കായുള്ള വിഭാഗം കണക്കുകൂട്ടുന്നത്. ഏതാണ്ട് 5776 കുടുംബങ്ങൾക്ക് അടിയന്തിരസഹായം ആവശ്യമുണ്ടെന്ന് യു.എൻ. കണക്കാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2024, 17:31