ഫ്രാൻസീസ് പാപ്പായുടെ ലക്സംബർഗ്-ബെൽജിയം സന്ദർശന ഔദ്യോഗി ചിഹ്നങ്ങൾ ഫ്രാൻസീസ് പാപ്പായുടെ ലക്സംബർഗ്-ബെൽജിയം സന്ദർശന ഔദ്യോഗി ചിഹ്നങ്ങൾ 

പാപ്പായുടെ ലക്സംബർഗ്, ബൽജിയം സന്ദർശനം, അജണ്ട പരസ്യപ്പെടുത്തി!

പാപ്പാ സെപ്റ്റംബർ 26-ന് ലക്സംബർഗിലും 27-29 വരെ ബയജിയത്തും സന്ദർശനം നടത്തും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ലക്സംബർഗ്, ബൽജിയം എന്നീ നാടുകൾ സന്ദർശിക്കും. സെപ്റ്റംബർ 26-29 വരെയായിരിക്കും പ്രസ്തുത സന്ദർശനം. ഈ ഇടയസന്ദർശനത്തിൻറെ വിശദമായ പരിപാടികൾ പരിശുദ്ധസിംഹാസനം വെള്ളിയാഴ്ച (19/07/24) പരസ്യപ്പെടുത്തി.

സെപ്റ്റംബർ 26-ന് വ്യാഴാഴ്ച രാവിലെ പാപ്പാ വത്തിക്കാനിൽ നിന്ന് റോമിലെ അന്താരാഷ്ട്രവിമാനത്താവളമായ, ഫ്യുമിച്ചീനോയിൽ സ്ഥിതിചെയ്യുന്ന, ലെയണാർദോ ദ വിഞ്ചിയിലേക്കു പോകുകയും അവിടെ നിന്ന് രാവിലെ പ്രാദേശിക സമയം 8.05-ന് ലക്സംബർഗിലേക്ക് വിമാന മാർഗ്ഗം പുറപ്പെടുകയും ചെയ്യും.

പ്രാദേശികസമയം, രാവിലം 10 മണിക്ക് വിമാനത്താവളത്തിൽ എത്തുന്ന പാപ്പാ അവിടെ നടക്കുന്ന സ്വീകരണച്ചടങ്ങിനു ശഷം ലക്സംബർഗിൻറെ ഗ്രാൻറ് ഡ്യുക്ക് ഹെൻട്രിയുമായി പ്രഭുകൊട്ടാരത്തിൽ വച്ച് സൗഹൃദ കൂടിക്കാഴ്ച നടത്തും. തദ്ദനന്തരം പാപ്പാ അന്നാടിൻറെ പ്രധാനമന്ത്രി ലൂക് ഫ്രീഡനുമായി സംഭാഷണത്തിലേർപ്പെടും. തുടർന്ന് പാപ്പാ ഭരണാധികാരികളെയും പൗരാധികാരികളെയും നയതന്ത്രപ്രതിനിധികളെയും ഒരുമിച്ച് സംബോധന ചെയ്യും. അന്നു വൈകുന്നേരം പ്രാദേശിക സമയം 4.30-ന് പാപ്പാ നോതൃ ദാം കത്തീദ്രലിൽ വച്ച് അന്നാട്ടിലെ കത്തോലക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ പാപ്പായുടെ ലക്സംബർഗ് സന്ദർശനത്തിന് തിരശ്ശീല വീഴും. തുടർന്ന് പാപ്പാ, 6.15-ന് തൻറെ ഈ അപ്പൊസ്തോലിക യാത്രയുടെ രണ്ടാം ഘട്ടമായ ബൽജിയത്തിലേക്ക് യാത്രാകും.

ബജിയത്തിൽ പാപ്പായുടെ പരിപാടികളുടെ വേദികൾ തലസ്ഥാന നഗരമായ ബ്രസ്സൽസും, ബ്രസൽസ്സിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴിക്കു മാറി സ്ഥിതിചെയ്യുന്ന ലുവാൻ ല ന്വേവും ആയിരിക്കും. സെപ്റ്റംബർ 26-ന് വ്യാഴാഴ്‌ച ബ്രസ്സൽസ്സിൽ എത്തുന്ന പാപ്പായ്ക്ക് വിമാനത്താവളത്തിലെ സ്വീകരണമൊഴികെ അന്നവിടെ മറ്റു പരിപാടികളൊന്നുമില്ല.

ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച പാപ്പാ ലെയ്ക്കെൻ കൊട്ടാരത്തിൽ വച്ച് ബെൽജിയത്തിൻറെ രാജാവ് ഫിലിപ്പുമായി സൗഹൃദ കൂടിക്കാഴ്ച നടത്തും. തുടർന്ന് അന്നാടിൻറെ പ്രധാനന്ത്രി അലസ്കാണ്ഡർ ദെ ക്രൂവുമായി സംഭാഷണത്തിലേർപ്പെടും. തുടർന്ന് പാപ്പാ ഭരണാധികാരികളെയും പൗരാധികാരികളെയും ഒരുമിച്ച് സംബോധന ചെയ്യും. സർവ്വകലാശാലാദ്ധ്യാപകരുമായുള്ള കൂടിക്കാഴ്ചയും സന്ദർശന അജണ്ടയിലുണ്ട്.

ശനിയാഴ്ച, ഇരുപത്തിയെട്ടാം തീയതി പാപ്പായുടെ പരിപാടികൾ മെത്രാന്മാർ, വൈദികർ, ശെമ്മാശ്ശന്മാർ, സമർപ്പിതർ, സമർപ്പിതകൾ, വൈദികാർത്ഥികൾ, അജപാലനപ്രവർത്തകർ എന്നിവരുമായി കൂക്ക്ൾബർഗിലെ തിരുഹൃദയ ബസിലിക്കയിൽ വച്ചുള്ള കൂടിക്കാഴ്ച, ലുവാനിലെ കത്തോലിക്ക സർവ്വകലാശാലയിൽ വച്ച് കലാലയവിദ്യാർത്ഥികളുമായുള്ള നേർക്കാഴ്ച, ഇശോസഭാംഗങ്ങളുമൊത്തുള്ള സ്വകാര്യകൂടിക്കാഴ്ച എന്നിവയാണ്.

ബെൽജിയം സന്ദർശനത്തിൻറെ സമാപന ദിനമായ സെപ്റ്റംബർ ഇരുപത്തിയൊമ്പതാം തീയതി പാപ്പായുടെ ഏക പരിപാടി ബ്രസ്സൽസിലെ “റെ ബോദുവാൻ” സ്റ്റേഡിയത്തിൽ ദിവ്യപൂജാർപ്പണമാണ്. അന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ പാപ്പാ ചതുർദിന ഇടയസന്ദർശനം കഴിഞ്ഞ് റോമിൽ തിരിച്ചെത്തും.

ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയാറാം വിദേശ അപ്പൊസ്തോലിക പര്യടനം ആയിരിക്കും ഇത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2024, 12:35