മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

കേരളക്കരയെ ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പാ

കേരളത്തിൽ ഉണ്ടായ ഉരുൾ പൊട്ടലിലും, മണ്ണിടിച്ചിലിലും മരണപ്പെട്ടവർക്കു വേണ്ടിയും, ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയും ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോകമനഃസാക്ഷിയെ സങ്കടക്കടലിൽ ആഴ്ത്തിയ വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിഷമമനുഭവിക്കുന്ന  എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും, കേരളജനതയ്ക്കു മുഴുവൻ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. ആഗസ്റ്റ് മാസം നാലാം തീയതി, വിവിധ രാജ്യക്കാരായ  പതിനായിരങ്ങൾ ഒത്തുചേർന്ന   വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനമാണ്, വേദനയോടെ ഫ്രാൻസിസ് പാപ്പാ കേരളത്തിലെ  ജനതയെ അനുസ്മരിച്ചത്.

കനത്ത മഴ മൂലമുണ്ടായ ഉരുൾ പൊട്ടലിലും, മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവർക്ക് പാപ്പാ തന്റെ പ്രാർത്ഥനകൾ അർപ്പിച്ചു. വാസസ്ഥലങ്ങൾ നഷ്ടപ്പെട്ടവരോടും, പരിക്കുകൾ ഏറ്റവരോടും, ബന്ധുക്കളെ നഷ്ടപ്പെട്ടവരോടും ഫ്രാൻസിസ് പാപ്പായുടെ ആത്മീയമായ അടുപ്പവും, സഹതാപവും അദ്ദേഹം അറിയിച്ചു. ഒപ്പം തന്റെ പ്രാർത്ഥനകളിൽ, തന്നെ ശ്രവിക്കുന്ന എല്ലാവരും പങ്കുചേരണമേയെന്ന അഭ്യർത്ഥനയും പാപ്പാ നടത്തി.

ഇതുവരെ ഏകദേശം 380 ഓളം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. ഇനിയും 180 ലധികം ആളുകളെ കാണാനുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിരവധി രക്ഷാപ്രവർത്തകരും, പൊതുജനങ്ങളുമാണ് രാവും,  പകലും സംഭവ സ്ഥലത്ത് തിരച്ചിലുകൾ നടത്തുന്നത്. കത്തോലിക്കാസഭയും, സകലസഹായവും സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദേവാലയങ്ങളും, സ്ഥാപനങ്ങളും രക്ഷാപ്രവർത്തന ആവശ്യങ്ങൾക്കായി വിട്ടുനൽകിയിരിക്കുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 August 2024, 11:17