രാഷ്ട്രീയക്കാർ ജനസേവകരും സമഗ്രമാനവ വികസന പ്രവർത്തകരും ആകുന്നതിനായി പ്രാർത്ഥിക്കുക!

ഫ്രാൻസീസ് പാപ്പായുടെ 2024 ആഗസ്റ്റ് മാസത്തെ പ്രാർത്ഥനാ നിയോഗം: രാഷ്ട്രീയ നേതാക്കൾക്കായുള്ള പ്രാർത്ഥന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്ന് രാഷ്ട്രീയത്തിന് നല്ല പേരില്ലെന്നും അത് അഴിമതി, ഉതപ്പുകൾ എന്നിവയാൽ സാന്ദ്രവും ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുന്നതുമാണെന്നും മാർപ്പാപ്പാ.

ജൂലൈ 30-ന് പരസ്യപ്പെടുത്തിയ ആഗസ്റ്റുമാസത്തെ വീഡിയോ പ്രാർത്ഥനാനിയോഗത്തിലാണ് പാപ്പാ രാഷ്ട്രീയക്കാർക്കായി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിച്ചുകൊണ്ട് ഈ വസ്തുത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

നല്ലൊരു രാഷ്ട്രീയമില്ലാതെ നമുക്ക് സാർവ്വത്രിക സാഹോദര്യത്തിൽ മുന്നേറാൻ  കഴിയുമോ എന്ന ചോദ്യം ഉന്നയിക്കുകയും അതിന് ഇല്ല എന്ന ഉത്തരം നല്കുകയും ചെയ്യുന്ന പാപ്പാ, രാഷ്ട്രീയം, പൊതുനന്മ തേടുന്നതിനാൽ അത് ഉപവിയുടെ പരമോന്നത രൂപങ്ങളിൽ ഒന്നാണെന്ന പോൾ ആറാമൻ പാപ്പായുടെ  വാക്കുകൾ അനുസ്മരിക്കുന്നു.

താൻ സംസാരിക്കുന്നത് സത്താപരമായ രാഷ്ട്രീയത്തെക്കുറിച്ചാണെന്നും, രാഷ്ട്രീയക്കാരുടെ കാര്യമല്ലെന്നും യാഥാർത്ഥ്യത്തെ ശ്രവിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചാണ് താൻ പരാമർശിക്കുന്നതെന്നും, അത് ദരിദ്രരരെ സേവിക്കാലാണെന്നും, അല്ലാതെ, നീണ്ട ഇടനാഴികളുള്ള വലിയ സൗധങ്ങളിൽ അടച്ചു പൂട്ടിയിടുന്നതല്ലെന്നും പാപ്പാ വ്യക്തമാക്കുന്നു.

തൊഴിൽരഹിതരുടെ കാര്യത്തിൽ കരുതലുള്ള ഒരു രാഷ്ട്രിയത്തെപ്പറ്റിയാണ്, തിങ്കളാഴ്ച ജോലിക്കുപോകാനാകാത്ത മറ്റൊരു ദിനമാണെന്ന ബോധ്യത്തിൽ ഞായറാഴ്ച കഴിയേണ്ടിവരുന്നത് എത്രമാത്രം സങ്കടകരമായിരിക്കുമെന്ന്  നല്ലവണ്ണം അറിയാവുന്ന  ഒരു രാഷ്ട്രീയത്തെക്കുറിച്ചാണ് താൻ പറയുന്നതെന്ന് പാപ്പാ പ്രാർത്ഥനാനിയോഗത്തിൽ വിശദമാക്കുന്നു. നമ്മൾ ഈ രീതിയിൽ കാണുകയാണെങ്കിൽ, രാഷ്ട്രീയം പ്രത്യക്ഷത്തിൽ കാണപ്പെടുന്നതിനെക്കാൾ വളരെ ഉദാത്തമാണെന്നും പാപ്പാ പറയുന്നു.

അധികാരത്താലല്ല, പ്രത്യുത, സേവനാരൂപിയാൽ തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റുകയും പൊതുനന്മായ്ക്കായി സർവ്വാത്മനാ പരിശ്രമിക്കുകയും ചെയ്യുന്ന നിരവധിയായ രാഷ്ട്രീയക്കാർക്ക് നന്ദിയർപ്പിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

സമഗ്രമാനവപുരോഗതിക്കായി പ്രവർത്തിക്കുകയും പൊതുനന്മയ്ക്കായി യത്നിക്കുകയും തൊഴിൽരഹിതരുടെ കാര്യത്തിൽ ശ്രദ്ധിക്കുകയും ദരിദ്രർക്കു മുൻഗണന നല്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയ നേതാക്കൾ സ്വന്തം ജനത്തിൻറെ സേവകരായിരിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ സഭാതനയരെ ആഹ്വാനം ചെയ്യുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2024, 18:17