തിരയുക

ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ   (ANSA)

സമാധാനം അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ആഗസ്റ്റ് മാസം നാലാം തീയതി ഞായാറാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്നപ്രാർത്ഥനാവേളയിൽ, വിവിധ യുദ്ധങ്ങളിൽ വിഷമമനുഭവിക്കുന്നവരെ പ്രത്യേകം അനുസ്മരിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വിശുദ്ധ നാട്ടിലും, ലോകത്തിലെ മറ്റു പലയിടങ്ങളിലും അരങ്ങേറുന്ന യുദ്ധാനങ്ങളെ അപലപിച്ചുകൊണ്ടും, സമാധാനം പുനസ്ഥാപിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടും ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. ആഗസ്റ്റ് മാസം നാലാം തീയതി വത്തിക്കാൻ ചത്വരത്തിൽ അദ്ദേഹം നയിച്ച മധ്യാഹ്നപ്രാർത്ഥനയുടെ അവസാനത്തിലാണ് ഇത്തരത്തിൽ സമാധാനത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകൾ നടത്തിയത്. മധ്യപൂർവ്വേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, മറ്റു രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന സന്ദേഹം ഉണർത്തുന്നതായും, യുദ്ധം എന്നാൽ ഒരു പരാജയമാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും പാപ്പാ പറഞ്ഞു.

പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്കുവേണ്ടി , പ്രത്യേകമായും കുഞ്ഞുങ്ങൾക്ക് വേണ്ടി  താൻ നിരന്തരം പ്രാർത്ഥിക്കുന്നുവെന്ന് എടുത്തു പറഞ്ഞു. ആക്രമണങ്ങളും കൊലപാതകങ്ങളും ഒരുകാരണവശാലും ഒന്നിനും പരിഹാരമാർഗ്ഗമല്ലെന്നും, വെടിനിർത്തലിനുള്ള ആഹ്വാനം എല്ലാവരും സ്വീകരിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.

നീതിയുടെയും, സമാധാനത്തിന്റെയും പാതയിലൂടെ നടക്കുവാൻ ജനങ്ങളെ അനുവദിക്കണമെന്നും, വെറുപ്പും പ്രതികാരവും സൃഷ്ടിക്കുന്ന യുദ്ധം, സമാധാനത്തിന്റെ ദൈവവചനത്തെ ശ്വാസം മുട്ടിക്കുന്ന ഒന്നുമാത്രമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. മ്യാൻമറിലെ പ്രത്യേകമായ സാഹചര്യത്തെയും പാപ്പാ അനുസ്മരിച്ചു. ആശങ്കകൾ നിലനിൽക്കുന്ന വെനെസ്വേലയിലെ രാഷ്ട്രീയ സാഹചര്യവും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. എല്ലാ കക്ഷികളോടും സത്യം അന്വേഷിക്കാനും മിതത്വം പാലിക്കാനും ഏതെങ്കിലും തരത്തിലുള്ള അക്രമം ഒഴിവാക്കാനും പാപ്പാ അഭ്യർത്ഥിച്ചു. തർക്കങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കാനും,  പക്ഷപാതപരമായ താൽപ്പര്യങ്ങൾ മാറ്റിവച്ചുകൊണ്ട് ജനങ്ങളുടെ പൊതുവായ നന്മ ലക്‌ഷ്യം വച്ചുകൊണ്ട് സേവനം ചെയ്യുവാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 August 2024, 11:56