തിരയുക

"അൾത്താരശുശ്രൂഷികളുടെ പതിമൂന്നാമത് ആഗോള തീർത്ഥാടനത്തിൽ" കുട്ടികളെ അഭിസംബോധന ചെയ്യുന്ന പാപ്പാ "അൾത്താരശുശ്രൂഷികളുടെ പതിമൂന്നാമത് ആഗോള തീർത്ഥാടനത്തിൽ" കുട്ടികളെ അഭിസംബോധന ചെയ്യുന്ന പാപ്പാ  (AFP or licensors)

ക്രിസ്തുവിനും സഹോദരങ്ങൾക്കും ഒപ്പമായിരിക്കുക: അൾത്താരശുശ്രൂഷികളോട് ഫ്രാൻസിസ് പാപ്പാ

വിശുദ്ധ കുർബാനയിൽ ആത്മശരീരങ്ങളോടെ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തു നിങ്ങൾക്കൊപ്പമുണ്ടെന്ന് അൾത്താരശുശ്രൂഷികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുവാൻ ഏവർക്കും പാപ്പായുടെ ആഹ്വാനം. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളിൽനിന്നുള്ള എഴുപതിനായിരത്തോളം കുട്ടികളെ ഉൾപ്പെടുത്തി നടന്ന, "അൾത്താരശുശ്രൂഷികളുടെ പതിമൂന്നാമത് ആഗോള തീർത്ഥാടനത്തിൽ" കുട്ടികളെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്ത പാപ്പാ, മുൻവിധികളില്ലാതെ ഏവർക്കും സമീപസ്ഥരായിരിക്കാൻ കുട്ടികളെ ക്ഷണിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മനോഹരമായ വത്തിക്കാൻ ചത്വരം, അൾത്താരശുശ്രൂഷികളായ കുട്ടികളുടെ സാന്നിദ്ധ്യത്തിൽ കൂടുതൽ മനോഹരമായെന്ന് ഫ്രാൻസിസ് പാപ്പാ. അൾത്താരശുശ്രൂഷികളുടെ അന്താരാഷ്ട്രസംഘം (Coetus internationalis ministrantium - Cim) ജൂലൈ 30 വ്യാഴാഴ്ച വത്തിക്കാനിൽ സംഘടിപ്പിച്ച, "അൾത്താരശുശ്രൂഷികളുടെ പതിമൂന്നാമത് ആഗോള തീർത്ഥാടനത്തിൽ" എഴുപത്തിനായിരത്തോളം വരുന്ന കുട്ടികളെ അഭിസംബോധന ചെയ്‌തു സംസാരിക്കവെ, ഇത്തവണത്തെ തീർത്ഥാടനത്തിനായി "നിന്നോടൊപ്പം" എന്ന അർത്ഥവത്തായ പ്രമേയം എടുത്തതിനെ പാപ്പാ അഭിനന്ദിച്ചു.

"നിന്നോടൊപ്പം" എന്ന പ്രയോഗത്തിൽ, സ്നേഹത്തിന്റെ രഹസ്യം ഉൾക്കൊള്ളുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, ഒരു അമ്മയും ഗർഭസ്ഥശിശുവും തമ്മിലുള്ള ബന്ധത്തെ ഇതിന് ഉദാഹരണമായി എടുത്തുപറഞ്ഞു. അമ്മ തന്റെ ശിശുവിനോടും, ശിശു തന്റെ അമ്മയോടും പറയുന്നത് ഈ വാക്കുകളാണെന്ന് പാപ്പാ പറഞ്ഞു. അൾത്താരശുശ്രൂഷികൾ എന്ന നിലയിൽ "നിന്നോടൊപ്പം" എന്ന പ്രമേയത്തിന് ഏറെ അർത്ഥങ്ങളുണ്ടെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

വിശുദ്ധ കുർബാനയിൽ തന്റെ തിരുശരീരരക്തങ്ങളാൽ സന്നിഹിതനാകുന്ന ക്രിസ്തുവും "ഞാൻ നിന്നോടൊപ്പമുണ്ട്” എന്നാണ് നമ്മോട് പറയുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. തന്റെ കരങ്ങളിൽ വിശുദ്ധ കുർബാനയെടുക്കുന്ന ഒരു വൈദികൻ ഇത് അനുദിനം തന്റെ കണ്മുൻപിൽ അനുഭവിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ അതേസമയം, വിശുദ്ധ കുർബാന സ്വീകരണത്തിൽ, ആത്മാവിലും ശരീരത്തിലും അവനെ സ്വീകരിക്കുന്ന നിങ്ങളോടും അവൻ പറയുന്നത്, ഞാൻ നിങ്ങളോടൊപ്പമുണ്ടെന്നാണെന്ന് പാപ്പാ യുവജനങ്ങളോട് പറഞ്ഞു. എന്നാൽ വിശുദ്ധ കുർബാന സ്വീകരിക്കുന്ന നിങ്ങൾ, യേശുവിനോടും ഇതേ വാക്കുകളിലൂടെയല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും, സ്നേഹം കൊണ്ടും, ഞാൻ നിന്നോടൊപ്പമാണെന്ന് പറയണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.

"ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ" എന്ന് ഉദ്‌ബോധിപ്പിച്ച യേശുവിന്റെ വാക്കുകൾ, മറ്റുള്ളവരെ വ്യത്യസ്തമായ ഒരു രീതിയിൽ സ്നേഹിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അത് നിങ്ങളുടെ വാക്കുകൾ കൊണ്ടല്ല, പ്രവൃത്തികൾകൊണ്ടും, ഹൃദയം കൊണ്ടും, സാമീപ്യം കൊണ്ടും ആയിരിക്കണമെന്ന് പാപ്പാ വിശദീകരിച്ചു. മറ്റുള്ളവരെ മുൻവിധികളില്ലാതെ സ്നേഹിക്കാനും, ഏവരെയും ഉൾക്കൊള്ളാനും, കരയുന്നവർക്കൊപ്പം കരയാനും, ചിരിക്കുന്നവർക്കൊപ്പം ചിരിക്കാനും നിങ്ങൾ പരിശ്രമിക്കണമെന്ന് യുവജനങ്ങളെ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സ്വദേശിയാകട്ടെ, വിദേശിയാകട്ടെ, നിങ്ങളെ മനസ്സിലാക്കുന്നവരാകട്ടെ അല്ലാത്തവരാകട്ടെ, ദൈവവിശ്വാസികളാകട്ടെ അല്ലാത്തവരാകട്ടെ, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാത്തവരാകട്ടെ, ഏവരോടും "ഞാൻ നിന്നോടൊപ്പമുണ്ട്" എന്ന് പറയാൻ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു. യേശുവിന്റേതായിരിക്കുന്നതിലും, അവന്റെ സ്നേഹത്തിന്റെയും, നമ്മുടെ മുറിവുകളെ സുഖപ്പെടുത്തുന്ന, മുറിവേറ്റ അവന്റെ ഹൃദയത്തിന്റെയും സേവകരായിരിക്കുന്നതിലുള്ള സന്തോഷം പങ്കുവയ്ക്കാനായി തീർത്ഥാടകരായി വത്തിക്കാനിലെത്തിയതിന് യുവജനങ്ങൾക്ക് പാപ്പാ  നന്ദി പറഞ്ഞു. നമ്മെ മരണത്തിൽനിന്ന് മോചിപ്പിക്കുന്നതും, നമുക്ക് നിത്യജീവൻ പ്രദാനം ചെയ്യുന്നതും യേശുവാണെന്ന് പാപ്പാ ഏവരെയും ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2024, 15:47