പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

സമാധാനത്തിൻ്റെ സമ്മാനം ദൈവം നൽകട്ടെ: ഫ്രാൻസിസ് പാപ്പാ

ആഗസ്റ്റ് മാസം ഇരുപത്തിയെട്ടാം തീയതി നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസാനം, ലോകത്തിലെ വിവിധ ഇടങ്ങളിൽ നടമാടുന്ന യുദ്ധങ്ങളെ ഫ്രാൻസിസ് പാപ്പാ വേദനയോടെ അപലപിക്കുകയും, സമാധാനം നൽകുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോകത്തിലെ വിവിധയിടങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറഞ്ഞുകൊണ്ട്, പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. ആഗസ്റ്റ് മാസം ഇരുപത്തിയെട്ടാം  തീയതി ബുധനാഴ്ച, വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പൊതുകൂടിക്കാഴ്ച്ചയുടെ അവസാനത്തിലാണ് പാപ്പാ ഹൃദയവേദനയോടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചത്. പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, ഉക്രൈൻ, റഷ്യ, കീവ് എന്നീ ദേശങ്ങളെ പേരെടുത്തു പാപ്പാ പരാമർശിച്ചു.

തന്റെ  കൂടിക്കാഴ്ച്ചയുടെ അവസരങ്ങളിലെല്ലാം ഫ്രാൻസിസ് പാപ്പാ ഈ പ്രാർത്ഥനാഭ്യർത്ഥനകൾ നടത്താറുണ്ട്. കഷ്ടപ്പാടുകൾക്കും വേദനകൾക്കുമിടയിൽ കഴിയുന്ന ജനതയെ പറ്റിയുള്ള പരിശുദ്ധ പിതാവിന്റെ ഉത്കണ്ഠയും വേദനയുമാണ്, ഈ അഭ്യർത്ഥനകൾ തുടർച്ചയായി നടത്തുന്നതിന് കാരണം. പല രാജ്യങ്ങളും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ദൗർഭാഗ്യകരമായ ഈ അവസ്ഥയിൽ, ശത്രുതയും, ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുവാൻ സർവ്വശക്തനോട്  പ്രാർത്ഥിക്കാമെന്നും, കർത്താവ് സമാധാനമെന്ന സമ്മാനം നമുക്ക് നല്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

പോളിഷ് ജനതയെ അഭിസംബോധന ചെയ്ത അവസരത്തിൽ, ഉക്രൈനിൽ നിന്നും അഭയാർഥികളായി എത്തിയവരെ സമരിയകരണടുത്ത കാരുണ്യത്തോടെ സ്വീകരിക്കുകയും, പരിചരിക്കുകയും ചെയ്ത പോളണ്ടിലെ നല്ല ജനതയ്ക്ക് പാപ്പാ നന്ദിയർപ്പിക്കുകയും, ഇനിയും തുടർന്നും ധാരാളം സേവനങ്ങൾ നൽകുവാൻ അവരെ തിരുക്കുടുംബത്തിന്റെ മാധ്യസ്ഥ്യം സഹായിക്കട്ടെയെന്നും എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2024, 15:56