ജനാധിപത്യം ഇന്ന് അനാരോഗ്യം നേരിടുന്നു: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ജനകീയ പങ്കാളിത്തത്തിലൂടെയും, പരോപകാരപ്രദമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും ജനാധിപത്യത്തിൻ്റെ പ്രതിസന്ധി പരിഹരിക്കാൻ സഭ മുൻപോട്ടു വരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ, ജൂലൈ മാസം ഏഴാം തീയതി ഞായറാഴ്ച്ച, ഇറ്റലിയിലെ ത്രിയേസ്തേയിൽ നടന്ന 50-ാമത് ഇറ്റാലിയൻ കത്തോലിക്കാ സാമൂഹിക വാരത്തിൻ്റെ സമാപന സമ്മേളനത്തിൽ സംബന്ധിക്കുകയും, അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തു.
ആയിരക്കണക്കിന് ആളുകൾ പാപ്പായുടെ സന്ദേശം കേൾക്കുവാൻ എത്തിച്ചേർന്നിരുന്നു. ഇറ്റാലിയൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. 'ജനാധിപത്യത്തിന്റെ ഹൃദയം. ചരിത്രത്തിനും, ഭാവിക്കും ഇടയിലുള്ള പങ്കാളിത്തം', എന്നതായിരുന്നു സമ്മേളനത്തിന്റെ ആപ്തവാക്യം.
ജനാധിപത്യത്തിന്റെ അനാരോഗ്യം, മനുഷ്യ നന്മ അപകടത്തിലാക്കുന്നുവെന്ന്, പാപ്പാ അടിവരയിട്ടു പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനാധിപത്യ ക്രമം പക്വത പ്രാപിച്ചുവെന്നും, അതിനു കത്തോലിക്കർ നൽകിയ അതുല്യമായ സംഭാവനകൾ പ്രധാനപെട്ടതാണെന്നും, എന്നാൽ ഭൂതകാലചരിത്രത്തെ പറ്റി അഭിമാനം കൊള്ളുന്നതോടൊപ്പം, ഇന്നത്തെ ജനാധിപത്യസംവിധാനങ്ങൾക്കും നമ്മുടേതായ നന്മകൾ പ്രദാനം ചെയ്യുന്നതിൽ വിമുഖത കാണിക്കരുതെന്നും പാപ്പാ പറഞ്ഞു.
സമൂഹത്തിന്റെ പരിവർത്തനത്തോടുള്ള എല്ലാവരുടെയും പ്രതിബദ്ധതയ്ക്ക് അർത്ഥം നൽകുന്നതിനും, ധാർമ്മിക സമൂഹം ഉരുവാക്കുന്നതിനും, സാമൂഹിക ഐക്യദാർഢ്യം ഉറപ്പുവരുത്തുന്നതിനും എല്ലാവരുടെയും സഹകരണവും പാപ്പാ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ പ്രതിസന്ധിയെ ഒരു മുറിവേറ്റ ഹൃദയമെന്നോണം ഏറ്റെടുക്കണമെന്നും, അഴിമതിയും, നിയമവിരുദ്ധതയും, പാർശ്വവത്ക്കരണവും, സമൂഹിക ബഹിഷ്കരണവുമൊക്കെ അരങ്ങുതകർക്കുമ്പോൾ, പ്രതിബദ്ധതയുടെയും,ഉത്തരവാദിത്വത്തിന്റെയും വക്താക്കളായി മാറുവാനുള്ള വിളിയും പാപ്പാ ഓർമ്മിപ്പിച്ചു. ജനാധിപത്യം, മനുഷ്യന്റെ സേവനത്തിനല്ലെങ്കിൽ, അതിന്റെ പരമോന്നത ലക്ഷ്യമായി മനുഷ്യ വ്യക്തിയുടെ അന്തസ്സും സ്വാതന്ത്ര്യവും സ്വയംഭരണവും ഇല്ലെങ്കിൽ, അത് സമൂഹത്തെ ബാധിക്കുന്ന ഒരു രോഗമാണെന്നും പാപ്പാ പറഞ്ഞു.
ദരിദ്രർ, ദുർബലർ, രോഗികൾ, കുട്ടികൾ, സ്ത്രീകൾ, ചെറുപ്പക്കാർ, വൃദ്ധർ തുടങ്ങിയ സമൂഹത്തിലെ വിവിധ ജീവിതാന്തസിൽപ്പെടുന്നവരെ ഗൗനിക്കാതെ 'വലിച്ചെറിയുന്ന സംസ്കാരം' പ്രോത്സാഹിപ്പിക്കുന്നതിനെതിരെയും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇന്നത്തെ ലോകത്ത്, ജനാധിപത്യപ്രക്രിയയിൽ വോട്ടു ചെയ്യാൻ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നതിനെപ്പറ്റി തനിക്കുള്ള ആശങ്കയും പാപ്പാ പങ്കുവച്ചു.
സാർവത്രിക സാഹോദര്യമാണ്, ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും, എന്നാൽ സഹോദരങ്ങളുടെ അന്തസ്സിനു വിലകല്പിക്കാത്ത ജനാധിപത്യം അപകടമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അതിനാൽ ജനാധിപത്യത്തിൽ എല്ലാവരെയും ഉൾച്ചേർക്കുവാനുള്ള പ്രോത്സാഹനം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഇതിനു സകലരുടെയും സർഗാത്മകത സമൂഹ നന്മയ്ക്കു വേണ്ടി പ്രയോജനപ്പെടുത്തണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുന്നതിനുള്ള ഉത്തരവാദിത്വം, കത്തോലിക്കരുടെ മുഖമുദ്രയായിരിക്കണമെന്നും, ഇതിനെയാണ് യഥാർത്ഥരാഷ്ട്രീയ സ്നേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: