പൊതു ചാപ്റ്റർ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ പൊതു ചാപ്റ്റർ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ   (Vatican Media)

യുവജനങ്ങൾക്ക് ആവശ്യം ദൈവത്തെയാണ്: ഫ്രാൻസിസ് പാപ്പാ

ആഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി, ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസസമൂഹത്തിലെ പതിനെട്ടാമത് പൊതു ചാപ്റ്ററിൽ സംബന്ധിച്ചഅംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

1878-ൽ സെൻ്റ് ജോസഫ് മാരെല്ലോ സ്ഥാപിച്ച  ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസസമൂഹത്തിലെ, പതിനെട്ടാമത് പൊതു ചാപ്റ്ററിൽ സംബന്ധിച്ച അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ആഗസ്റ്റ് മാസം ഇരുപത്തിയാറാം  തീയതി വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. സന്ദേശത്തിൽ, ഇന്നത്തെ സമൂഹത്തിൽ യുവാക്കളുടെ ദൈവാന്വേഷണത്തിനു സന്യാസസമൂഹം നൽകേണ്ടുന്ന സേവനത്തെക്കുറിച്ചു പാപ്പാ പ്രത്യേകം സംസാരിച്ചു. ഇന്ന് യുവജനങ്ങൾക്ക് നമ്മെ അല്ല ആവശ്യമെന്നും, അവർക്കാവശ്യം ദൈവത്തെയാണെന്നും പാപ്പാ പറഞ്ഞു.

ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് ഇറ്റലിയിലെ പിയേമോന്തേ പ്രവിശ്യയിലാണ് ആരംഭിച്ചതെന്നും, തന്റെ കുടുംബത്തിന്റെയും വേരുകൾ അതേ പ്രവിശ്യയിൽ തന്നെയാണെന്നും പാപ്പാ പറഞ്ഞു. സഭയുടെ സ്ഥാപകന്റെ വിശുദ്ധി അഭംഗുരം കാത്തുസൂക്ഷിക്കുവാനും, സഭയ്ക്കും സമൂഹത്തിനുമായുള്ള ഉത്തരവാദിത്വങ്ങളിൽ പൂർണ്ണസമർപ്പണത്തോടെ ജീവിക്കുവാനും സഭയിലെ അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു. കൃതജ്ഞതയുടെയും, ഉത്തരവാദിത്വത്തിന്റെയും മനോഭാവങ്ങൾ എടുത്തു പറഞ്ഞ പാപ്പാ, വിശുദ്ധ യൗസേപ്പിതാവിൽ  വിളങ്ങിയിരുന്ന വിവിധ പുണ്യങ്ങൾ അടിവരയിട്ടു പറഞ്ഞു.  തിരുക്കുടുംബത്തിന്റെ കാവൽക്കാരനായിരുന്ന വിശുദ്ധ യൗസേപ്പിതാവ്, സന്യാസഭയ്ക്കും വലിയ ഒരു മാതൃകയും തുണയുമാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. പ്രതീക്ഷകൾക്കെല്ലാം വിപരീതമായി, ഉദാരമായ വിശ്വാസത്തോടെ ദൈവപുത്രനെ തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചവനാണ് വിശുദ്ധ യൗസേപ്പ്. ഇതുപോലെ സന്യാസജീവിതത്തിൽ സഭയിലെ അംഗങ്ങൾ അനുദിനം യേശുവിനോടൊപ്പം ജീവിക്കണമെന്ന് പാപ്പാ പറഞ്ഞു.

വിശുദ്ധ യൗസേപ്പിതാവ് എപ്രകാരം ദൈവത്തിൽ ശക്തിപ്പെട്ടുകൊണ്ട്, തന്റെ ബലഹീനതകളെ അതിജീവിച്ചുവോ, അതുപോലെതന്നെ ദൈവത്തോട് ചേർന്നുനിന്നാൽ മാത്രമേ നമ്മുടെ കുറവുകളെ അതിജീവിക്കുവാൻ സാധിക്കുകയുള്ളൂ. അതിനാൽ കൂദാശാജീവിതത്തിലൂടെയും, ദൈവവചനവായനയും, ശ്രവണവും വഴിയായും, സമൂഹത്തിലും, വ്യക്തിപരമായുമുള്ള ആരാധന വഴിയായും  പ്രാർത്ഥനയുടെ ജീവിതം കെട്ടിപ്പടുക്കുവാൻ സഭാ അംഗങ്ങളെ പാപ്പാ ഓർമ്മിപ്പിച്ചു. നാമെല്ലാവരും കർത്താവിനോട് വളരെ അടുത്ത് നിൽക്കേണ്ടതുണ്ടെന്നും പാപത്തിലേക്ക് വഴുതിവീഴാൻ തുടങ്ങുമ്പോൾ കർത്താവിനോടു ചേർന്നുനിന്നുകൊണ്ട് ആ സാഹചര്യങ്ങളെ മറികടക്കുവാൻ സാധിക്കുമെന്നും പാപ്പാ പറഞ്ഞു. യുവാക്കൾക്ക് നന്മയ്‌ക്കുള്ള വലിയ സാധ്യതയുണ്ടെന്നും, ജ്ഞാനികളും ക്ഷമാശീലരും ഉദാരമതികളുമായ വഴികാട്ടികൾ പിന്തുണയ്‌ക്കുകയും അനുഗമിക്കുകയും ചെയ്‌താൽ അവരിൽ നിന്നും ധാരാളം ഫലം പുറപ്പെടുമെന്നും, ഇതാണ് സന്യസ്തരെന്ന നിലയിൽ നമ്മുടെ കടമയും, ദൗത്യവുമെന്നും പാപ്പാ ഉപസംഹാരമായി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2024, 14:26