തിരയുക

ഫ്രാൻസിസ് പാപ്പാ ത്രിയേസ്തേ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ ത്രിയേസ്തേ സന്ദർശന വേളയിൽ   (Vatican Media)

പേരു ചൊല്ലിവിളിക്കുമ്പോൾ മനുഷ്യാന്തസ്സിനെ ആദരിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ പ്രധാന തുറമുഖ നഗരമായ ത്രിയേസ്തേയിൽ സന്ദർശനം നടത്തിയ ഫ്രാൻസിസ് പാപ്പാ, രോഗികളെ പേരു ചൊല്ലി വിളിച്ചുകൊണ്ട്, പ്രാർത്ഥിക്കുന്നതിനായി തനിക്ക് സമർപ്പിച്ച അതിരൂപതയുടെ മെത്രാപ്പോലീത്ത മോൺസിഞ്ഞോർ. എൻറിക്കോ ത്രെവിസിക്ക് പ്രത്യേകമായി നന്ദിയർപ്പിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജൂലൈ മാസം ഏഴാം തീയതി, വടക്കുകിഴക്കൻ ഇറ്റാലിയൻ നഗരമായ ത്രിയേസ്തേയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിന്റെ സമാപനത്തിൽ, കൂടിയിരുന്നവർക്കും, സംഘാടകർക്കും പ്രത്യേകമായി നന്ദിയർപ്പിക്കുകയും, ലോക സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.  ഉക്രൈൻ,   പാലസ്തീൻ, ഇസ്രായേൽ, സുഡാൻ, മ്യാൻമർ എന്നീ രാജ്യങ്ങളെ പേരെടുത്തു പാപ്പാ പരാമർശിച്ചു. മധ്യാഹ്നപ്രാർത്ഥനാവേളയിലാണ് പാപ്പാ തന്റെ അഭ്യർത്ഥനകൾ നടത്തിയത്.

ത്രിയേസ്തേയിൽ തനിക്ക് ആതിഥ്യമരുളിയ എല്ലാവർക്കും പാപ്പാ നന്ദി പറഞ്ഞു. രോഗികൾ, തടവുകാർ , കുടിയേറ്റക്കാർ എന്നിവരെ പ്രത്യേകമായി പാപ്പാ അനുസ്മരിച്ചു. അവരുടെ ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടതകൾക്ക് തന്റെ പ്രാർത്ഥനാസഹായവും പാപ്പാ വാഗ്ദാനം ചെയ്തു.

തുടർന്ന്, രോഗികളെ പേരു ചൊല്ലി വിളിച്ചുകൊണ്ട്,  പ്രാർത്ഥിക്കുന്നതിനായി തനിക്ക്  സമർപ്പിച്ച അതിരൂപതയുടെ മെത്രാപ്പോലീത്ത മോൺസിഞ്ഞോർ. എൻറിക്കോ ത്രെവിസിക്ക് പ്രത്യേകമായി നന്ദിയർപ്പിച്ചു. താൻ ശുശ്രൂഷിക്കുന്ന  രോഗികളായ സഹോദരങ്ങളുടെ പേരുകൾ  ഓർമ്മിക്കുന്നതും, അവരെ അപ്രകാരം അഭിസംബോധന ചെയ്യുന്നതും, അവരുടെ മാനുഷിക മഹത്വത്തിന് അടിവരയിടുന്നുവെന്ന് പാപ്പാ പറഞ്ഞു. രോഗികളെ കുറിച്ച് പൊതുവായുള്ള സംസാരമല്ല, മറിച്ച് വ്യക്തിപരമായ ബന്ധമാണ്, ഈ മാതൃക പ്രദാനം ചെയ്യുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഓരോ വ്യക്തിയുടെയും പേര്, ആ വ്യക്തിയുടെ അന്തസ്സിനെ എടുത്തു കാണിക്കുന്നുവെന്നും, ഇപ്രകാരം വലുപ്പ, ചെറുപ്പ വ്യത്യാസങ്ങളില്ലാതെ മനുഷ്യാന്തസ്സിനെ ബഹുമാനിക്കേണ്ടത് ക്രൈസ്തവസ്നേഹത്തിന്റെ പ്രത്യേകതയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മുടെ ജീവിതത്തിന് അർത്ഥവും പ്രത്യാശയും നൽകുന്ന സുവിശേഷവും, പൗരന്മാരെന്ന നിലയിൽ ജനാധിപത്യത്തിന്റെ പാതയ്ക്കുള്ള വിശ്വസനീയമായ ദിശാസൂചികയായ ഭരണഘടനയും  മുറുകെപ്പിടിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2024, 10:43