തിരയുക

ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയിൽ ചാപ്റ്റർ അംഗങ്ങൾ ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയിൽ ചാപ്റ്റർ അംഗങ്ങൾ   (VATICAN MEDIA Divisione Foto)

സന്യാസജീവിതത്തിൽ സാഹോദര്യം ഊട്ടിയുറപ്പിക്കണം: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ പൊതു ചാപ്റ്ററിൽ സംബന്ധിക്കുന്ന അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്‌ച അനുവദിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

 

ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി, ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ എൺപത്തിയാറാമത് പൊതു ചാപ്റ്ററിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേർന്ന സഭയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. സഭയുടെ അധ്യക്ഷപദവിയിൽ ഇപ്പോൾ ആയിരിക്കുന്ന റോബെർത്തോ ജെനുയിന്റെ നേതൃത്വത്തിലാണ് ചാപ്റ്റർ അംഗങ്ങൾ എത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള  സഭയിലെ അംഗങ്ങളെ ഒരുമിച്ചുകൂട്ടുന്ന ധന്യമുഹൂർത്തമാണിതെന്നും, ഇത്, ആത്മാവിന്റെ ഏക ഭാഷയിൽ പരസ്പരം ശ്രവിക്കുന്നതിനു സഹായകരമാകുന്നുവെന്നും ആമുഖമായി പാപ്പാ പറഞ്ഞു.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ക്രിസ്തു സാക്ഷ്യം ഇന്നും ലോകത്തിൽ ദരിദ്രരുടെ ഇടയിൽ നൽകുവാൻ വിളിക്കപ്പെട്ടിരിക്കുന്ന അംഗങ്ങൾ, കർത്താവ് ആവശ്യപ്പെടുന്ന കാര്യങ്ങൾ  എന്താണെന്നു  വിവേചിച്ചറിയുവാൻ ഈ ചർച്ചകൾ പ്രയോജനപ്പെടട്ടെയെന്ന് പാപ്പാ ആശംസിച്ചു. തുടർന്ന് ഫ്രാൻസിസ്കൻ ആത്മീയതയുടെ മൂന്ന് തലങ്ങളെ പറ്റിയും പാപ്പാ സംസാരിച്ചു.

'സാഹോദര്യം' എന്നതായിരുന്നു പ്രഥമ ആശയം. പൊതുചാപ്റ്ററിന്റെ ആപ്തവാക്യവും പാപ്പാ അടിവരയിട്ടു. സാഹോദര്യത്തിൽ നിന്നും ആരംഭിച്ച് സാഹോദര്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാനുള്ള ഫ്രാൻസിസ് അസീസിയുടെ ആഹ്വാനം ഇന്നും അർത്ഥവത്താണെന്നു പാപ്പാ പറഞ്ഞു. ആരെയും തുരുത്തുകളായി മാറ്റിനിർത്താതെ, സഹകരണത്തിലൂടെ എല്ലാവരെയും ചേർത്തുനിർത്തുവാൻ, സ്നേഹത്തിന്റെ ബന്ധം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ മാനവവിഭവ ശേഷിയോ, സാമ്പത്തികഭദ്രതയോ അല്ല ചർച്ചകളുടെ കേന്ദ്രമാകേണ്ടത്, മറിച്ച് സാഹോദര്യത്തിന്റെ സുവിശേഷമായിരിക്കണമെന്നും പാപ്പാ പ്രത്യേകം ഓർമ്മിപ്പിച്ചു.

രണ്ടാമത്തെ ആശയമായ ലഭ്യതയെ പറ്റിയും  പാപ്പാ പ്രത്യേകം അടിവരയിട്ടു പറഞ്ഞു. മറ്റാരും പോകാൻ ആഗ്രഹിക്കാത്തിടത്തേക്ക് പോകുവാനുള്ള സന്മനസ് നല്ല മിഷനറിയുടെ സ്വഭാവമാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. നിസ്സംഗതയും,  സ്വാർത്ഥതയും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, തയ്യാറായ മനസോടെ, ഏശയ്യായെ പോലെ "ഇതാ ഞാൻ, എന്നെ അയയ്ക്കുക" എന്ന് പറയുവാനുള്ള ധൈര്യം ഉണ്ടാകണമെന്ന് പാപ്പാ പ്രത്യേകം പറഞ്ഞു.

"ജനങ്ങളുടെ സന്യാസിമാർ", എന്നാണ് ഫ്രാൻസിസ്കൻ സന്യാസിമാർ അറിയപ്പെടുന്നത്. അതിനാൽ സഹോദരങ്ങളോടുള്ള പ്രതിബദ്ധത ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുതയാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.  പ്രയാസമുള്ള സാഹചര്യങ്ങളിൽ പോലും, സംവാദത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും, സംഘർഷങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാനും, ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും, അനുരഞ്ജന സംസ്കാരം പ്രോത്സാഹിപ്പിക്കാനുമുള്ള ഫ്രാൻസിസ്കൻ സന്യാസിമാരുടെ പ്രതിബദ്ധതയും പാപ്പാ പ്രത്യേകം ഓർമിപ്പിച്ചു. സമാധാനത്തിന്റെ മനുഷ്യനെ ആയ ഫ്രാൻസിസ് അസീസിയുടെ ജീവിതമാതൃക പിന്തുടരുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2024, 12:27