അംഗങ്ങളുമായി പാപ്പാ ആശയവിനിമയം നടത്തുന്നു അംഗങ്ങളുമായി പാപ്പാ ആശയവിനിമയം നടത്തുന്നു   (VATICAN MEDIA Divisione Foto)

സന്ന്യാസ സഭകളിൽ ലൗകീക മാനദണ്ഡമനുസരിച്ച് അധികാരികളെ തിരഞ്ഞെടുക്കരുത്: പാപ്പാ

ആഗസ്റ്റ് മാസം പന്ത്രണ്ടാം തീയതി, നാല് വ്യത്യസ്ത സന്ന്യാസ സഭകളിലെ ചാപ്റ്റർ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും അവർക്കു സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സന്ന്യാസ സമൂഹങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പരിശുദ്ധാത്മാവിന്റെ സഹായം ഏറെ ആവശ്യമാണെന്ന് എടുത്തു പറഞ്ഞു കൊണ്ട് ആഗസ്റ്റ് മാസം പന്ത്രണ്ടാം തീയതി, വത്തിക്കാനിൽ വച്ച് നാലു സന്ന്യാസസമൂങ്ങളിലെ ചാപ്റ്റർ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. ഡൊമിനിക്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് സിക്സ്റ്റസ്, യേശുവിന്റെ തിരുഹൃദയ സൊസൈറ്റിയിലെ സന്യാസിനിമാർ, പ്രസന്റേഷൻ സഹോദരിമാർ, വൊക്കേഷനിസ്റ്റ് വൈദികർ എന്നീ സഭകളിൽ നിന്നുമുള്ള അംഗങ്ങളെയാണ് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചത്. തന്റെ സന്ദേശത്തിൽ, തിരഞ്ഞെടുപ്പുകളിൽ ഓരോ സന്ന്യാസസഭയും, തങ്ങളുടെ സഭാസ്ഥാപകന്റെ ആദർശം ഉയർത്തിപ്പിടിക്കണമെന്നും, ലൗകീകമാനദണ്ഡമല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ പ്രചോദനമാണ് തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കേണ്ടതെന്നും അടിവരയിട്ടു പറഞ്ഞു.

വിവേചനം, പരിശീലനം, ഉപവിപ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്നു ആശയങ്ങൾ മുൻനിർത്തിയാണ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചത്.  കാര്യങ്ങളെ വിവേചിച്ചറിയുക എന്നത് മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും, അത് മനുഷ്യസ്വാതന്ത്യത്തിൽ നിന്നുമായിരിക്കണെമെന്നും പാപ്പാ പറഞ്ഞു.ഇപ്രകാരം കാര്യങ്ങൾ  വിവേചന ബുദ്ധിയോടെ മനസ്സിലാക്കണമെങ്കിൽ, കർത്താവിനെ ശ്രവിക്കണമെന്നും, അവൻ നമുക്ക് നൽകുന്ന നിർദേശങ്ങളെ ജീവിതത്തിൽ പിന്തുടരണമെന്നും, ശരിയായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുമ്പോൾ മാത്രമാണ് യഥാർത്ഥ സന്തോഷം അനുഭവിക്കുവാൻ നമുക്ക് സാധിക്കുകയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

രൂപീകരണത്തിന്റെ ആത്യന്തികലക്ഷ്യം ഈ ഭൂമിയിലുള്ള നേട്ടമല്ല, മറിച്ച് അത് വിശുദ്ധിയിലേക്കുള്ള വളർച്ചയുടെ പാതയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇവിടെ പ്രാർത്ഥനാജീവിതം നമ്മെ ഏറെ സഹായിക്കുമെന്നും, കൂദാശാജീവിതവും, ആരാധനയും ജീവിതത്തിൽ കൂടുതൽ ത്വരിതപ്പെടുത്തണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വിനയത്തോടെയും നിരന്തരമായും സ്വയം "രൂപീകരണത്തിൽ" ആണെന്ന് സ്വയം തിരിച്ചറിയുന്നവർക്ക് മാത്രമേ നല്ല പരിശീലകർ ആകാൻ സാധിക്കുകയുള്ളു എന്നും പാപ്പാ പറഞ്ഞു. നാടകീയമായ മനുഷ്യബന്ധങ്ങൾക്കിടയിൽ, അസ്വസ്ഥതയ്ക്കു പകരം സമാധാനത്തിന്റെ സാമീപ്യം പ്രദാനം ചെയ്യുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സഭകളുടെ ആത്യന്തിക ദൗത്യമായ ഉപവിപ്രവർത്തനങ്ങളെ പറ്റിയും പാപ്പാ സംസാരിച്ചു. ദരിദ്രരുടെ മുഖങ്ങൾ നിരന്തരം നിങ്ങളുടെ കൺമുന്നിൽ കാണുന്നതിനും, അവർക്കു ദൈവസ്നേഹം പങ്കുവയ്ക്കുന്നതിനും, നമ്മെ തന്നെ വിട്ടുനല്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. അന്ത്യനാളുകളിൽ എത്രമാത്രം പഠിച്ചുവെന്നോ, എത്ര ഡിഗ്രികൾ സ്വന്തമാക്കിയെന്നോ അല്ല ചോദിക്കുകയെന്നും, മറിച്ച് ചെറിയവർക്കു നൽകിയ സ്നേഹവും, പരിഗണനയും ആയിരിക്കും ചോദ്യവിഷയങ്ങളെന്നും, മത്തായി ശ്ലീഹായുടെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. അതിനാൽ ആളുകളെ ഉപേക്ഷിക്കുന്ന സംസ്കാരം വച്ചുപുലർത്തരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വ്യക്തിത്വവാദത്തിൽ നിന്നും വിഭജനത്തിൽ നിന്നും ഉരുത്തിരിയുന്ന കാര്യങ്ങളെ ഉപേക്ഷിച്ചുകൊണ്ട്, മറ്റുള്ളവരെ ചേർത്തുനിർത്തുവാൻ എപ്പോഴും ശ്രദ്ധാലുക്കളാകണമെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2024, 13:19