തിരയുക

സുവിശേഷവത്ക്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട്, കർദ്ദിനാൾ ലൂയിസ് അന്തോണിയൊ ഗോക്കിം തഗ്ലെ. സുവിശേഷവത്ക്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട്, കർദ്ദിനാൾ ലൂയിസ് അന്തോണിയൊ ഗോക്കിം തഗ്ലെ. 

ചെറു സഭകൾക്ക് നമ്മെ പഠിപ്പിക്കാൻ സാധിക്കും, കർദ്ദിനാൾ തഗ്ലെ!

സെപ്റ്റംബർ 2-13 വരെ ഫ്രാൻസീസ് പാപ്പാ ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ ഏഷ്യൻ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയിവും നടത്തുന്നന ഇടയസന്ദർശനത്തെക്കുറിച്ച് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൻറെ മെത്രാൻറെ ഇടയസന്ദർശനം കർത്താവിൻറെ വിളിക്കു മുന്നിലുള്ള താഴ്മയുടെയും ദൗത്യത്തോടുള്ള വിധേയത്വത്തിൻറെയും പ്രവർത്തിയാണെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആയ കർദ്ദിനാൾ ലൂയിസ് അന്തോണിയൊ ഗോക്കിം തഗ്ലെ.

സെപ്റ്റംബർ 2-13 വരെ ഫ്രാൻസീസ് പാപ്പാ ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ ഏഷ്യൻ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും സന്ദർശിക്കുന്നതിനെക്കുറിച്ച് പ്രേഷിതവാർത്താ ഏജൻസിയായ ഫീദെസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ചെറു അജഗണങ്ങളുടെ പക്കലേക്ക് പാപ്പാ നടത്തുന്ന യാത്രകൾ സാർവ്വത്രികസഭയ്ക്കു മൊത്തത്തിൽ സുപ്രധാനമാണെന്നും ലോകത്തിൽ സമാധാനം കാക്ഷിക്കുന്നവർക്കെല്ലാം പ്രിയങ്കരമായിരിക്കുമെന്നും പറഞ്ഞ കർദ്ദിനാൾ തഗ്ലെ ആയാസകരമായ  ഈ ദീർഘ യാത്രകളെ പാപ്പാ ആശ്ലേഷിക്കുന്നത് വിനയത്തിൻറെ ഒരു പ്രവൃത്തിയായിട്ടാണെന്ന് വിശദീകരിച്ചു.

ഈ വർഷം ഡിസംബറിൽ 88 വയസ്സ് തികയുന്ന ഫ്രാൻസിസ് മാർപാപ്പ, ഈ പ്രായത്തിലും ആയാസകരമായ അപ്പസ്തോലിക യാത്രകൾ തുടരുന്നുവെന്നത് എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളുമായുള്ള അദ്ദേഹത്തിൻറെ പിതൃസന്നിഭ സാമീപ്യത്തിന് തെളിവാണെന്ന് കർദ്ദിനാൾ താഗ്ലെ പറഞ്ഞു.

ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ, പാപുവ ന്യൂ ഗിനി എന്നീ നാടുകളിലേക്കുള്ള പാപ്പായുടെ ഈ യാത്രയിൽ അന്നാടുകളിലെ ദൈവജനത്തിൻറെ മാത്രമല്ല രാഷ്ട്രാധികാരികളുടെയും താല്പര്യം സുവ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം ഈ നാടുകളുടെ അധികാരികൾ പാപ്പായിൽ ദർശിക്കുന്നത് സാഹോദര്യാരൂപിയിലുള്ള മാനവ സഹജീവനത്തിൻറെയും സൃഷ്ടിയുടെ പരിപാലനത്തിൻറെയും ശക്തമായ പ്രതീകമാണെന്ന് പ്രസ്താവിച്ചു. പാപ്പായുടെ സന്ദർശനം ഭിന്നമതവിശ്വാസികൾ തമ്മിലുള്ള സാഹോദര്യത്തിന് പുത്തനുണർവേകുമെന്ന പ്രത്യാശ കർദ്ദിനാൾ തഗ്ലെ പ്രകടപ്പിക്കുകയും ചെയ്തു.

സെപ്റ്റംബർ 2-ന് ആരംഭിക്കുന്നത് പാപ്പായുടെ നാല്പത്തിയഞ്ചാത്തെ വിദേശ അപ്പൊസ്തോലികപര്യടനമാണ് .സെപറ്റംബർ 3-6 വരെ പാപ്പാ മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരിക്കും. അന്നാട്ടിൽ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. ഇത് 80 ലക്ഷത്തോളം വരും. ആറാം തീയതി ഇന്തൊനേഷ്യയിൽ നിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകുന്ന പാപ്പാ അന്നാടിൻറെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയും വാനിമോയും സന്ദർശിക്കും. അന്നാട്ടിൽ കത്തോലിക്കർ ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്, ഏതാണ്ട് 20 ലക്ഷം. ഒമ്പതാം തിയതിവരെയായിരിക്കും പാപ്പാ അന്നാട്ടിൽ ചിലവഴിക്കുക. ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യൻ നാടായ കിഴക്കെ തിമോറിൻറെ തലസ്ഥാനമായ ദിലിയിൽ പാപ്പായെത്തും. അന്നാട്ടിൽ കത്തോലിക്കരുടെ സംഖ്യ 10 ലക്ഷത്തോളം വരും. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പാ അന്ന് സിങ്കപ്പൂറിലേക്കു പോകും. അന്നാട്ടിലെ ജനസംഖ്യയിൽ ഏതാണ്ട് 3 ശതമാനം മാത്രമാണ് കത്തോലിക്കർ, അതായത് 4 ലക്ഷത്തോളം. 13-ന് പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 August 2024, 12:12