വേനൽക്കാല ക്യാമ്പിൽ സംബന്ധിക്കുന്നവർ വേനൽക്കാല ക്യാമ്പിൽ സംബന്ധിക്കുന്നവർ  

നീതിയും, സാഹോദര്യവും ഉറപ്പുവരുത്തുന്ന ഒരു ലോകത്തിനായി യുവജനങ്ങൾ യത്നിക്കുക: ഫ്രാൻസിസ് പാപ്പാ

തുർക്കിയിലെ അനറ്റോലിയ അപ്പസ്തോലിക വികാരിയേറ്റിന്റെ കീഴിലുള്ള വിവിധ സമൂഹങ്ങളിൽ നിന്നുള്ള യുവജനങ്ങൾ, ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന വേനലവധി കൂട്ടായ്മയിൽ പങ്കെടുത്തു. തദവസരത്തിൽ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഫ്രാൻസിസ് പാപ്പാ പിതൃവാത്സല്യത്തോടെ ഒരു എഴുത്ത് അയയ്ക്കുകയും ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് മാസം പത്തു മുതൽ പതിഞ്ചാം തീയതി വരെ, തുർക്കിയിലെ തെറിസ്‌ബോന്ധയിൽ നടന്ന യുവജനങ്ങളുടെ വേനലവധി ക്യാംപിൽ ധാരാളം ആളുകൾ പങ്കെടുത്തു. അനറ്റോലിയ അപ്പസ്തോലിക വികാരിയേറ്റിന്റെ കീഴിലുള്ള വിവിധ സമൂഹങ്ങളിൽ നിന്നുള്ള യുവജനങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്. കഴിഞ്ഞ 2006, ഫെബ്രുവരി അഞ്ചാം തീയതി, ഫാ. അന്ദ്രേയ സന്തോരോ എന്ന വൈദികൻ രക്ഷതാക്ഷിത്വം വരിച്ച ഇടത്താണ് യുവജനങ്ങൾ തങ്ങളുടെ സംഗമവും സംഘടിപ്പിച്ചത്. ധ്യാനവും, പ്രാർത്ഥനയും, വിനോദകൂട്ടായ്‌മകളുമൊക്കെയായി നടന്ന ക്യാംപിനു നേതൃത്വം നൽകിയത് വികാരിയാത്തിന്റെ സഹായമെത്രാൻ, മോൺസിഞ്ഞോർ അന്തുവാൻ ഇൽജിത് ആയിരുന്നു. ക്യാമ്പിൽ സംബന്ധിച്ച യുവജനങ്ങളെ അഭിസംബോധന ചെയ്തു ഫ്രാൻസിസ് പാപ്പാ അയച്ച സന്ദേശം ഏറെ ആവേശമുണർത്തിയതായി, മോൺസിഞ്ഞോർ അഭിമുഖസംഭാഷണത്തിൽ പങ്കുവച്ചു.

കത്തിൽ,  "എല്ലായ്‌പ്പോഴും സന്തോഷത്തോടും പ്രതീക്ഷയോടും കൂടി മുന്നോട്ട് പോകാനും" "കൂടുതൽ നീതിയും സാഹോദര്യവും കൂടുതൽ മനോഹരവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ" തങ്ങളെത്തന്നെ പ്രതിജ്ഞാബദ്ധരാക്കാനും പാപ്പാ യുവജനങ്ങളെ അഭിസംബോധന ചെയ്യുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രാർത്ഥിക്കുവാനും, പരസ്പരം അറിയുന്നതിനും, പങ്കുവയ്ക്കുവാനുമായി ഒത്തുചേരുന്ന നിമിഷങ്ങൾ ഏറെ സന്തോഷകരമാണെന്നും പാപ്പാ പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ കത്ത്, മോൺസിഞ്ഞോർ ഇൽജിത് തർജമ ചെയ്തു എല്ലാവർക്കും  വേണ്ടി വായിച്ചു. വികാരിയത്തിലെ അംഗങ്ങളായ യുവജനങ്ങൾക്ക് പരസ്പരം കണ്ടുമുട്ടുവാനുള്ള വലിയ ഒരു അവസരമാണിതെന്ന് ബിഷപ്പ് പറഞ്ഞു.

നിരവധി നാശനഷ്ടങ്ങൾ സൃഷ്ടിച്ച അനറ്റോലിയ വികാരിയത്തിലെ അംഗങ്ങളോട് ഫ്രാൻസിസ് പാപ്പാ പ്രത്യേകം അടുപ്പം പ്രകടിപ്പിച്ചിരുന്നതായും, യുവജനങ്ങളുടെ ഈ സംഗമത്തിന് ഒരു എഴുത്തു വഴി പരിശുദ്ധ പിതാവ് കാണിച്ച പിതൃവാത്സല്യത്തിന് എല്ലാവരും കടപ്പെട്ടിരിക്കുന്നതായും മോൺസിഞ്ഞോർ കൂട്ടിച്ചേർത്തു. പാപ്പായോടുള്ള നന്ദിസൂചകമായി യുവജനങ്ങളും ഒരു എഴുത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും, അധികം താമസിയാതെ ആ എഴുത്ത് കൈമാറുമെന്നും മോൺസിഞ്ഞോർ പറഞ്ഞു. അദ്ദേഹത്തിൻ്റെ ആത്മീയ സാമീപ്യം അനുഭവിക്കാൻ തങ്ങൾക്ക് ലഭിച്ച അവസരം, തങ്ങൾക്ക് ശക്തി പകരുന്നതായി യുവജനങ്ങൾ കത്തിൽ രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അഭയാർഥികളായി, സ്വന്തം നാടുപേക്ഷിച്ചുപോകുവാൻ വിധിക്കപെട്ട തുർക്കിയിലെ യുവജനങ്ങൾക്ക് ജീവിതലക്ഷ്യം കൈവരിക്കുവാൻ അവരെ സഹായിക്കുക എന്നതാണ് വികാരിയത്തിന്റെ പ്രധാന അജപാലനശുശ്രൂഷയെന്നും അദ്ദേഹം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2024, 13:49