തിരയുക

പാപ്പായുടെ ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ പാപുവ ന്യൂ ഗിനി സന്ദർശനം, 2-13 സെപ്റ്റംബർ പാപ്പായുടെ ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ പാപുവ ന്യൂ ഗിനി സന്ദർശനം, 2-13 സെപ്റ്റംബർ 

ഏഷ്യ-ഓഷ്യാന നാടുകളിൽ പാപ്പായുടെ ഇടയ സന്ദർശന പരിപാടികൾ!

ഫ്രാൻസീസ് പാപ്പാ സെപ്റ്റംബർ 2-13 വരെ നടത്താൻ പോകുന്ന നാല്പത്തിനാലാം വിദേശ അപ്പൊസ്തോലിക പര്യടനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇന്തൊനേഷ്യ, പാപുവ ന്യൂ ഗിനി, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ നാടുകളാണ്. വെള്ളിയാഴ്ചയാണ് പാപ്പായുടെ ഇടയസന്ദർശന പരിപാടികളുടെ വിശദാംശങ്ങൾ പരിശുദ്ധസിംഹാസനം പുറത്തുവിട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ ഏഷ്യൻ നാടുകളിലും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയിലും നടത്താൻ പോകുന്ന അജപാലന സന്ദർശനത്തിൻറെ ഔദ്യോഗിക കാര്യപരിപാടികളുടെ പട്ടിക പരിശുദ്ധസിംഹസാനം പരസ്യപ്പെടുത്തി. ഇക്കൊല്ലം സെപ്റ്റംബർ 2-13 വരെയാണ് പാപ്പായുടെ സുദീർഘമായ ഈ ഇടയസന്ദർശനം.

സെപറ്റംബർ 3-6 വരെ പാപ്പാ മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരിക്കും. രണ്ടാം തീയതി (02/09/24) തിങ്കളാഴ്ച വൈകുന്നേരം വത്തിക്കാനിൽ നിന്ന്, റോമിനു പുറത്ത്, ഫ്യുമിച്ചിനൊയിൽ സ്ഥിതി ചെയ്യുന്ന ലെയൊണാർദൊ ദ വിഞ്ചി വിമാനത്താവളത്തിലെത്തുന്ന പാപ്പാ, റോമിലെ സമയം 5.15-ന്, ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കു വ്യോമ മാർഗ്ഗം യാത്ര തുടങ്ങും. മൂന്നാം തീയതി ചൊവ്വാഴ്ച അവിടെ എത്തുന്ന പാപ്പായ്ക്ക് വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങ് ഒഴികെ മറ്റു പരിപാടികളൊന്നുമില്ല.

നാലാം തീയതി ബുധനാഴ്ചത്തെ പാപ്പായുടെ പരിപാടികൾ രാഷ്ട്രപതി ഭവനത്തിനു പുറത്തുവച്ച് സ്വാഗതസ്വീകരണ ചടങ്ങുകൾ, തുടർന്ന്, രാഷ്ട്രപതിമന്ദിരത്തിൽ വച്ച് പ്രസിഡൻറുമായുള്ള സൗഹൃദകൂടിക്കാഴ്ച, ഭരണാധികാരികളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായുള്ള നേർക്കാഴ്ച, ഇന്തൊനേഷ്യയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥാനപതികാര്യാലയമായ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ വച്ച് ഇശോസഭാംഗങ്ങളുമായുള്ള സ്വകാര്യകൂടിക്കാഴ്ച, സ്വർഗ്ഗാരോപിതനാഥയുടെ കത്തീദ്രലിൽ വച്ച് മെത്രാന്മാരും വൈദികരും ശെമ്മാശ്ശന്മാരും സമർപ്പിതരും സമർപ്പിതകളും വൈദികാർത്ഥികളും മതബോധകരുമൊത്തുള്ള കൂടിക്കാഴ്ച, ഗ്രാ പെമുദാ യുവജന കേന്ദ്രത്തിയ വച്ച് സ്കോളാസ് ഒക്കുറേന്തെസിലെ യുവജനപ്രതിനിധികളുമായുള്ള     കൂടിക്കാഴ്ച എന്നിവയാണ്.

അഞ്ചാം തീയതി വ്യാഴാഴ്ച പാപ്പായുടെ പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മതാന്തരകൂടിക്കാഴ്ചയും ജീവകാരുണ്യസഹായം ലഭിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയും ജെലോറ ബുംഗ് കാർനൊ സ്റ്റേഡിയത്തിൽ ദിവ്യബലിയുമാണ്.

ആറാം തീയതി വെള്ളിയാഴ്ച ഇന്തൊനേഷ്യയോട് വിടപറയുന്ന പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകും. അന്നുതന്നെ അന്നാടിൻറെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിലെത്തുന്ന പാപ്പാ സ്വാഗതസ്വീകരണ ചടങ്ങിനു ശേഷം രാത്രി വിശ്രമിക്കും. ഏഴാം തീയതി രാവിലെ പാപ്പായുടെ ആദ്യ പരിപാടി ഗവർണ്ണർ ജനറലുമായുള്ള കൂടിക്കാഴ്ചയാണ്. തദ്ദനന്തരം പാപ്പാ ഭരണാധികാരികളും പൗരാധികാരികളും നയന്ത്രപ്രതികളും അടങ്ങുന്ന സംഘത്തെ സംബോധന ചെയ്യും. തുടർന്ന് കാരിത്താസ് സാങ്കേതിക വിദ്യാലയത്തിൽ വച്ച് കുട്ടികളുമായി കൂടിക്കാഴ്ച നടത്തും. മെത്രാന്മാരും വൈദികരും ശെമ്മാശ്ശന്മാരും സമർപ്പിതരും സമർപ്പിതകളും വൈദികാർത്ഥികളും മതബോധകരുമൊത്തുള്ള കൂടിക്കാഴ്ചയാണ് പാപ്പായുടെ അന്നത്തെ അജണ്ടയിൽ അവസാനത്തേത്.

എട്ടാം തീയിതി രാവിലെ പാപ്പാ പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സർ ജോൺ ഗ്വിസ് സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിക്കുകയും ചെയ്യും. തദ്ദനന്തരം പാപ്പാ വാനിമൊ രൂപതയിലേക്കു പോകുകയും പ്രസ്തുത രൂപതയിലെ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഒരു സംഘം പ്രേഷിതരുമൊത്തുള്ള കൂടിക്കാഴ്ചയും പാപ്പായുടെ അവിടത്തെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാം തിയതി തിങ്കളാഴ്ച പാപ്പാ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചാനന്തരം പാപുവ ന്യൂ ഗിനിയോട് വിടപറയുകയും തെക്കുകിഴക്കെ ഏഷ്യൻ നാടായ കിഴക്കെ തിമോറിൻറെ തലസ്ഥാനമായ ദിലിയിൽ എത്തുകയും ചെയ്യും. വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം, രാഷ്ട്രപതിമന്ദിരാങ്കണത്തിൽ സ്വാഗതസ്വീകരണച്ചടങ്ങ്, പ്രസിഡൻറുമായുള്ള സൗഹൃദ കൂടിക്കാഴ്ച, ഭരണാധികാരികളും പൗരാധികാരികളും നയന്ത്രപ്രതികളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് പാപ്പായുടെ അന്നത്തെ പരിപാടികൾ ദിലിയിൽ.

പത്താം തീയതി ചൊവ്വാഴ്ച പാപ്പാ ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദർശിക്കുകയും മെത്രാന്മാരും വൈദികരും ശെമ്മാശ്ശന്മാരും സമർപ്പിതരും സമർപ്പിതകളും വൈദികാർത്ഥികളും മതബോധകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അന്നു തന്നെ പാപ്പാ പൂർവ്വതിമോറിലെ ഈശോസഭാംഗങ്ങളുമായി സ്വകാര്യസംഭാഷണത്തിലേർപ്പെടും. താച്ചി തൊളു മൈതാനിയിൽ ദിവ്യപൂജർപ്പണമാണ് പാപ്പായുടെ അന്നത്തെ പരിപാടിൽ അവസാനത്തേത്.

പതിനൊന്നാം തീയതി ബുധനാഴ്ച പാപ്പാ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചാന്തരം സിംഗപ്പൂരിലേക്കു പുറപ്പെടും. അന്നുച്ചകഴിഞ്ഞ് അവിടെയെത്തുന്ന പാപ്പാ വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിലുള്ള ധ്യാനകേന്ദ്രത്തിൽ വച്ച് ഈശോസഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. പന്ത്രണ്ടാം തീയതി പാപ്പാ പാർലിമെൻറെ മന്ദിരത്തിലെത്തുകയും ഔദ്യോഗിക സ്വാഗതസ്വീകരണ ചടങ്ങിൽ സംബന്ധിക്കുകയും ചെയ്യും. പ്രസിഡൻറുമായുള്ള സൗഹൃദകൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള നേടക്കാഴ്ച, ഭരണാധികാരികളും പൗരാധികാരികളും നയന്ത്രപ്രതികളുമായുള്ള കൂടിക്കാഴ്ച ദേശീയ സ്റ്റേഡിയത്തിൽ ദിവ്യബലി എന്നിവയാണ് പാപ്പായുടെ ഇതര പരിപാടികൾ അന്ന്.

പാപ്പായുടെ നാല്പത്തിനാലാമത്തേതായ ഈ വിദേശ അപ്പൊസ്തോലികപര്യടനത്തിൻറെ സമാപനദിനമായ സെപ്റ്റംബർ 13-ന് വെള്ളിയാഴ്ച പാപ്പായുടെ പരിപാടികൾ വൃദ്ധജനങ്ങളും രോഗികളുമായുള്ള കൂടിക്കാഴ്ച, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ്. അന്ന് ഉച്ചയോടെ പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2024, 17:59