തിരയുക

നിസ്സംഗത, ഹൃദയത്തിൻറെ അലസത എന്നിവയെ മറികടക്കാൻ സഹായിക്കുന്ന വിശ്വാസം ആവശ്യം, പാപ്പാ!

ഇറ്റലിയിലെ കത്തോലിക്കരുടെ അമ്പതാം സാമൂഹ്യ വാരത്തിൻറെ സമാപന ദിവ്യബലി ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ ത്രിയേസ്തെ നഗരത്തിൽ ഞായറാഴ്ച അർപ്പിക്കുകയും വചന സന്ദേശം നല്കുകയും ചെയ്തു. ദൈനംദിന ജീവിതയാഥാർത്ഥ്യങ്ങളെ സ്പർശിക്കുന്നതായ യേശുവിലുള്ള വിശ്വാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ തദ്ദവസരത്തിൽ ഉദ്ബോധിപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ മാസം 3-7 വരെ ആചരിക്കപ്പെട്ട, ഇറ്റലിയിലെ കത്തോലിക്കരുടെ അമ്പതാം സാമൂഹ്യ വാരത്തിൻറെ സമാപനം കുറിക്കുന്നതിന് ഫ്രാൻസീസ് പാപ്പാ  വത്തിക്കാനിൽ നിന്ന് 700 കിലോമീറ്ററോളം കരദൂരമുള്ള ത്രിയേസ്തെയിൽ ഞായറാഴ്ച (07/07/24) എത്തി. ഇറ്റലിയുടെ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ത്രിയേസ്തെയിലെ ഐക്യത്തിൻറെ ചത്വരത്തിൽ ആയിരുന്നു സമാപന ദിവ്യ ബലിക്ക് വേദി ഒരുക്കിയിരുന്നത്. പാപ്പാ മുഖ്യകാർമ്മികനായി അർപ്പിച്ച വിശുദ്ധ കുർബ്ബാനയിൽ കർദ്ദിനാളന്മാരും മെത്രാന്മാരുമുൾപ്പടെ നൂറോളം പിതാക്കന്മാരും 260 വൈദികരും സഹകാർമ്മികരായിരുന്നു. വിവിധരാജ്യക്കാരായിരുന്ന ഏതാണ്ട് 8500 പേർ ഈ ദിവ്യബലിയിൽ പങ്കുകൊണ്ടു. വിശുദ്ധകുർബ്ബാന മദ്ധ്യേ, വിശുദ്ധഗ്രന്ഥ വായനകൾക്കു ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കി. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

പ്രവാചകന്മാരെ അയയ്ക്കുന്ന ദൈവം

തകർന്ന ഹൃദയങ്ങളിൽ പ്രത്യാശ പുനരുജ്ജീവിപ്പിക്കാനും ജീവിതയാത്രയിലെ കഷ്ടപ്പാടുകളിൽ താങ്ങായിരിക്കാനും ദൈവം എപ്പോഴും തൻറെ ജനത്തിനിടയിൽ പ്രവാചകന്മാർക്ക് ജന്മമേകിയിട്ടുണ്ട്. എന്നിരുന്നാലും, ഇന്നത്തെ ഒന്നാം വായന എസെക്കിയേലിൻറെ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് നമ്മോട് പറയുന്നതുപോലെ, പ്രവാചകർ പലപ്പോഴും നിഷേധികളെ, "മർക്കടമുഷ്ടിക്കാരും കഠിനഹൃദയരും" (എസെക്കിയേൽ 2:4) ആയ ആളുകളെ കണ്ടുമുട്ടി,  പ്രാവചകർ തിരസ്കരിക്കപ്പെട്ടു.

പ്രവചകരെപ്പോലെ യേശുവും തിരസ്ക്കരണത്തിൻറെ അനുഭവത്തിലൂടെ

പ്രവാചകന്മാർക്കുണ്ടായ അതേ അനുഭവമാണ് യേശുവിനും ഉണ്ടാകുന്നത്. അവൻ തൻറെ സ്വദേശമായ നസ്രത്തിലേക്ക്, താൻ ആരുടെ മദ്ധ്യേയാണോ വളർന്നുവന്നത് ആ ജനത്തിൻറെ ഇടയിലേക്ക് മടങ്ങുന്നു, എന്നാൽ ആ ജനം അവനെ തിരിച്ചറിഞ്ഞില്ല, അവൻ തിരസ്കരിക്കപ്പെടുന്നു: "അവൻ സ്വജനത്തിൻറെ അടുത്തേക്കു വന്നു, എന്നാൽ അവർ അവനെ സ്വീകരിച്ചില്ല" (യോഹന്നാൻ 1:11). യേശു "അവർക്ക് ഇടർച്ചയുടെ കാരണമായിരുന്നു" (മർക്കോസ് 6:3) എന്ന് സുവിശേഷം നമ്മോട് പറയുന്നു, എന്നാൽ "ഇടർച്ച" എന്ന വാക്ക് ഇന്ന് നാം ഉപയോഗിക്കുന്ന അർത്ഥത്തിൽ അശ്ലീലമോ അസഭ്യമോ ആയ ഒന്നിനെ സൂചിപ്പിക്കുന്നതല്ല; ഉതപ്പ് എന്നാൽ "ഒരു ഇടർച്ച", അതായത്, ഒരു തടസ്സം, നിനക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതും കൂടുതൽ മുന്നോട്ട് പോകുന്നതിൽ നിന്ന് നിന്നെ തടയുന്നതുമായ ഒന്ന്. നമുക്ക് സ്വയം ചോദിക്കാം: യേശുവിൽ വിശ്വസിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന വിഘ്നം എന്താണ്?

വിശ്വാസത്തിന് വിഘാതമകുന്നതെന്ത്?

യേശുവിൻറെ നാട്ടുകാരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ നമുക്കു, അവർ  അവൻറെ ഭൗമിക ചരിത്രത്തിൽ, കുടുംബ പശ്ചാത്തലത്തിൽ മാത്രം നില്ക്കുന്നത് കാണാം, അതിനാൽ അവർക്ക്, ആശാരിയായ യൗസേപ്പിൻറെ, അതായത്, ഒരു സാധാരണ മനുഷ്യൻറെ, മകനിൽ നിന്ന് ഇത്രമാത്രം ജ്ഞാനവും അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവു പോലും പുറത്തേക്കു വരുന്നത്  വിശദീകരിക്കാൻ കഴിയുന്നില്ല. അപ്പോൾ ഇവിടെ ഇടർച്ച യേശുവിൻറെ മനുഷ്യപ്രകൃതിയാണ്. യേശുവിൽ ദൈവത്തിൻറെ സാന്നിധ്യം തിരിച്ചറിയുന്നതിൽ നിന്ന് ഈ ആളുകളെ തടയുന്നത് അവൻ മനുഷ്യനാണ്, അവൻ വെറും തച്ചനായ യൗസേപ്പിൻറെ മകനാണ് എന്ന വസ്തുതയാണ്: സർവ്വശക്തനായ ദൈവത്തിന്, ഒരു മനുഷ്യൻറെ ശരീരത്തിൻറെ ദുർബ്ബലതയിൽ തന്നെത്തന്നെ വെളിപ്പെടുത്താൻ എങ്ങനെ കഴിയും? ഭൂമിയെ സൃഷ്‌ടിക്കുകയും തൻറെ ജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്‌ത സർവ്വശക്തനും ബലവാനുമായ ഒരു ദൈവത്തിന് എങ്ങനെ മാംസം ധരിക്കുകയും ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതിനായി സ്വയം താഴ്ത്തുകയും ചെയ്യുന്നതുവരെ ബലഹീനനാകാൻ സാധിക്കും? ഇതാണ് ഇടർച്ച.

മനുഷ്യപ്രകൃതി സ്വീകരിക്കുന്ന ദൈവം 

സഹോദരീ സഹോദരന്മാരേ: മനുഷ്യപ്രകൃതിയിലേക്ക് സ്വയം താഴ്ത്തുന്ന, നരകുലത്തെ പരിപാലിക്കുന്ന, നമ്മുടെ മുറിവുകളാൽ സ്പർശിതനാകുന്ന, നമ്മുടെ തളർച്ചകൾ സ്വയം ഏറ്റെടുക്കുന്ന, നമുക്കുവേണ്ടി അപ്പം പോലെ മുറിക്കപ്പെടുന്ന ഒരു മനുഷ്യ ദൈവത്തിൽ അധിഷ്ഠിതമായ വിശ്വാസം. എൻറെ പക്ഷത്തു നിൽക്കുകയും എല്ലാത്തിലും എന്നെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ശക്തനും ബലവാനുമായ ഒരു ദൈവം ഹൃദയഹാരിയാണ്; ബലഹീനനായ ദൈവം, സ്നേഹത്താൽ കുരിശിൽ മരിക്കുകയും, എല്ലാ സ്വാർത്ഥതയെയും മറികടക്കാനും ലോകത്തിൻറെ രക്ഷയ്ക്കായി ജീവിതം സമർപ്പിക്കാനും എന്നോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു ദൈവം; സഹോദരീസഹോദരന്മാരേ, ഇത് ഒരു ഇടർച്ചയാണ്.

ഈ ലോകത്തിലെ ജീവിതത്തെ സ്പർശിക്കുന്ന വിശ്വാസം 

എന്നിരുന്നാലും, കർത്താവായ യേശുവിൻറെ മുമ്പാകെ നമ്മെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട്, നമുക്കു നേരെ ഉയരുന്ന വെല്ലുവിളികളെ, ഈ സാമൂഹ്യവാരത്തിൽ ചർച്ചചെയ്യപ്പെട്ട സാമൂഹികവും രാഷ്ട്രീയവുമായ നിരവധി പ്രശ്‌നങ്ങളെ, നമ്മുടെ ജനങ്ങളുടെ മൂർത്തമായ ജീവിതത്തെയും അവരുടെ കഷ്ടപ്പാടുകളെയും നോക്കിക്കൊണ്ട്, നമുക്ക് പറയാൻ കഴിയും ഈ ഇടർച്ച നമുക്ക് ഇന്ന് ആവശ്യമാണ് എന്ന്. വിശ്വാസത്തിൻറെ ഇടർച്ച നമുക്കു വേണം. ഭൂമിയിൽ സംഭവിക്കുന്നതിനെക്കുറിച്ചോർത്ത് വ്യാകുലപ്പെടാതെ സ്വർഗ്ഗത്തിലേക്കു കണ്ണുകൾ ഉയർത്തി, നമ്മുടെ വീഥികളിൽ പടരുന്ന പൊടിപടലങ്ങൾ മറന്ന് ദേവാലയത്തിൽ ആരാധനകൾ നടത്തുന്ന സ്വയം അടച്ചുപൂട്ടിയ ഒരു മതാത്മകത നമുക്ക് ആവശ്യമില്ല. മറിച്ച്, നമുക്ക് ആവശ്യമായിരിക്കുന്നത് വിശ്വാസത്തിൻറെ ഇടർച്ചയാണ്. മനുഷ്യനായിത്തീർന്ന ദൈവത്തിൽ വേരൂന്നിയ ഒരു വിശ്വാസം, അതുകൊണ്ടുതന്നെ, മനുഷികമായ ഒരു വിശ്വാസം, ചരിത്രത്തിലേക്കു പ്രവേശിക്കുന്നതും ജനങ്ങളുടെ ജീവിതത്തെ തഴുകുന്നതും തകർന്ന ഹൃദയങ്ങളെ സൗഖ്യമാക്കുന്നതും പ്രത്യാശയുടെ പുളിമാവാകുന്നതും ഒരു പുതിയ ലോകത്തിൻറെ വിത്താകുന്നുതുമായ ഒരു വിശ്വാസം. മനഃസാക്ഷിയെ മരവിപ്പിൽ നിന്നുഉണർത്തുന്ന, മുറിവുകളിൽ, സമൂഹത്തിൻറെ നിരവധിയായ മുറിവുകളിൽ, വിരൽ തൊടുന്ന ഒരു വിശ്വാസമാണിത്, മനുഷ്യൻറെയും ചരിത്രത്തിൻറെയും ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ഒരു വിശ്വാസം; അതൊരു അസ്വസ്ഥജനകമായ വിശ്വാസമാണ്, നമുക്ക് വിശ്രമരഹിത ജീവിതം നയിക്കേണ്ടതുണ്ട്, ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് നീങ്ങുന്ന ഒരു വിശ്വാസം, സമൂഹത്തിൻറെ പ്രശ്‌നങ്ങൾ പുറത്തു നിന്ന് സ്വീകരിക്കുന്ന ഒരു വിശ്വാസം, നിസ്സംഗതയെയും ഹൃദയത്തിൻറെ അലസതയെയും മറികടക്കാൻ നമ്മെ സഹായിക്കുന്ന വിശ്രമമില്ലാത്ത വിശ്വാസം. പലപ്പോഴും ഉപഭോഗത്താൽ മയക്കത്തിലാഴ്ത്തപ്പെടുകയും സ്തംഭിച്ചുപോകുകയും ചെയ്യുന്ന ഒരു സമൂഹത്തിൻറെ മാംസത്തിൽ മുള്ളായി നിൽക്കുന്ന ഒരു വിശ്വാസം..... ഉപഭോക്തൃത്വം നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിച്ചിട്ടുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഉണ്ടായിരിക്കുന്നതിനെക്കുറിച്ച് വസ്തുക്കൾ കൂടുതൽ ഉണ്ടാകുന്നതിനെക്കുറിച്ച്, പണം പാഴാക്കുന്നതിനെക്കുറിച്ച് ഉള്ള ആ ആകുലത. ഉപഭോക്തൃത്വം ഒരു മഹാമാരിയാണ്, അതൊരു അർബ്ബുദമാണ്: അത് നിങ്ങളുടെ ഹൃദയത്തെ രോഗാതുരമാക്കുന്നു, അത് നിന്നെ സ്വാർത്ഥനാക്കുന്നു, നിൻറെ കാര്യം മാത്രം നോക്കാൻ നിന്നെ പ്രേരിപ്പിക്കുന്നു. സഹോദരീസഹോദരന്മാരേ, സർവ്വോപരി, മനുഷ്യൻറെ സ്വാർത്ഥതയുടെ കണക്കുകൂട്ടലുകളെ മാറ്റിമറിക്കുന്ന, തിന്മയെ അപലപിക്കുന്ന, അനീതികൾക്ക് നേരെ വിരൽ ചൂണ്ടുന്ന, അധികാരത്തിൻറെ തണലിൽ, പാവപ്പെട്ടവരെ ബലിയാടുകളാക്കുന്നവരുടെ കുതന്ത്രങ്ങളെ അലോസരപ്പെടുത്തുന്ന ഒരു വിശ്വാസമാണ് നമുക്ക് വേണ്ടത്. ആളുകളെ ചൂഷണം ചെയ്യാൻ വിശ്വാസം ഉപയോഗിക്കുന്നവർ എത്രയേറെയാണെന്ന് നമുക്കറിയാം. അത് വിശ്വാസമല്ല.

താഴ്മയിൽ ആവിഷ്കൃതനാകുന്ന ദൈവം 

ഈ നഗരത്തിൽ നിന്നുള്ള ഒരു കവി, സായാഹ്നത്തിൽ വീട്ടിലേക്കുള്ള തൻറെ പതിവ് യാത്രയെക്കുറിച്ച് ഒരു കവിതയിൽ വിവരിക്കുന്നുണ്ട്. താൻ  അല്പം ഇരുണ്ട ഒരു വഴി, തുറമുഖത്തെ മനുഷ്യരും ചരക്കുകളും "അവശിഷ്ടങ്ങൾ", ആയ അതായത് നരകുലത്തിൻറെ പാഴ്വസ്തുക്കളായ തകർച്ചയുടെ ഒരു ഇടം മുറിച്ചുകടക്കുകയാണെന്ന് കവി പറയുന്നു. എന്നിട്ടും ഇവിടെ - അദ്ദേഹം എഴുതുന്നു - "താഴ്മയുടെ അനന്തത ഞാൻ വീണ്ടും കണ്ടെത്തുന്നു", കാരണം വേശ്യയും നാവികനും വഴക്കടിക്കുന്ന സ്ത്രീയും സൈനികനും "എല്ലാവരും ജീവിതത്തിൻറെയും വേദനയുടെയും സൃഷ്ടികളാണ്; എന്നിലെന്നപോലെ കർത്താവ് അവരിലും ചലിക്കുന്നു" (U. SABA, «Città vecchia», in Il canzoniere (1900-1954) Edizione definitiva, Torino, Einaudi, 1961) നാം ഇത് മറക്കരുത്: ജീവിതത്തിൻറെയും നമ്മുടെ നഗരത്തിൻറെയും ഇരുണ്ട കോണുകളിൽ ദൈവം മറഞ്ഞിരിക്കുന്നു, നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കഷ്ടപ്പാടുകളാൽ മുദ്രിതമായ മുഖങ്ങളിലും അധഃപതനം വിജയക്കൊടി നാട്ടുന്നു എന്ന പ്രതീതിയുളവാക്കുന്നിടത്തും കർത്താവിൻറെ സാന്നിധ്യം വെളിപ്പെടുന്നു. ദൈവത്തിൻറെ അനന്തത മാനവദുരിതങ്ങളിൽ മറഞ്ഞിരിക്കുന്നു, ഏറ്റവും എളിയവരും വിസ്മൃതരും പരിത്യക്തരുമായവരുടെ മുറിവേറ്റ ഗാത്രത്തിൽ ദൈവം ചലിക്കുകയും, സന്നഹിതനായിരിക്കുകയും തന്നെത്തന്നെ സൗഹൃദ സാന്നിദ്ധ്യമാക്കുകയും ചെയ്യുന്നു. കർത്താവ് അവിടെ സ്വയം പ്രത്യക്ഷപ്പെടുന്നു. ചില ചെറിയ കാര്യങ്ങളിൽ അനാവശ്യമായി നമുക്ക് ഇടർച്ചയുണ്ടാകുന്നു. എന്നാൽ നമ്മൾ, സ്വയം ചോദിക്കുന്നത് നന്നായിരിക്കും: വ്യാപകമാകുന്ന തിന്മ, അപമാനിക്കപ്പെടുന്ന ജീവിതം, തൊഴിൽ പ്രശ്നങ്ങൾ, കുടിയേറ്റക്കാരുടെ കഷ്ടപ്പാടുകൾ എന്നിവയ്ക്കു മുന്നിൽ നമുക്ക് ഇടർച്ചയുണ്ടാകാറുണ്ടോ?  എന്തുകൊണ്ടാണ് നാം ലോകത്തിൻറെ അനീതികൾക്കുമുന്നിൽ നിസ്സംഗതയും നിഷ്ക്രിയത്വവും തുടരുന്നത്? എന്തുകൊണ്ട് നമ്മൾ കാരാഗൃഹവാസികളുടെ അവസ്ഥകൾ നമ്മുടെ ഹൃദയത്തിൽ പേറുന്നില്ല? ഈ ത്രിയേസ്തെ നഗരത്തിൽ നിന്നും അവരുടെ രോദനം ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് നഗരത്തിലെ നിരവധി ആളുകളുടെ ദുരിതങ്ങൾ, വേദന, വലിച്ചെറിയപ്പെടൽ എന്നിവയെക്കുറിച്ച് നാം ചിന്തിക്കാത്തത്? നമുക്ക് പേടിയുണ്ട്, അവിടെ ക്രിസ്തുവിനെ കണ്ടുമുട്ടുമെന്ന് നമ്മൾ ഭയപ്പെടുന്നു.

ദൈനംദിന ജീവിത വേദിയിൽ പ്രവാചകരാകുക

പ്രിയപ്പെട്ടവരേ, യേശു തൻറെ ജഡത്തിൽ ദൈനംദിന ജീവിതത്തിൻറെ പ്രവചനം ജീവിച്ചു, ജനങ്ങളുടെ ദൈനംദിന ജീവിതത്തിലേക്കും കഥകളിലേക്കും കടന്നു, ആ സംഭവങ്ങൾക്കുള്ളിൽ അവിടന്ന് അനുകമ്പയുള്ളവനായി സ്വയം ആവിഷ്ക്കരിച്ചു, അവൻ കരുണയുള്ള ദൈവമാണെന്ന് വെളിപ്പെടുത്തി. ഇക്കാരണത്താലാണ്, അവൻ ആർക്കൊക്കെയൊ ഇടർച്ചയായത്, ഒരു തടസ്സമായിത്തീർന്നത്, വിചാരണ ചെയ്യപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുംവരെ അവൻ തിരസ്കൃതനായി; എന്നിട്ടും, അവൻ തൻറെ ദൗത്യത്തിൽ വിശ്വസ്തനായി തുടർന്നു, അവ്യക്തതയ്ക്ക് പിന്നിൽ മറഞ്ഞില്ല, രാഷ്ട്രീയവും മതപരവുമായ ശക്തിയുടെ യുക്തിയുമായി സന്ധിചെയ്തില്ല. തൻറെ ജീവിതം അവൻ പിതാവിന് സ്‌നേഹത്തിൻറെ യാഗമാക്കി. അതുപോലെതന്നയാണ് ക്രിസ്ത്യാനികളായ നാമും: നാം ജീവിക്കുന്ന എല്ലാ സ്ഥലങ്ങളിലും നാം അനുഭവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ദൈവരാജ്യത്തിൻറെ പ്രവാചകന്മാരും സാക്ഷികളുമാകാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു.

സാഹോദര്യ ജീവിതത്തിൻറെ പാതയിൽ

സഹോദരീസഹോദരന്മാരേ, യൂറോപ്പിന് അഭിമുഖവും ജനതകളുടെയും സംസ്കാരങ്ങളുടെയും കവലയും അതിർത്തിപ്രദേശവും ആയ ഈ ത്രിയേസ്തെ നഗരത്തിൽ നിന്ന്, നാം സമാധാനത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു നവ നാഗരികതയുടെ സ്വപ്നം ഊട്ടിവളർത്തുന്നു; ദയവുചെയ്ത്, യേശുവിനാൽ ഇടർച്ചുള്ളവരാകരുത്, മറിച്ച്, ജീവിതത്തെ ക്രൂരമാക്കുകയും മുറിവേൽപ്പിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന എല്ലാ സാഹചര്യങ്ങൾക്കും നേരെ അമർഷമുള്ളവരാകാം. സുവിശേഷത്തിൻറെ പ്രവചനം നമുക്ക് നമ്മുടെ വാക്കുകൾക്കുമുമ്പ് തിരഞ്ഞെടുപ്പുകളിലൂടെ നമ്മുടെ ജഡത്തിൽ പേറാം. തെരഞ്ഞെടുപ്പുകളും വാക്കുകളും തമ്മിലുള്ള ആ പൊരുത്തം. ത്രിയേസ്തെയിലെ സഭയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു: മുന്നോട്ട്! പ്രത്യാശയുടെ സുവിശേഷം പ്രചരിപ്പിക്കുന്നതിന് മുൻനിരയിൽ നിന്ന്   പ്രവർത്തിക്കുന്നത് തുടരുക, പ്രത്യേകിച്ച് ബാൽക്കൻ രാജ്യങ്ങളിൽ  നിന്ന് വരുന്നവരുടെയും ശരീരത്തിലോ ആത്മാവിലോ പ്രചോദനവും സാന്ത്വനവും ആവശ്യമുള്ള എല്ലാവരുടെയും കാര്യത്തിൽ. നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം: എന്തെന്നാൽ പിതാവിനാൽ സ്നേഹിക്കപ്പെട്ട നമ്മെത്തന്നെ വീണ്ടും കണ്ടെത്തുന്നതിലൂടെ നമുക്കെല്ലാവർക്കും സഹോദരങ്ങളായി ജീവിക്കാൻ കഴിയും. നന്ദി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2024, 12:00