അൾത്താര ശുശ്രൂഷകരുടെ സംഗമം പര്യവസാനത്തിലേക്ക്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യൂറോപ്പിലെ ഇരുപത് രാജ്യങ്ങളിൽനിന്നുള്ള എഴുപതിനായിരത്തോളം കുട്ടികളെ ഉൾപ്പെടുത്തി വത്തിക്കാനിലും, റോമിലെ വിവിധ ഇടങ്ങളിലുമായി നടന്ന "അൾത്താരശുശ്രൂഷികളുടെ പതിമൂന്നാമത് ആഗോള തീർത്ഥാടനം " പര്യവസാനിച്ചു. കഴിഞ്ഞ ജൂലൈ മുപ്പതാം തീയതി ഇറ്റാലിയൻ സമയം വൈകുന്നേരം ആറു മണിക്ക് ഫ്രാൻസിസ് പാപ്പായുമായി വത്തിക്കാൻ ചത്വരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് കടന്നു വന്ന പാപ്പായുടെ വാഹനത്തിലും, ഇരു വശങ്ങളിലായി സ്ഥാനം പിടിച്ച കുട്ടികളുടെ ചിത്രം ലോകം മുഴുവൻ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
യൂറോപ്പിലെ വിവിധ ഇടവകകളിൽ നിന്നും ബഹു. വൈദികരുടെയും, സന്യസ്തരുടെയും, അത്മായരുടെയും അകമ്പടിയോടെയാണ് അൾത്താരശുശ്രൂഷികൾ തീർത്ഥാടനത്തിനായി റോമിലേക്ക് എത്തിച്ചേർന്നത്. യേശുവിനു വേണ്ടി ബലിവേദിയിൽ ശുശ്രൂഷ ചെയ്യുന്നതിലും, ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയിലും തങ്ങൾ ഏറെ സന്തോഷവാന്മാരാണെന്നും, ഇനിയും കൂടുതൽ സേവനങ്ങൾ ചെയ്യുവാൻ തങ്ങൾ തത്പരരാണെന്നും കുട്ടികൾ വത്തിക്കാൻ ന്യൂസിനോട് പ്രതികരിച്ചു.
ഫ്രാൻസിസ് പാപ്പായോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മ്യൂണിക്ക്-ഫ്രീസിംഗ് അതിരൂപതയിൽ നിന്നുള്ള ജൂലിയ ഫുർമെറ്റ്സ് എന്ന അൾത്താര ബാലിക ഫ്രാൻസിസ് പാപ്പായുമായുള്ള അനുഭവം പങ്കുവച്ചു. പാപ്പായെ കണ്ടമാത്രയിൽ തനിക്ക് ആദ്യം ഒരു ഞെട്ടലുണ്ടായിരുന്നുവെങ്കിലും, പാപ്പായുടെ പുഞ്ചിരി തന്നെ ശാന്തമാക്കുകയും, തുടർന്ന് ഒരു ടി ഷർട്ട് അദ്ദേഹത്തിന് നൽകുകയും, അദ്ദേഹം തങ്ങൾക്ക് മധുരം നൽകുകയും ചെയ്തുവെന്ന് ഏറെ സന്തോഷത്തോടെ ജൂലിയ പറഞ്ഞു.
അൾത്താരശുശ്രൂഷക എന്ന നിലയിൽ തനിക്കു കിട്ടിയ ഒരു അംഗീകാരം കൂടിയാണിതെന്ന് ജൂലിയ കൂട്ടിച്ചേർത്തു. ഒപ്പം, തങ്ങളുടെ ഇടവക ദേവാലയത്തിലും വൈദികരും, മറ്റുള്ള ഇടവക അംഗങ്ങളും, ഒരു അൾത്താരശുശ്രൂഷക എന്നനിലയിൽ തങ്ങൾക്കു നൽകുന്ന പരിഗണയും സ്നേഹവും ജൂലിയ പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: