ലാഭത്തോടൊപ്പം, സേവനവും സംരംഭങ്ങളുടെ ലക്ഷ്യമാകണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളെ അടിസ്ഥാനമാക്കി, വൈദ്യുതോർജ്ജ ഉപഭോഗത്തിൽ വിപ്ലവം സൃഷ്ടിച്ച, ഇറ്റലിയിലെ ഏറ്റവും വലിയ സംരംഭമായ 'തേർന'യുടെ നിർവാഹക സമിതി അംഗങ്ങൾക്കും, ജീവനക്കാർക്കും ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചു. ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി രാവിലെയാണ്, അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ സന്ദർശിച്ച് അവർക്കു സന്ദേശം നൽകിയത്. ഊർജ്ജവിതരണത്തിൽ സംരംഭം നൽകുന്ന സേവനങ്ങളെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുകയും, ഇനിയും പൊതുഭവനത്തിന്റെ സംരക്ഷണത്തിനായുള്ള പ്രതിബദ്ധത ഓർമ്മിപ്പിക്കുകയും ചെയ്തു.
യുദ്ധങ്ങൾ, അന്യായമായ തൊഴിൽ ബന്ധങ്ങളും, ചൂഷണവും, ഭീമമായ ലാഭം ഏതാനും കൈകളിൽ ചുരുങ്ങുന്ന അവസ്ഥ, വൃത്തിഹീനത എന്നിങ്ങനെ തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന വിവിധ തിന്മകളെ പാപ്പാ ചൂണ്ടിക്കാണിച്ചു. ഉൽപാദനവും ഉപഭോഗവും കൂടുതൽ തുല്യവും സമഗ്രവുമായി മാറണമെന്ന ആശയവും പാപ്പാ പങ്കുവച്ചു. 'തേർന' കമ്പനി, തങ്ങളുടെ പ്രവർത്തനങ്ങൾ വഴി കൊണ്ടുവരുന്ന നിരവധി നന്മകളെ പാപ്പാ അടിവരയിട്ടു പറഞ്ഞു. ഉത്തരവാദിത്വത്തോടെയും, പ്രതിബദ്ധതയോടെയുമുള്ള അവരുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്നു പാപ്പാ കൂട്ടിച്ചേർത്തു.
സുതാര്യതയോടെ നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, ലാഭം എങ്ങനെ വിതരണം ചെയ്യുന്നു, നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നു എന്നത് പൊതുജനത്തെ കാണിച്ചുകൊടുക്കുന്നത്, മാതൃകാപരമാണെന്നും പാപ്പാ പറഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നൈതികസമിതിയുടെ പ്രവർത്തനവും എല്ലാവർക്കും സ്വാഗതാർഹമാകണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. മനുഷ്യ സഹകരണത്തിന്റെയും പരസ്പരബന്ധത്തിന്റെയും മനോഹരമായ ശൃംഖലയിലൂടെ, ഇന്ന് മധ്യപൂർവേഷ്യയിലും, ആഫ്രിക്കയിലും കമ്പനി നടത്തുന്ന മാനുഷികസേവനങ്ങളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. നാട്ടിൻപുറങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനും, യുദ്ധസമയത്തുള്ള ഊർജ്ജക്ഷാമം പരിഹരിക്കുന്നതിനും കമ്പനി എടുത്ത പ്രവർത്തനങ്ങളെ പാപ്പാ പ്രത്യേകം നന്ദിയോടെ ഓർത്തു. എല്ലാവർക്കും പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത പാപ്പാ, തനിക്കുവേണ്ടിയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: