തിരയുക

അറബ് നാടുകളിൽ നിന്നുള്ള മെത്രാന്മാർക്കൊപ്പം ഫ്രാൻസിസ് പാപ്പാ അറബ് നാടുകളിൽ നിന്നുള്ള മെത്രാന്മാർക്കൊപ്പം ഫ്രാൻസിസ് പാപ്പാ   (Vatican Media)

മെത്രാന്മാർ പ്രത്യാശയുടെ അടയാളങ്ങളായിരിക്കണം: ഫ്രാൻസിസ് പാപ്പാ

അറബ് മേഖലയിലെ ലത്തീൻ മെത്രാൻ സമിതി അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മധ്യപൂർവേഷ്യയിലും മറ്റു അറബ് മേഖലകളിലും ഉള്ള ലത്തീൻ സഭയിലെ മെത്രാൻ സമിതി അംഗങ്ങളുമായി ആഗസ്റ്റ് മാസം ഇരുപത്തിയെട്ടാം തീയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തുകയും, അവർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. അറബ് മേഖലയിലെ ലത്തീൻ മെത്രാൻ സമിതിയുടെ പ്ലീനറി സമ്മേളനത്തിനു വേണ്ടി എത്തിച്ചേർന്നവരാണ് അംഗങ്ങൾ. തന്റെ സന്ദേശത്തിൽ, ഫ്രാൻസിസ് പാപ്പാ, ഇന്ന് മധ്യ പൂർവ്വേഷ്യ പ്രവിശ്യകളിൽ നിലനിൽക്കുന്ന അസ്വസ്ഥതയെ എടുത്തു പറയുകയും, മെത്രാന്മാർ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്യുകയുംചെയ്തു.

സംഘർഷം വിട്ടുമാറാത്ത ഈ ഭൂമിയിൽ, സമാധാനപരിശ്രമങ്ങൾ ഒന്നു പോലും ഫലം കാണുന്നില്ലെന്നുള്ള തോന്നലുകൾ ഉണ്ടാകുന്നുവെന്നും, ഇത് മറ്റു ഇടങ്ങളിലേക്കും സംഘർഷങ്ങൾ വ്യാപിക്കുന്നതിനു ഇടവരുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. നിരവധി മരണങ്ങൾക്കും, നാശനഷ്ടങ്ങൾക്കും കാരണമായ യുദ്ധം മറ്റു ഇടങ്ങളിലെക്ക് വ്യാപിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

മെത്രാന്മാർ പ്രതിനിധാനം ചെയ്യുന്ന, വേദനിക്കുന്ന സഭകളോടുള്ള തന്റെ അടുപ്പവും പാപ്പാ എടുത്തു പറഞ്ഞു. എല്ലാവരുമായും ആദരവോടെയും ആത്മാർത്ഥമായും സംഭാഷണം നടത്തുന്നതിലൂടെ  വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ കർത്താവ് എല്ലായ്പ്പോഴും നിങ്ങൾക്ക് ശക്തി നൽകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സമാധാനം, സാഹോദര്യം, ബഹുമാനം  എന്നീ പുണ്യങ്ങൾ മുൻവയ്ക്കുന്ന ഒരു ജീവിതമാതൃകയിലൂടെ മെത്രാന്മാർ പ്രത്യാശയുടെ അടയാളങ്ങളായി മാറണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

"നിങ്ങളുടെ അജപാലന സംരംഭങ്ങളിൽ നിങ്ങൾക്ക് നല്ല പ്രവർത്തനവും ഞാൻ ആശംസിക്കുന്നു. പ്രത്യേകിച്ചും, ക്രിസ്തീയ സാന്നിദ്ധ്യം ന്യൂനപക്ഷമായ സന്ദർഭങ്ങളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മതിയായ ക്രിസ്തീയ രൂപീകരണം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും മികച്ചതും ഫലപ്രദവുമായ മാർഗ്ഗം കണ്ടെത്തുവാനും, നൽകുവാനും നിങ്ങൾക്ക് സാധിക്കട്ടെ", പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2024, 16:02