രോഗീലേപനം സൗഖ്യദായക കൂദാശകളിൽ ഒന്ന്, അത് ആത്മാവിനെ സുഖമാക്കുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വൈദികൻ രോഗീലേപനം നല്കുന്നതിന് എത്തുന്നത് ജീവിതത്തോട് വിടപറയാൻ സഹായിക്കുന്നു എന്ന് ചിന്തിച്ചാൽ അതിനർത്ഥം പ്രത്യാശ കൈവെടിയുക എന്നാണെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്ച (02/07/24) സ്പാനിഷ് ഭാഷയിൽ പുറത്തിറക്കിയ ജൂലൈ മാസത്തെ തൻറെ പ്രാർത്ഥനാനിയോഗ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ രോഗികൾക്കേകേണ്ടുന്ന അജപാലനശുശ്രൂഷയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ല എന്ന് വ്യക്തമാക്കപ്പെടേണ്ടത് സുപ്രധാനമാണെന്ന് പാപ്പാ പറയുന്നു.
രോഗീലേപനകൂദാശാ പരികർമ്മത്തിനായി പുരോഹിതൻ ഒരു വ്യക്തിയെ സമീപിക്കുന്നത്, ആ വ്യക്തിയെ ജീവിതത്തോട് വിട പറയാൻ സഹായിക്കനാണെന്നു ചിന്തിച്ചാൽ അതിനർത്ഥം എല്ലാ പ്രതീക്ഷകളും വെടിയുക എന്നാണെന്നും വൈദികനു പിന്നാലെ അന്ത്യകർമ്മനിർവ്വഹാകനെത്തുമെന്ന ചിന്തയാണെന്നും പാപ്പാ വ്യക്തമാക്കുന്നു.
രോഗീലേപനം സൗഖ്യദായക കൂദാശകളിൽ ഒന്നാണെന്നും അത് ആത്മാവിനെ സുഖപ്പെടുത്തുന്നുവെന്നും നാം ഓർത്തിരിക്കണമെന്ന് പാപ്പാ പറയുന്നു.
ഒരാൾ രോഗിയാണെങ്കിൽ അയാൾക്ക് രോഗീലേപനം നൽകുന്നതും പ്രായാധിക്യത്തിലെത്തിയ വ്യക്തി ഈ കൂദാശ സ്വീകരിക്കുന്നതും ഉചിതമാണെന്ന് വ്യക്തമാക്കുന്ന പാപ്പാ അത് സ്വീകരിക്കുന്നവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും കർത്താവിൻറെ ശക്തി ലഭിക്കാനും കാരുണ്യത്തിൻറെയും പ്രത്യാശയുടെയും ദൃശ്യഅടയാളമായി അതു മാറാനും വേണ്ടി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: