പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

യുദ്ധങ്ങളും വിവേചനവും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

മധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾക്കുറിച്ച് താൻ ആകുലനാണെന്നും, സംഘട്ടനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കട്ടെയെന്നും ഫ്രാൻസിസ് പാപ്പാ. പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സ്ത്രീകൾക്കെതിരെയുൾപ്പെടെയുള്ള വംശീയവിവേചനം അവസാനിക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടിയന്തിരമായി വെടിനിറുത്തൽ ആവശ്യപ്പെട്ടും, മധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങളിൽ ആകുലത രേഖപ്പെടുത്തിയും ഫ്രാൻസിസ് പാപ്പാ. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, ഓഗസ്റ്റ് ഏഴ് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, പാലസ്തീന-ഇസ്രേയൽ, ഉക്രൈൻ, മ്യാന്മാർ, സുഡാൻ എന്നീ പ്രദേശങ്ങളിലുള്ള സംഘർഷങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചത്.

ഗാസാ പ്രദേശത്തെ സ്ഥിതിവിശേഷം തികച്ചും ഗുരുതരമാണെന്നും, അംഗീകരിക്കാനാകില്ലാത്തതാണെന്നും അഭിപ്രായപ്പെട്ട പാപ്പാ ഈ പ്രദേശത്തുള്ള സംഘട്ടനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിനായി ശ്രമിക്കാൻ സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏവരോടും താൻ മുൻപ് നടത്തിയ അഭ്യർത്ഥന അവർത്തിക്കുന്നുവെന്ന് പറഞ്ഞു.

സമാധാനത്തിനായുള്ള സത്യസന്ധമായ ശ്രമങ്ങൾ നിലവിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കട്ടെയെന്നും, സ്നേഹം വെറുപ്പിനെ തോൽപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. ക്ഷമയാൽ പ്രതികാര ചിന്തകൾ അവസാനിക്കട്ടെയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

പീഡനങ്ങൾ അനുഭവിക്കുന്ന ഉക്രൈൻ, മ്യാന്മാർ, സുഡാൻ എന്നീ പ്രദേശങ്ങൾക്കുവേണ്ടി തന്നോടൊപ്പം പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്ത പാപ്പാ, യുദ്ധങ്ങളാൽ തളർന്ന ഈ ജനതയ്ക്ക്, അവർ ആഗ്രഹിക്കുന്ന സമാധാനത്തിലേക്ക് എത്തിച്ചേരാൻ വേഗം കഴിയട്ടെയെന്ന് ആശംസിച്ചു.

പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും വംശീയവിവേചനങ്ങളും സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങളും അവസാനിക്കാൻവേണ്ടി നമുക്ക് ഒരുമിക്കാമെന്നും, പ്രാർത്ഥിക്കാമെന്നും പാപ്പാ പറഞ്ഞു.

കൂടിക്കാഴ്ചയുടെ അവസാനഭാഗത്ത്, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളിൽ ജനങ്ങളെ അഭിസംബോധന ചെയ്ത വേളയിലാണ് ലോകം കടന്നുപോകുന്ന വിവിധ സംഘർഷങ്ങളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

കഴിഞ്ഞ ഞായറാഴ്ചകളിൽ മധ്യാഹ്നപ്രാർത്ഥന നയിച്ച വേളയിലും ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2024, 15:42