തിരയുക

ഡോ.എലേന ബെക്കാല്ലിയെ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു ഡോ.എലേന ബെക്കാല്ലിയെ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു   (VATICAN MEDIA Divisione Foto)

തിരുഹൃദയ കത്തോലിക്കാ സർവകലാശാല മേധാവിയുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി

ഇറ്റലിയിലെ പ്രസിദ്ധമായ തിരുഹൃദയ കത്തോലിക്കാ സർവകലാശാല പ്രഥമ വനിതാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എലേന ബെക്കാല്ലിയെ, ആഗസ്റ്റ് മാസം പന്ത്രണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ  സിറ്റി

ലോകോത്തരമേഖലയിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള  തിരുഹൃദയ കത്തോലിക്ക സർവകലാശാലയുടെ ചരിത്രത്തിലെ,  ആദ്യ വനിത മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എലേന ബെക്കാല്ലിയെ ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ചയിൽ, സ്വീകരിച്ചു ആശയവിനിമയം നടത്തി. ലോകത്തിൽ ഇപ്പോൾ നിലനിൽക്കുന്ന വിദ്യാഭ്യാസ അടിയന്തരാവസ്ഥയെ കുറിച്ചുള്ള  ആശയങ്ങൾ  ചർച്ചയിൽ പ്രധാന വിഷയമായി. 2024 ജൂലൈ മാസം ഒന്നാം തീയതിയാണ് എലേനയെ റെക്ടർ പദവി നൽകി സർവകലാശാലയുടെ മേധാവിയായി നിയമിക്കുന്നത്. നാലുവർഷത്തെ കാലാവധിയിലേക്കാണ് നിയമനം.

കൂടിക്കാഴ്ചയുടെ അവസരത്തിൽ, സർവകലാശാലയുമായി ഫ്രാൻസിസ് പാപ്പാ പുലർത്തുന്ന അടുപ്പത്തിനും, താത്പര്യത്തിനും ബെക്കല്ലി നന്ദി പ്രകാശിപ്പിച്ചു. സാർവത്രിക സഭയ്ക്കുവേണ്ടിയും, ഇറ്റാലിയൻ സമൂഹത്തിനു വേണ്ടിയും പാപ്പാ നൽകുന്ന നിസ്വാർത്ഥമായ സേവനങ്ങളെയും എലേന അനുസ്മരിച്ചു. കാലത്തിനനുസരിച്ചു, മാറ്റത്തിന് വിധേയമാകുന്ന ഒരു സർവകലാശാലക്ക്, പുതിയ തലമുറയിലെ ആളുകളെ മനസിലാക്കുവാൻ സാധിക്കുമെന്നും, അപ്രകാരം ജീവിതത്തിൽ അവരെ അനുഗമിക്കുവാൻ സാധിക്കുമെന്നുമുള്ള ആശയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.

സർവ്വകലാശാലയെന്നാൽ, സമഗ്രമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം വളർത്തിയെടുക്കേണ്ടതാണെന്നും, സാമൂഹികമാനം വളർത്തിയെടുത്തുകൊണ്ട്, സത്യത്തിനുവേണ്ടിയുള്ള അന്വേഷണം ത്വരിതപ്പെടുത്തേണ്ടതാണെന്നുമുള്ള ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു. തുടർന്ന് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സർവകലാശാല, അതിന്റെ വിവിധ ഇടങ്ങളിൽ നടപ്പിലാക്കുവാൻ പോകുന്ന പദ്ധതികളും ഡോ. എലേന വിശദീകരിച്ചു. ഇറ്റലിയിലെ മിലാൻ, റോം, ബ്രെഷ, പ്യാച്ചെൻസ, ക്രേമോണ എന്നിവിടങ്ങളിലായിട്ടാണ് സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2024, 13:15