തിരയുക

കുടുംബാംഗങ്ങളെ  വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു കുടുംബാംഗങ്ങളെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു   (VATICAN MEDIA Divisione Foto)

പ്രത്യാശ നമ്മെ നിരാശപ്പെടുത്തുന്നില്ല: ഫ്രാൻസിസ് പാപ്പാ

നാല് വർഷം മുമ്പ് ലെബനൻ തലസ്ഥാനത്തുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2020 ഓഗസ്റ്റ് 4 ന് ബെയ്റൂട്ട് തുറമുഖത്തെയും നഗരത്തിൻ്റെ ഒരു ഭാഗത്തെയും തകർത്ത് 235 പേരുടെ മരണത്തിനും 6,500 പേർക്ക് ഗുരുതര പരിക്കുകൾക്കും ഇടവരുത്തിയ സ്‌ഫോടനത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങളെ വികാരവായ്പ്പോടെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു, അവരുമായി സംസാരിച്ചു. സംഭാഷണത്തിൽ, ലെബനനിലെ നിലവില്ലാതെ രാഷ്ട്രീയ, സാമൂഹ്യ അവസ്ഥകളും പാപ്പാ എടുത്തുപറഞ്ഞു. 'പീഡിതരായ ജനതയാണ് ലെബനനിലേത്' എന്ന് തന്റെ സന്ദേശത്തിനിടെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. സ്‌ഫോടനത്തിൽ ഇരകളായവർക്കുവേണ്ടി താൻ പ്രാർത്ഥിച്ചുവെന്നും, തന്റെ പ്രാർത്ഥനകൾ ഇന്നും തുടരുന്നുവെന്നും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.

സ്‌ഫോടനത്തിൽ മരണമടഞ്ഞ ഒരു വ്യക്തികളെയും സ്വർഗ്ഗസ്ഥനായ പിതാവ് വ്യക്തിപരമായി അറിയുന്നുണ്ടെന്നും, ഇന്ന് സ്വർഗത്തിൽ നിന്നുകൊണ്ട് അവർ ലെബനൻ ജനതയുടെ കഷ്ടപ്പാടുകൾ കണ്ടുകൊണ്ട് നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രത്യേകം പറഞ്ഞു. പരസ്പരവിരുദ്ധമായ ശക്തികളും താൽപ്പര്യങ്ങളും ഉടലെടുക്കുന്ന ലെബനൻ സമൂഹത്തിൽ സത്യവും നീതിയും എല്ലാറ്റിനും മേൽ ആധിപത്യം പുലർത്തണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. "ലെബനനിലും, പലസ്തീനിലും, ഇസ്രായേലിലും യുദ്ധം കാരണം ഓരോ ദിവസവും നിരവധി നിരപരാധികൾ  മരിക്കുന്നതു  കാണുന്നതിന്റെ വേദന  അവരോടൊപ്പം  താനും അനുഭവിക്കുന്നു"വെന്ന് പാപ്പാ പറഞ്ഞു.

"യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ്, രാഷ്ട്രീയത്തിന്റെ പരാജയമാണ്, മാനവികതയുടെ പരാജയമാണ്, ലജ്ജാകരമായ കീഴടങ്ങലാണ്", പാപ്പാ പറഞ്ഞു. ലെബനൻ ഒരു സമാധാന പദ്ധതിയാണെന്നുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും ഫ്രാൻസിസ് പാപ്പാ ഉദ്ധരിച്ചു. വ്യത്യസ്ത സമുദായങ്ങൾ സഹവർത്തിത്വം പുലർത്തുന്ന, പ്രത്യേക നേട്ടങ്ങൾക്ക് മുന്നിൽ പൊതുനന്മയ്ക്ക് പ്രാധാന്യം നൽകുന്ന സാഹോദര്യത്തിന്റെ നാടാണ് ലെബനൻ എന്നും പാപ്പാ എടുത്തുപറഞ്ഞു. അതിനാൽ നിരാശപ്പെടുത്താത്ത ദൈവത്തിലുള്ള പ്രത്യാശയിൽ മുൻപോട്ടു പോകുവാൻ പാപ്പാ പ്രത്യേകം ആഹ്വാനം ചെയ്തു. തന്റെ പ്രാർത്ഥനകളിൽ എപ്പോഴും ലെബനൻ ജനതയുണ്ടാകുമെന്ന ഉറപ്പും പാപ്പാ നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2024, 14:30