തിരയുക

"പൂമുഖനാഥ" എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം "പൂമുഖനാഥ" എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം 

സ്നേഹമയിയും, തന്റെ മക്കളെ സുരക്ഷിത തീരത്തെത്തിക്കുന്നവളുമാണ് പരിശുദ്ധ കന്യക: ഫ്രാൻസിസ് പാപ്പാ

ദൈവത്തിന്റെ അമ്മമുഖമാണ് പരിശുദ്ധ അമ്മയെന്ന് ഫ്രാൻസിസ് പാപ്പാ. റോമിലെ കാംപിത്തെല്ലിയിൽ "പൂമുഖനാഥ" എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ വണക്കത്തിന്റെ 1500 വർഷങ്ങൾ ആഘോഷിക്കപ്പെടുന്ന അവസരത്തിൽ, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മരിയൻ കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്ന "പരിശുദ്ധ ദൈവമാതാവിന്റെ വൈദികരുടെ സഭ"യിലെ അംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ, ക്രൈസ്തവജീവിതത്തിൽ പരിശുദ്ധ അമ്മയുടെ പ്രാധാന്യവും, സഭയുടെ മിഷനറി ദൗത്യം തുടരുന്നതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആശ്വാസത്തിന്റെയും, ഉറപ്പുള്ള പ്രത്യാശയുടെയും അടയാളമായി പരിശുദ്ധ അമ്മയെ കാണാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. മറിയം ദൈവത്തിന്റെ മാതൃമുഖമാണെന്നും, നമുക്കേവർക്കും അഭയകേന്ദ്രമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഐക്യത്തിന്റെയും, രക്ഷയുടെയും പ്രത്യാശയും, സമാധാനമാർഗ്ഗവും, ജീവിതത്തെക്കുറിച്ചുള്ള മനുഷ്യരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും ആയി തന്റെ പുത്രനായ ക്രിസ്‌തുവിനെയാണ് പരിശുദ്ധ അമ്മ ചൂണ്ടിക്കാട്ടുന്നതെന്നും നമുക്കേവർക്കും നലകുന്നതെന്നും പാപ്പാ എഴുതി. "പൂമുഖനാഥ" (Santa Maria in Portico ) എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ 1500 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിലേക്കായി തയ്യാറാക്കിയ തന്റെ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ എഴുതിയത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടയിടത്തിന്റെ സംരക്ഷണം കഴിഞ്ഞ 450 വർഷങ്ങളായി ഏറ്റെടുത്തിരിക്കുന്ന "പരിശുദ്ധ ദൈവമാതാവിന്റെ വൈദികരുടെ സഭ" (Ordine dei Chierici Regolari della Madre di Dio - OMD) എന്ന സഭംഗങ്ങൾക്ക് പാപ്പാ തന്റെ സന്ദേശം പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ആം തീയതിയാണ് ഒപ്പിട്ട് അയച്ചത്.

ഇന്നത്തെ ലോകം കടന്നുപോകേണ്ടിവരുന്ന പ്രത്യേക അവസ്ഥകളെക്കുറിച്ച് പരാമർശിച്ച പാപ്പാ, ഈയൊരവസ്ഥയിൽ നമുക്കെങ്ങനെയാണ് സമാധാനത്തിനായി ശ്രമിക്കാതെയും, പ്രാർത്ഥിക്കാതെയും ഇരിക്കാനാകുക എന്ന് സന്ദേഹമുയർത്തി. സമാധാനത്തിനായി പ്രാർത്ഥിക്കാനും, സമാധാനത്തിന്റെ നിർമ്മാതാക്കളായി മാറാനും പാപ്പാ ഏവരെയും, പ്രത്യേകിച്ച്  "പരിശുദ്ധ ദൈവമാതാവിന്റെ വൈദികരുടെ സഭയിലെ" വൈദികരെ ആഹ്വാനം ചെയ്‌തു.

"പൂമുഖനാഥ" (Santa Maria in Portico) എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ ജൂബിലി ആഘോഷാവസരത്തിൽ, "പരിശുദ്ധ ദൈവമാതാവിന്റെ വൈദികരുടെ സഭ"യോട് പ്രാർത്ഥനയിൽ ഒന്നുചേരുന്നതിലുള്ള സന്തോഷം ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി.

റോമിലെ കാംപിത്തെല്ലിയിൽ, 524 ജൂലൈ 17-ന് വിശുദ്ധ ജോൺ ഒന്നാമൻ പാപ്പായുടെ സാന്നിദ്ധ്യത്തിൽ, പട്രീഷ്യ എന്ന കുലീനവിഭാഗത്തിൽപ്പെട്ട വിശുദ്ധ ഗാല്ലായുടെ വീട്ടിൽ വച്ച് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടാണ് "പൂമുഖനാഥ" (Santa Maria in Portico ) എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷിക്കപ്പെട്ടുതുടങ്ങിയതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. അന്നുമുതൽ, വിശുദ്ധ ഗാല്ല പാവപ്പെട്ടവരെയും തീർത്ഥാടകരെയും സ്വീകരിച്ചിരുന്ന "വാതിൽപ്പടി" മരിയൻ തീർത്ഥാടനകേന്ദ്രവും, കാരുണ്യത്തിന്റെ ഇടവുമായി മാറിയെന്ന് പാപ്പാ എഴുതി. ഈയൊരു പാരമ്പര്യമാണ് വിശുദ്ധ ജോൺ ലെയൊനാർദിയുടെ ആദ്ധ്യാത്മികത പിന്തുടരുന്നവർക്ക്, പാവപ്പെട്ടവരെയും, ദരിദ്രരെയും ശുശ്രൂഷിക്കാനും, അവരെ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും കാരണമായെന്ന് പാപ്പാ വിശദീകരിച്ചു. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന വിവിധ രൂപങ്ങളിലുള്ള ദാരിദ്ര്യങ്ങൾ അനുഭവിക്കുന്നവർക്ക് സാന്ത്വനവും ആശ്വാസവും നൽകാൻ കഴിയുന്ന തുറന്ന ഒരു പൂമുഖമായി നാം വസിക്കുന്ന സ്ഥലങ്ങളും, നമ്മുടെ പള്ളികളും മാറേണ്ടതിനായാണ് വിശുദ്ധ ലെയൊനാർദിയുടെ ഈയൊരു ചൈതന്യം നിങ്ങളെ വിളിക്കുന്നതെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

സഭയുടെ ഒരു വിഷമഘട്ടത്തിലാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ദർശനസമയത്ത് ജോൺ ഒന്നാമൻ പാപ്പായുടെ മേൽ അവൾ തന്റെ മേൽക്കുപ്പായം വിരിച്ചതും, അദ്ദേഹം സമാധാനത്തിനായി തന്റെ ജീവൻ ത്യാഗം ചെയ്തതും പ്രത്യേകം പരാമർശിച്ചു. സഹോദരഹത്യയായ യുദ്ധങ്ങൾക്കും, രാഷ്ട്രീയക്കെണികൾക്കും ഇടയിലാണ് അദ്ദേഹം, തന്റെ വിശ്വാസം ഉപേക്ഷിക്കാതെ സഹിച്ചതും, ജീവൻ നൽകിയതുമെന്ന് പാപ്പാ വിശദീകരിച്ചു.

പരിശുദ്ധ അമ്മയുടെ ഈയൊരു പ്രാധാന്യമറിഞ്ഞുകൊണ്ടാണ് വിശുദ്ധ ജോൺ ലെയൊനാർദി "പരിശുദ്ധ കന്യകാമറിയത്തിന്റെ നവീകൃതവൈദികരുടെ സഭ" സ്ഥാപിച്ചതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത് സഭയ്ക്ക് അതിന്റെ ആരംഭത്തിലുണ്ടായിരുന്ന അപ്പസ്തോലികസ്വഭാവം തിരികെ നൽകാനായിരുന്നുവെന്ന് എഴുതി. സഭയിലെയും മനുഷ്യരിലേയും തിന്മകളെ സുഖപ്പെടുത്താൻ കഴിവുള്ള ഏക മരുന്ന് ക്രിസ്‌തുവാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നുവെന്ന് കൂട്ടിച്ചേർത്തു.

പരിശുദ്ധ അമ്മയ്‌ക്കൊപ്പമുള്ള ഈയൊരു വിശ്വാസയാത്ര, അവൾക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന വൈദികരുടെ ഈ സഭയിൽ, കൂടുതൽ ശക്തമായ മിഷനറി ചൈതന്യം ജീവിക്കാനും, ആധ്യാത്മികജീവിതത്തിൽ പുരോഗമിക്കാനും, വിശുദ്ധ ലെയൊനാർദി ഓർമ്മിപ്പിക്കുന്നതുപോലെ, നിങ്ങളെ ആഹ്വാനം ചെയ്യുന്നുണ്ടെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി.

കാലത്തിന്റെ മിഷനറി വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറായ വൈദികരെ തയ്യാറാക്കുന്നതിനായി, പ്രൊപ്പഗാന്താ ഫീദേയുടെ കീഴിലുളള ഉർബാനിയൻ കോളേജിന്റെ പ്രഥമനിയമസംഹിത എഴുതിയ വിശുദ്ധ ലെയൊനാർദിയുടെ സുവിശേഷവത്കരണപ്രവർത്തനങ്ങളുടെ ഓർമ്മകളിലേക്ക്,  "പൂമുഖനാഥായുടെ" സംരക്ഷണത്തിന് കീഴിൽ നിങ്ങൾ ഇപ്പോൾ ജീവിക്കാൻ പോകുന്ന ജൂബിലി ആഘോഷങ്ങൾ നിങ്ങളെ നയിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സഭ 2025-ലെ ജൂബിലിക്കായി തയ്യാറാകുന്ന 2024-ലാണ് വിശുദ്ധ ജോൺ ലെയൊനാർദി സ്ഥാപിച്ച "ദൈവമാതാവിന്റെ പുരോഹിതർ" എന്ന സന്ന്യാസസഭാസ്ഥാപനത്തിന്റെ 450 വർഷങ്ങൾ ആഘോഷിക്കുന്നത് എന്നത് ദൈവപരിപാലനയുടെ അടയാളമാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 July 2024, 16:27