പാപ്പായുടെ ഇന്തോനേഷ്യാ സന്ദർശനത്തിന് സ്വാഗതമോതി പ്രാദേശിക ഇസ്ലാം സംഘടനകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ ആസന്നമായ നാല്പത്തിനാലാം വിദേശ അപ്പൊസ്തോലിക യാത്രയിൽ ഇന്തോനേഷ്യയും ഉൾപ്പെടുത്തിയിരിക്കുന്നതിൽ അന്നാട്ടിലെ പ്രധാനപ്പെട്ട ഇസ്ലാം സംഘടനകൾ സംതൃപ്തി രേഖപ്പെടുത്തുന്നു.
സെപറ്റംബർ 3-6 വരെയായരിക്കും പാപ്പാ മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയിൽ ഇടയസന്ദർശനം നടത്തുക. തലസ്ഥാനമായ ജക്കാർത്ത കേന്ദ്രീകരിച്ചായിരിക്കും പാപ്പായുടെ ഈ സന്ദർശനം.
ജനതകൾക്കിടയിലും മതസമൂഹങ്ങൾക്കിടയിലും സഹിഷ്ണുത, സമാധാനം, സാഹോദര്യം എന്നിവ പരിപോഷിപ്പിക്കുന്നതിൽ ഈ ഇടയസന്ദർശനത്തിനുള്ള പ്രാധാന്യം അന്നാട്ടിലെ നഹ്ദ്ലാത്തുൽ ഉലാമ, മുഹമ്മദീയ എന്നീ പ്രമുഖ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പാപ്പായെ സ്വീകരിക്കുന്നതിൽ ഈ രണ്ടു സംഘടനകളും മുൻ നിരയിൽത്തന്നെയുണ്ടാകുമെന്ന് സംഘടനയായ മുഹമ്മദീയയുടെ അന്താരാഷ്ട്രകാര്യങ്ങൾക്കും മതാന്തരകാര്യങ്ങൾക്കുമായുള്ള വിഭാഗത്തിൻറെ മേധാവി സ്യാഫിക് മുഗ്നി വെളിപ്പെടുത്തി. മാനവസാഹോദര്യം കെട്ടിപ്പടുക്കുന്നതിൻറെ ഒരു പ്രതീകമാകും പാപ്പായുടെ ആഗമനമെന്നും ഈയൊരു ചുറ്റുപാടിൽ പാപ്പായുടെ സന്ദർശനത്തിന് സാർവ്വത്രിക പ്രതീകാത്മകവും സത്താപരവുമായ ഒരു പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാപ്പായുടെ ഈ ഇടയസന്ദർശനം കത്തോലിക്കരെ മാത്രമല്ല ആകമാന ഇന്തോനേഷ്യയെ സംബന്ധിച്ചും ചരിത്രപരമായിരിക്കും എന്ന് അന്നാട് പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി മൈക്കിൾ ത്രിയാസ് കുങ്കാഹ്യോൺ പ്രതികരിച്ചിരുന്നു.
പാപ്പായുടെ നാല്പത്തിനാലാം ഇടയസന്ദർശനം സെപ്റ്റംബർ 2-13 വരെയാണ്. ഈ യാത്രയിൽ പാപ്പാ ഇന്തൊനേഷ്യയ്ക്കു പുറമെ, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ ഏഷ്യൻ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും ഉൾപ്പെടുത്തിയിട്ടുണ്ട്. സെപറ്റംബർ 3-6 വരെ പാപ്പാ മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരിക്കും. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. ഇത് 80 ലക്ഷത്തോളം വരും. ആറാം തീയതി അവിടെ നിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകുന്ന പാപ്പാ അന്നാടിൻറെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയും വാനിമോയും സന്ദർശിക്കും. അന്നാട്ടിൽ കത്തോലിക്കർ ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്, ഏതാണ്ട് 20 ലക്ഷം. ഒമ്പതാം തിയതിവരെയായിരിക്കും പാപ്പാ അന്നാട്ടിൽ ചിലവഴിക്കുക. ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യൻ നാടായ കിഴക്കെ തിമോറിൻറെ തലസ്ഥാനമായ ദിലിയിൽ പാപ്പായെത്തും. അന്നാട്ടിൽ കത്തോലിക്കരുടെ സംഖ്യ 10 ലക്ഷത്തോളം വരും. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പാ അന്ന് സിങ്കപ്പൂറിലേക്കു പോകും. അന്നാട്ടിലെ ജനസംഖ്യയിൽ ഏതാണ്ട് 3 ശതമാനം മാത്രമാണ് കത്തോലിക്കർ, അതായത് 4 ലക്ഷത്തോളം. 13-ന് പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: